ഹിന്ദുവിന്റെ നോട്ടത്തില്‍, മതപ്രപഞ്ചം മുഴുവനുംതന്നെ പല നിലയിലും പരിതഃസ്ഥിതിയിലും കൂടി പലവിധം സ്ത്രീപുരുഷന്മാരുടെ ഒരേ ലക്ഷ്യത്തിലേക്കുള്ള യാത്രചെയ്യല്‍, അടുത്തെത്തല്‍ മാത്രമാണ്. ഭൗതികമനുഷ്യനില്‍നിന്ന് ഈശ്വരനെ ആവിഷ്‌കരിക്കല്‍മാത്രമാണ് ഓരോ മതവും ചെയ്യുന്നത്. അവയുടെയെല്ലാം പ്രചോദകന്‍ ഒരേ ഈശ്വരനാണുതാനും. എന്തേ, പിന്നെ, ഇത്രവളരെ പൊരുത്തക്കേടുകള്‍? അവയെല്ലാം പുറംതോന്നല്‍ മാത്രമെന്ന് ഹിന്ദു പറയുന്നു. പല പ്രകൃതികളുടെ അവസ്ഥാപരിണാമങ്ങളുമായി സ്വയം ഇണങ്ങുന്ന ഒരേ സത്യത്തില്‍ നിന്നാണ് ഈ പൊരുത്തക്കേടുകള്‍ വരുന്നത്.
പലനിറമുള്ള പളുങ്കുപലകകളില്‍ക്കൂടി ഒരേ വെളിച്ചം വരികയാണ്. ഇണങ്ങാന്‍ ഈ ചില്ലറ വൈവിധ്യങ്ങള്‍ വേണംതാനും. എന്നാല്‍ എല്ലാറ്റിന്റേയും ഹൃദയത്തില്‍ ഒരേ സത്യം വാണരുളുന്നു. ഭഗവാന്‍ കൃഷ്ണാവതാരത്തില്‍ ഹിന്ദുവിനോടിപ്രകാരം അരുളിചെയ്തിരിക്കുന്നു: മണിമാലയിലെ നൂലുപോലെ എല്ലാ മതങ്ങളിലും ഞാനുണ്ട്. അസാധാരണവിശുദ്ധിയും അസാധാരണശക്തിയും മനുഷ്യവര്‍ഗ്ഗത്തെ ഉയര്‍ത്തുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നതായി എവിടെയൊക്കെ കാണുന്നുവോ അവിടെയൊക്കെ ഞാനുണ്ടെന്നു ധരിക്കുക. ഇതിന്റെ ഫലമോ ഹിന്ദുവിനുമാത്രമേ മോക്ഷമുള്ളൂ. മറ്റാര്‍ക്കുമില്ല എന്ന തരത്തില്‍ ഒരു വാക്യമെങ്കിലും സംസ്‌കൃത ദര്‍ശനങ്ങളില്‍ ഉടനീളം എവിടെയെങ്കിലും കാണിച്ചുതരുവാന്‍ ഞാന്‍ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്നു.
വ്യാസന്‍ പറയുകയാണ്, നമ്മുടെ വര്‍ണ്ണാശ്രമങ്ങള്‍ക്ക് പുറത്തും ഉത്തമ പുരുഷന്‍മാരെ കാണാം എന്ന്. ഒരു കാര്യം കൂടെ. ഹിന്ദുവിന്റെ വിചാരവിതാനം മുഴുവന്‍ ഈശ്വരകേന്ദ്രികൃതമായിരിക്കെ അജ്‌ഞേയപരമായ ബുദ്ധമതത്തിലും നിരീശ്വരമായ ജൈനമതത്തിലും; അവന് എങ്ങനെ വിശ്വസിക്കാനാവും.
















