ഒരു പതിവ്രത ഗൃഹകാര്യങ്ങളില്‍ അനുനിമിഷം വ്യാപരിച്ചുകൊണ്ടിരിക്കുമ്പോഴും അവള്‍ പതിദേവതയെ വിസ്മരിക്കാറില്ല. അതുപോല സര്‍വ്വവ്യവഹാരങ്ങളും നടന്നുകൊണ്ടിരിക്കുമ്പോഴും ഈശ്വരനെ മറക്കാതിരിക്കാന്‍ കഴിഞ്ഞാല്‍ നാം സ്മരണഭക്തിയില്‍ സിദ്ധന്മാരായി എന്നു പരിഗണിക്കാവുന്നതാണ്. സ്മരണഭക്തിയുടെ സ്വഭാവത്തെക്കുറിച്ച് ലീലാശൂകന്‍ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ നല്ലതുപോലെ വര്‍ണ്ണിച്ചിട്ടുണ്ട്.
”വിക്രേതുകാമാ കില ഗോപകന്യാ
മുരാരിപദാര്‍പ്പിത ചിത്തവൃത്തിഃ
ദദ്ധ്യാദികം മോഹവശാദവോചദ്
ഗോവിന്ദ! ദാമോദര! മാധവേതി”
തൈര്, നെയ്യ്, പാല് മുതലായവ വില്‍ക്കാന്‍ നടക്കുന്ന ഒരു ഗോപകന്യകയെയാണ് ഈ ശ്ലോകത്തില്‍ചിത്രീകരിച്ചിരിക്കുന്നത്. തൈരും മറ്റും കച്ചവടം ചെയ്യുന്നവര്‍ തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കുന്നതിനുവേണ്ടി ഓരോ വീട്ടിന്റെയും പടിക്കല്‍ച്ചെന്ന്, മോരു വേണോ? തൈരു വേണോ? പാലു വേണോ? എന്നെല്ലാം വിളിച്ചു ചോദിക്കുന്നതു നാം കേള്‍ക്കാറുണ്ടല്ലോ. പ്രസ്തുത ഗോപകന്യകയും തന്റെ സാധനങ്ങള്‍ വില്‍ക്കാന്‍ പുറപ്പെട്ടിരിക്കുകയാണ്. പക്ഷേ, അവളുടെ മനസ്സ് കണ്ണിന്റെ കണ്ണായ കണ്ണനുണ്ണിയിലായിപ്പോയി. ശ്രീകൃഷ്ണസ്മരണ വിട്ടു മറ്റൊന്നിനും അവളുടെ മനസ്സില്‍ സ്ഥാനമില്ലായിരുന്നു. പുറമേ അവളതു പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ട് അവളുടെ വീട്ടുകാര്‍ വില്പനക്കുവേണ്ടി അവളെ തെരുവിലേയ്‌ക്കയച്ചിരിക്കുകയാണ്.
അവളാകട്ടെ, തൈര്‍ വേണോ? മോരു വേണോ? എന്നും മറ്റും ചോദിക്കേണ്ടതിനുപകരം തന്റെ പ്രേമഭാജനമായ കണ്ണനുണ്ണിയുടെ തിരുനാമങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞുപോയി. പക്ഷേ, ആ ഗാത്രസ്ഖലനം, പേരു തെറ്റല്‍ അവളറിയുന്നില്ല. അവളെങ്ങനെയറിയും? അവളുടെ മനസ്സു പ്രിയതമന്റെ സ്മരണകൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ഹാ! ഗോപകന്യേ നീ തന്നെയാണ് ധന്യ! നിന്നെപ്പോലെയുള്ള ഭക്തജനങ്ങളുടെ ചേവടിപതിഞ്ഞ പാടുകളാണ് ഇന്നു ഈ ഭാരതഭൂമിയെ പുണ്യഭൂമിയാക്കിത്തീര്‍ത്തിരിക്കുന്നത്. ആ ഗോപകന്യക കുലീനയല്ല; പരിഷ്‌കൃതയല്ല; ലൗകികമോടി ലേശവുമവള്‍ക്കില്ല. പക്ഷേ, അവള്‍ക്ക് ഒന്നുണ്ട്. ഭഗവാന്റെ സ്മരണ. അതാണവളെ ധന്യയാക്കിയത്. അതുകൊണ്ടു മാത്രമാണ് അവള്‍ ഇന്നും സ്മരിക്കപ്പെടുന്നതും. ആ ഗോപസ്ത്രീയാണ് സ്മരണഭക്തിക്ക് ഉദാഹരണം. അതുപോലെയുള്ള ഭഗവദ്‌സ്മരണശക്തി നമുക്കുമുണ്ടാവണം.
