ബൗദ്ധനും ജൈനനും ഈശ്വരനെ അവലംബിക്കുന്നില്ല. അവരുടെ മതശക്തി മുഴുവനും തിരിച്ചുവിട്ടിരിക്കുന്നത് സര്‍വമതകേന്ദ്രമായ ആ മഹാസത്യത്തിലേക്കാണ്, മനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്‌ക്കരിക്കുന്നതിലേക്ക്. അവര്‍ പിതാവിനെ കണ്ടിട്ടില്ല. എന്നാല്‍ പുത്രനെ കണ്ടിട്ടുണ്ട്. പുത്രനെ കണ്ടവനാകട്ടെ പിതാവിനെയും കണ്ടുകഴിഞ്ഞു. സഹോദരേ, ഇതാണ് ഹിന്ദുധര്‍മ്മതത്ത്വങ്ങളുടെ ഒരു ചെറുചിത്രം.
നിനച്ചതൊക്കെ നടപ്പിലാക്കാന്‍ ഹിന്ദുവിനു കഴിഞ്ഞിട്ടില്ലായിരിക്കാം. എന്നാല്‍, എന്നെങ്കിലും ഒരു വിശ്വമതം ഉണ്ടാകുമെങ്കില്‍ അതിന് ദേശത്തിലും കാലത്തിലും നിലപാടു പാടില്ല.
അതുപദേശിക്കുന്ന ഈശ്വരനെപ്പോലെ അതും അനന്തമായിരിക്കും; അതിന്റെ സൂര്യന്‍ കൃഷ്ണഭക്തന്മാരുടെയും ക്രിസ്തുഭക്തന്മാരുടെയും പുണ്യവാന്മാരുടെയും പാപികളുടെയും മേല്‍ ഒരുപോലെ പ്രകാശിക്കും.
അതു ബ്രാഹ്മണ-ബൗദ്ധ-ക്രൈസ്തവ- മുഹമ്മദധര്‍മ്മങ്ങളില്‍ ഒന്നുമാത്രമായിരിക്കില്ല. അവയുടെയൊക്കെ ആകെത്തുകയായിരിക്കും; എന്നാലും വളരാന്‍ അളവറ്റ സ്ഥലം ബാക്കി കാണും. അതു വിശ്വവിശാലതയാല്‍ സര്‍വ്വ മനുഷ്യരാശിയെയും അതിന്റെ അനന്തബാഹുക്കളിലൊതുക്കി ആശ്ലേഷിക്കുന്നതായിരിക്കണം.
















