ബാഹ്യമായ, ദ്രവ്യഹിതമായ പൂജ ഏറ്റവും താഴ്ന്ന നില, ഉയരുവാനുള്ള ഉത്സാഹം, മാനസപ്രാര്‍ത്ഥന, അടുത്തപടി ഭഗവദര്‍ശനമാണ്. അത്യുത്തമപദം എന്നു ശാസ്ത്രങ്ങള്‍ പറയുന്നു. കേട്ടോളൂ, വിഗ്രഹത്തിനു മുമ്പില്‍ കുമ്പിടുന്ന അതേ ഭക്തന്‍ പറയുന്നത്, അവനെ പ്രകാശിപ്പിക്കാന്‍ സൂര്യനു കഴിയുന്നില്ല, ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും വയ്യ; മിന്നലിനു ശക്തിയില്ല; നമ്മള്‍ പറയുന്ന് തീയ്‌ക്കും കഴിവില്ല.
അവനെക്കൊണ്ട് അവ വിളങ്ങുകയാണ്. എങ്കിലും ഇയാളും ആരുടെയും വിഗ്രഹത്തെ ആക്ഷേപിക്കുകയോ അതിന്റെ ആരാധന പാപമെന്നു പറയുകയോ ചെയ്യുന്നില്ല. അവന്‍ അതിനെ ജീവിതത്തില്‍ ആവശ്യമായ ഒരു ഘട്ടമെന്നു കാണുന്നു. ശിശു മനുഷ്യന്റെ അച്ഛനാകുന്നു. ശൈശവമോ യൗവനമോ പാപമെന്ന് ഒരു വൃദ്ധന്‍ പറയുന്നതു ശരിയാകുമോ?
















