റോഹ്തക്: ആന്ധ്രപ്രദേശിനെ 75 റണ്‍സിന് തകര്‍ത്ത് മഹാരാഷ്ട്ര രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ് മഹാരാഷ്ട്രയുടെ വിജയം. ഒന്നാം ഇന്നിംഗ്സില്‍ 47 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ആന്ധ്രയുടെ പരാജയം. രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന 177 റണ്‍സ് വേണ്ടിയിരുന്ന ആന്ധ്രയെ 101 റണ്‍സിന് എറിഞ്ഞിട്ടാണ് മഹാരാഷ്ട്ര ഗംഭീര വിജയം സ്വന്തമാക്കിയത്. സ്കോര്‍ ചുരുക്കത്തില്‍: മഹാരാഷ്ട്ര 91, 223. ആന്ധ്രാപ്രദേശ് 138, 101.
മൂന്നാം ദിവസമായ ഇന്നലെ 172ന് ആറ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച മഹാരാഷ്ട്ര 51 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 223 റണ്‍സിന് ഓള് ഔട്ടായി. 81 റണ്‍സ് നേടിയ കേദാര്‍ യാദവും 47 റണ്‍സെടുത്ത ഹര്‍ഷദ് ഖാഡിവാലെയും 43 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുമാണ് മഹാരാഷ്ട്ര ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് നടത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ ശിവകുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റീഫനുമാണ് മഹാരാഷ്ട്ര ബാറ്റിംഗ് നിരയെ തകര്‍ത്തത്.
തുടര്‍ന്ന് 177 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്ര ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 25 റണ്‍സ് നേടിയ എ.ജി. പ്രദീപാണ് ആന്ധ്രാനിരയിലെ ടോപ്സ്കോറര്‍. ആറ് പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. 19 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തിയ അനുപം സക്ലേച്ച, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ സമദ് ഫള്ളാ, ഡൊമിനിക് ജോസഫ്, ശ്രീകാന്ത് മുണ്ഡെ എന്നിവരാണ് ആന്ധ്രയെ തകര്‍ത്തത്. മഹാരാഷ്ട്രയുടെ കേദാര്‍ ജാദവാണ് മാന്‍ ഓഫ് ദി മാച്ച്.
ഇന്‍ഡോറില്‍ അസമിനെതിരായ മറ്റൊരു മത്സരത്തില്‍ കര്‍ണാടകം പിടിമുറുക്കി. ഒന്നാം ഇന്നിംഗ്സില്‍ കര്‍ണാടകം നേടിയ 452 റണ്‍സിനെതിരെ അസം ഒന്നാം ഇന്നിംഗ്സില്‍ 185 റണ്‍സിന് പുറത്തായി. തുടര്‍ന്ന് അസമിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കര്‍ണാടകം മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസവും എട്ട് വിക്കറ്റുകളും കയ്യിലിരിക്കെ കര്‍ണാടകത്തിന് 402 റണ്‍സിന്റെ ലീഡാണുള്ളത്. 73 റണ്‍സെടുത്ത ലോകേഷ് രാഹുലും റണ്ണൊന്നുമെടുക്കാതെ മനീഷ് പാണ്ഡെയുമാണ് പുറത്തായത്. 54 റണ്‍സോടെ രവികുമാര്‍ സാമര്ഥും ആറ് റണ്‍സുമായി റോബിന് ഉത്തപ്പയുമാണ് ക്രീസില്‍.
















