259. വൃഷ്ടിരൂപാഃ – സമൂഹത്തിന്റെ ഭാഗമായ ഓരോജീവിയെയും വസ്തുവിനെയും വൃഷ്ടി എന്നുപറയാം. വൃഷ്ടിഭാവവും വ്യക്തിത്വവും ഒരേ അര്‍ത്ഥമുള്ള പദങ്ങളാണ്. ലോകമാകെ വ്യാപിച്ചു വര്‍ത്തിക്കുന്ന ദേവീചൈതന്യം ഓരോ ഘടകത്തിലും വേവ്വേറെയായും പ്രവര്‍ത്തിക്കുന്നു. സമഷ്ടിയും വ്യഷ്ടിയും ദേവി തന്നെയാണ്.
260. വിരാഡ്രൂപാഃ – വിവിധ ലോകങ്ങള്‍ അവയവങ്ങളായുള്ളതും എല്ലാത്തിനും അതീതവുമായ രൂപമുള്ളവള്‍. 231-ാം നാമമായ ‘മഹാരൂപാ’ എന്നു പദത്തിന്റെ വ്യാഖ്യാനത്തില്‍ ദേവിയുടെ രൂപവര്‍ണന ലളിതോപാഖ്യാനത്തില്‍നിന്ന് ഉദ്ധരിച്ചു ചേര്‍ത്തിരുന്നു. ആ വര്‍ണന ദേവിയുടെ വിരാഡ്രൂപം ഉള്‍ക്കൊള്ളുന്നു.
261. ബൃഹദ്രുപാഃ – ഏറ്റവും വലുതായ രൂപമുള്ളവള്‍. വിരാഡ്രൂപാ എന്ന മുന്‍നാമം ദേവിയുടെ ഒരു ബൃഹദ്രൂപത്തെയാണു കുറിക്കുന്നത്.
262. തനീയസീഃ – ഏറ്റവും ചെറിയ രൂപമുള്ളവള്‍. ഏറ്റവും വലുതും ഏറ്റവും ചെറുതുമാണു മൂകാംബികയുടെ രൂപം എന്നുപറയുന്നതില്‍ പ്രത്യക്ഷമായ വൈരൂദ്ധ്യമുണ്ട് എന്നു തോന്നാം. വലുപ്പച്ചെറുപ്പങ്ങളെക്കുറിച്ചു നാമുണ്ടാക്കിയിട്ടുള്ള ധാരണകളാണ് ഈ പ്രതീതിക്കു കാരണം.
നമ്മുടെ ജ്ഞാനേന്ദ്രിയങ്ങളുടെ ഘടനയെ ആശ്രയിച്ചാണു വലുതെന്നും ചെറുതെന്നും നാം കരുതുന്നത്. അണുവിലും അണുവായി നാം കരുതുന്ന ഒരു കണികയ്‌ക്കുള്ളില്‍ അനേകം ബ്രഹ്മാണ്ഡങ്ങള്‍ ഉണ്ടെന്നുവരാം. നാം ക്ഷണം എന്നു കരുതുന്ന കാലയളവിനുള്ളില്‍ അനേകം യുഗങ്ങളുണ്ടെന്നു വരാം. ഇന്ദ്രിയവിഷയമായ ജ്ഞാനത്തെ തോതാക്കി ദേവിയുടെ രൂപത്തെയോ പ്രഭാവത്തെയോ മനസ്സിലാക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല.
263. സച്ചിദാനന്ദലക്ഷ്യാര്‍ത്ഥാഃ – സത്ത്, ചിത്തം, ആനന്ദം എന്നിവകൊണ്ട് അറിയപ്പേടേണ്ട അര്‍ത്ഥമായുള്ളവള്‍, സച്ചിദാനന്ദരൂപിണി. ശാശ്വതവും ചൈതന്യരൂപവുമായ ഈശ്വരവിഭൂതിയാണു സത്ത്. പരമമായ സത്യം, സര്‍വോത്തമമായ ഉണ്മ എന്നു നിര്‍വചിക്കാം.
ചിത്ത് എന്ന പദത്തിനു വിശേഷ ജ്ഞാനം, ശുദ്ധജ്ഞാനം, പരമാത്മാവ്, ഹൃദയം, മനസ്സ് എന്നീ അര്‍ത്ഥങ്ങള്‍ സന്ദര്‍ഭാനുസരണം പറയാം. ആനന്ദം പരമാത്മാവിന്റെ ശാശ്വതഭാവമാണ്. എല്ലാത്തിലും വ്യാപിക്കുന്നതോടൊപ്പം എല്ലാത്തിനും അതീതമായി വര്‍ത്തിക്കല്‍. ഈ മൂന്നു പദങ്ങളും ചേര്‍ന്ന് സച്ചിദാനന്ദം എന്ന പദം.
മൂര്‍ത്തമല്ലാത്ത മൂന്ന് ആശയങ്ങളുടെ ഐക്യം കുറിക്കുന്ന സച്ചിദാനന്ദം ആവിഷ്‌ക്കരിക്കുന്ന ശാശ്വതവും ശുദ്ധജ്ഞാനരൂപവും വിഷയബന്ധമില്ലാത്ത ആനന്ദരൂപവുമായ ചൈതന്യം ദേവിതന്നെയാണ്.
264. അജ്ഞാനധ്യാന്തദീപികാഃ – അജ്ഞാനമാകുന്ന ഇരുട്ടിനെ നശിപ്പിക്കുന്ന ദീപമായവള്‍. ജ്ഞാനത്തെ പ്രകാശമായും അജ്ഞാനത്തെ ഇരുട്ടായും സങ്കല്‍പിക്കാറുണ്ട്. ദേവീസ്മരണകൊണ്ട് മനസ്സില്‍ അജ്ഞാനം നശിച്ച് ജ്ഞാനപ്രകാശം പരക്കും.
…. തുടരും
















