കട്ടക്ക്: ദല്‍ഹിയെ 204 റണ്‍സിന് കീഴടക്കി മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ 441 റണ്‍സ് വേണ്ടിയിരുന്ന ദല്‍ഹിയെ 236 റണ്‍സിന് എറിഞ്ഞിട്ടാണ് മുംബൈ വിജയം സ്വന്തമാക്കിയത്. സ്കോര്‍ ചുരുക്കത്തി: മുംബൈ 156, 450, ദല്‍ഹി 166, 236. രണ്ടിന്നിംഗ്സിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയ മുംബൈയുടെ ഷര്‍ദുല്‍ ഠാക്കൂറാണ് മാന്‍ ഓഫ് ദി മാച്ച്.
110ന് നാല് എന്ന നിലയില്‍ അവസാനദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ദല്‍ഹിക്ക് വേണ്ടി ഒരാള്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 49 റണ്‍സെടുത്ത രജത് ഭാട്ട്യയാണ് ദല്‍ഹി നിരയിലെ ടോപ്സ്കോറര്‍.
ഗംഭീര്‍ 34ഉം ഉന്മുക്ത് ചന്ദ് 31ഉം പര്‍വീന്ദര്‍ അവാന 24ഉം പ്രദീപ് സാംഗ്വന് 26 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു. മറ്റുള്ളവര്‍ക്കൊന്നും മികച്ച ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ദല്‍ഹിയുടെ രണ്ടാം ഇന്നിംഗ്സ് 236 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. മുംബൈക്ക് വേണ്ടി ഠാക്കൂറും ബല്‍വിന്ദര്‍ സന്ധുവും മൂന്നും ഹര്‍മീത് സിംഗ്, വില്‍കിന്‍ മോട്ട എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി.
മറ്റ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എങ്കിലും അസമിനെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ പിന്തള്ളി കര്‍ണാടകയും തമിഴ്നാട് വിദര്‍ഭയെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിലും പിന്തള്ളി സെമിയിലെത്തിയിട്ടുണ്ട്.
ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ കര്‍ണാടക ഒന്നാം ഇന്നിംഗ്സില്‍ 452 റണ്‍സെടുത്തപ്പോള്‍ അസം 185 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സ് കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തെങ്കിലും അസമിനെ ഓള്‍ഔട്ടാക്കി വിജയിക്കാന്‍ കഴിഞ്ഞില്ല. അവസാന ദിവസത്തെ കളി അവസാനിച്ചപ്പോള്‍ അസം നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.
ആന്ധ്രാപ്രദേശിനെ 75 റണ്‍സിന് പരാജയപ്പെടുത്തി മഹാരാഷ്ട്ര നേരത്തെ തന്നെ സെമിയില്‍ ഇടംപിടിച്ചിരുന്നു.
സെമിയില്‍ കര്‍ണാടക മുംബൈയെയും മഹാരാഷ്ട്ര തമിഴ്നാടിനെയും നേരിടും. 25നാണ് സെമി മത്സരങ്ങള്‍ ആരംഭിക്കുന്നത്.
