നാക്കില്‍ ഈശ്വരനാമവും മനസ്സില്‍ വിഷയദ്ധ്യാനവുമായി നടന്നാല്‍ ഒരുത്തര്‍ക്കും ഭക്തി ലഭിക്കുന്നതല്ല. വിഷയദ്ധ്യാനം കൊണ്ട് ആ വിഷയങ്ങളില്‍ പറ്റുമാനമേ ഉണ്ടാകുകയുള്ളൂ. ആ പറ്റുമാനം കാമത്തെ വര്‍ദ്ധിപ്പിക്കും. കാമത്തിന്നനുരൂപമായി ലൗകികവിഷയങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ക്രോധമാണുണ്ടാവുക. ക്രോധം വര്‍ദ്ധിച്ചാല്‍ തന്നെയും തന്റെ പരിതസ്ഥിതിയേയും മറന്നുപോകുക സാധാരണമാണല്ലോ. അതു ഓര്‍മ്മയെപ്പോലും കെടുത്തും. തന്നിമിത്തം മനുഷ്യര്‍ ബുദ്ധികെട്ട പിശാചുക്കളായിത്തീരും. അതുകൊണ്ടു നമ്മുടെ ജന്മംതന്നെ നഷ്ടമായിപ്പോകുന്നു. ഉത്കൃഷ്ടമായ മനുഷ്യജന്മത്തിന്റെ ലക്ഷ്യമതാണോ? ഒരിക്കലുമല്ല. മനുഷ്യന് മറ്റു ജന്തുക്കളില്‍നിന്നും വ്യത്യസ്തമായ ഒരു സ്വഭാവമുണ്ട്. അതു മേല്‍പ്പോട്ടു നോക്കുക എന്നതാണ്.
ഊര്‍ദ്ധ്വദൃഷ്ടിയുടെ ഫലം ഈശ്വരചിന്തയല്ലാതെ മറ്റെന്താണ്? പക്ഷേ, മനുഷ്യരില്‍ പലരും മൃഗങ്ങളെക്കാളും അധഃപതിച്ച നിലയിലാണു കഴിയുന്നത്. അവരുടെ മനസ്സു മിക്കവാറും ആഹാരം, മൈഥുനം, വിസര്‍ജ്ജനം ഈ മൂന്നു വിഷയങ്ങളിലാണു പ്രവര്‍ത്തിക്കുന്നത്; എന്നുപറഞ്ഞാല്‍ വയറ്, ജനനേന്ദ്രിയം, ഗുദം ഈ മൂന്നു മണ്ഡലങ്ങളില്‍ മാത്രമാണ് അവരുടെ ശ്രദ്ധ പതിയുന്നത്. അങ്ങനെയുള്ള മനുഷ്യര്‍ വസ്ത്രാഡംബരങ്ങള്‍കൊണ്ടും ഉന്നത സൗധങ്ങള്‍കൊണ്ടും വിമാനമാര്‍ഗ്ഗേണയുള്ള ആകാശഗമനംകൊണ്ടും ഉയര്‍ന്നവരാണെന്നു തോന്നിയാലും, സ്വഭാവത്തില്‍ മൃഗങ്ങളെക്കാളും താഴ്ന്നനിലയിലാണു വര്‍ത്തിക്കുന്നതെന്നു വിചാരശീലന്മാര്‍ക്കറിയുവാന്‍ കഴിയും.
കഴുകന്‍ ആകാശത്തില്‍ വളരെ ഉയര്‍ന്നു പറക്കുന്നു. പക്ഷേ, അതിന്റെ ദൃഷ്ടി ഭൂമിയില്‍ വല്ല സ്ഥലത്തും അളിഞ്ഞുനാറുന്ന ശവം കിടപ്പുണ്ടോ എന്നു നോക്കുവാനാണു വ്യാപരിക്കുന്നത്. അതുപോലെയാണു ബാഹ്യമായി വളരെ ഉയര്‍ന്നവരെന്നു ഗണിക്കപ്പെടുന്ന വിഷയാസക്തന്മാരുടെ നിലയും. മദ്യം, മാംസം, വേശ്യ മുതലായവയിലായിരിക്കും അവരുടെ കണ്ണ്. ഇതു മനുഷ്യനെ ഒരുവിധത്തിലും ഉയര്‍ത്തുന്നില്ല. അങ്ങനെയായാല്‍ അവന്‍ ഉന്നതനിലയിലെത്തുകയുമില്ല. എല്ലാവരും മരണത്തെക്കുറിച്ച് ചിന്തിയ്‌ക്കും, ചാകാതിരിക്കാനുള്ള വഴിയനേ്വഷിക്കയും, ചത്തുപോകുന്നുവെങ്കില്‍ത്തന്നെ കഷ്ടപ്പെടാതെ ചാകാനാഗ്രഹിക്കുകയും ചെയ്തുകൊണ്ടാണിരിക്കുന്നതെന്നു നമുക്കറിയാമല്ലോ.
നാം ആത്മാവാണെന്നും ആത്മാവ് അമരനാണെന്നും ഈശ്വരസാക്ഷാത്കാരംകൊണ്ട് അമരത്വം ലഭിക്കുമെന്നും മനസ്സിലാക്കിയാല്‍ മരണഭയം നീങ്ങും. മരണാവസരത്തില്‍ ഈശ്വരചിന്തയോടു കൂടെ ദേഹമുപേക്ഷിക്കാനെങ്കിലും ശ്രമിച്ചാല്‍ അതൊരു മഹാഭാഗ്യമാണ്. പക്ഷേ, അതിനു നേരത്തെതന്നെ ശ്രമിക്കേണ്ടിയിരിക്കുന്നു.
…. തുടരും
















