ലണ്ടന്‍: യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടത്തിന്റെ ആദ്യ പാദത്തില്‍ കരുത്തരായ എവര്‍ട്ടനും ലിവര്‍പൂളിനും നാപ്പോളിക്കും സെവിയയും വിയ്യാറയലിനും വിജയം. എന്നാല്‍ ഇന്റര്മിലാന്, ടോട്ടനം എന്നീ കരുത്തര്‍ സമനിലകൊണ്ട് തൃപ്തിപ്പെട്ടു.
ലണ്ടനില്‍ നടന്ന കളിയില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബസിക്റ്റാസിനെയാണ് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോ ബലോട്ടെല്ലിയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.
ബിഎസ്സി യങ്ബോയ്സിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചാണ് എവര്ട്ടണ് ആദ്യപാദത്തില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. റൊമേലു ലുകാകുവിന്റെ ഹാട്രിക്കാണ് എവര്ട്ടണ് വിജയത്തിന്റെ പ്രത്യേകത. കളിയുടെ പത്താം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്വില്ല്യുമെ ഹൊറാവു യങ്ബോയ്സിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 24, 39, 58 മിനിറ്റുകളില്‍ ലുകാകുവും 28-ാം മിനിറ്റില്‍ കോള്‍മാനും ലക്ഷ്യം കണ്ടതോടെ വിജയം എവര്‍ട്ടനൊപ്പം നിന്നു.
യങ്ബോയ്സിന്റെ ഹൊറാവു ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. കൡയുടെ 62-ാം മിനിറ്റില്‍ എവര്‍ട്ടന്റെ ജോണ്‍ സ്റ്റോണ്‍സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്.
മറ്റൊരു കളിയില്‍ കരുത്തരായ ഇന്റര്‍മിലാനെ സെല്‍റ്റിക്കാണ് സമനിലയില്‍ തളച്ചത്. കളി തുടങ്ങി 13 മിനിറ്റിനിടെ ഷാഖിരിയും പലാസിയോയും നേടിയ ഗോളുകള്‍ക്ക് ഇന്റര്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഉജ്ജ്വലമായി തിരിച്ചടിച്ച സെല്‍റ്റിക് ആംസ്ട്രോംഗിന്റെയും കംപാഗ്നരോയുടെ സെല്‍ഫ് ഗോളിന്റെയും കരുത്തില്‍ സമനില പിടിച്ചു. പിന്നീട് 45-ാം മിനിറ്റില്‍ പലാസിയോ വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്റര്‍ ലീഡ് നേടി. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജോണ്‍ ഗ്വിഡേറ്റി സെല്‍റ്റിക്കിന് വേണ്ടി സമനിലഗോള്‍ നേടി.
അതേസമയം ടോട്ടനം-ഫിയോറന്റീന പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. ടോട്ടനത്തിന് വേണ്ടി ആറാം മിനിറ്റില്‍ സൊള്‍ഡാഡോയും ഫിയോറന്റീനക്ക് വേണ്ടി 36-ാം മിനിറ്റില്‍ ബസാന്റയുമാണ് ഗോള്‍ നേടിയത്.
മറ്റ് മത്സരങ്ങളില്‍ നപ്പോളി 4-0ന് ട്രാബ്സന്സ്പോറിനെയും സെനിത് സെന്റ് പീറ്റേഴ്സ് ബര്‍ഗ് 1-0ന് പിഎസ്വിയെയും അയാക്സ് 1-0ന് ലീഗ വാഴ്സോയെയും വിയ്യാറയല്‍ 2-1ന് എഫ്സി റഡ് ബുള്‍സിനെയും വോള്‍വ്സ്ബര്‍ഗ് 2-0ന് സ്പോര്‍ട്ടിംഗിനെയും പരാജയപ്പെടുത്തിയപ്പോള്‍ ടോറിനോ-അത്ലറ്റിക് ബില്‍ബാവോ കളി 2-2ന് സമനിലയില്‍ കലാശിച്ചു.
















