പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്മാരായ ചെല്‍സിക്കും ബയേണ്‍ മ്യൂണിക്കിനും സമനിലക്കുരുക്ക്. ചെല്‍സി എവേ മത്സരത്തില്‍ പാരീസ് സെന്റ് ജര്മ്മനോട് 1-1ന് സമനിലയില്‍ കുടുങ്ങിയപ്പോള്‍ താരപ്രഭയുമായെത്തിയ ബയേണ്‍ മ്യൂണിക്കിനെ ഉക്രെയിന് ടീമായ ഷക്തര്‍ ഡൊണെറ്റ്സ്കാണ് ഗോള്‍രഹിത സമനിലയില്‍ തളച്ചത്.
പിഎസ്ജിക്കെതിരായ കളിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമാണ് ചെല്‍സി സമനില വഴങ്ങിയത്. എങ്കിലും എവേ ഗോൡന്റെ പിന്‍ബലം സ്വന്തമാക്കാന്‍ ഹോസെ മൊറീഞ്ഞോ പടയ്ക്കായി. കളിയില്‍ പന്ത് കൂടുതല്‍ കൈവശം വെച്ചതും ഷോട്ടുകളുതിര്‍ത്തതും പിഎസ്ജി ആയിരുന്നു. 54 ശതമാനവും പന്ത് നിയന്ത്രിച്ചു നിര്‍ത്തിയ പിഎസ്ജി കളിയിലുടനീളം പായിച്ച 14 ഷോട്ടുകളില്‍ 7 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാല്‍ ചെല്‍സിക്ക് ആകെ രണ്ട് ഷോട്ടുകള്‍ മാത്രമാണ് എതിര് ഗോള്‍മുഖത്തേക്ക് പറത്താന്‍ കഴിഞ്ഞത്. അതില്‍ ഒന്നാണ് വലയില്‍ കയറിയതും.
മൂന്ന് മത്സരങ്ങളിലെ സസ്പെന്‍ഷനുശേഷം ഡീഗോ കോസ്റ്റയും ഇന്നലെ ചെല്‍സിക്കായി കളത്തിലിറങ്ങി. കളിയുടെ തുടക്കം മുതല്‍ സ്ലാറ്റന് ഇബ്രാഹിമോവിച്ചും എഡിസണ് കവാനിയും ലാവേസിയുമടങ്ങുന്ന പിഎസ്ജി താരങ്ങള്‍ ചെല്‍സി ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ചെങ്കിലും കാര്യമുണ്ടായി. എന്നാല്‍ 36-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരായ ചെല്‍സി ലീഡ് നേടുന്നതാണ് കണ്ടത്. ഗാരി കാഹില്‍ എടുത്ത ഫ്രീകിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ ബ്രാനിസ്ലാവ് ഇവാനോവിക്കാണ് പിഎസ്ജി വല കുലുക്കിയത്. ആദ്യ പകുതിയില്‍ പിഎസ്ജി 1-0ന് മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള ആഗ്രഹത്തോടെ പിഎസ്ജി താരങ്ങള്‍ ആക്രമണങ്ങളുടെ പെരുമഴയാണ് ചെല്‍സി ഗോള്‍മുഖത്തേക്ക് ന ടത്തിയത്. 54-ാം മിനിറ്റില്‍ അവര്‍ സമനില നേടുകയും ചെയ്തു. മാറ്റിയൂഡി നല്കിയ അളന്നുമുറിച്ച ക്രോസ് എഡിസണ് കവാനി മികച്ചൊരു ഹെഡ്ഡറിലൂടെ ചെല്‍സി വല കുലുക്കി. പിന്നീട് വിജയത്തിനായുള്ള ശ്രമമാണ് പിഎസ്ജിയുടെ ഭാഗത്തുനിന്ന് കണ്ടത്. എന്നാല്‍ ഇബ്രാഹിമോവിച്ചും ലാവേസിയും എഡിസണ് കവാനിയും ഡേവിഡ് ലൂയിസും ലഭിച്ച അവസരങ്ങള്‍ പുറത്തേക്ക് അടിച്ചുകളഞ്ഞതോടെ കളി സമനിലയില്‍ കലാശിക്കുകയും ചെയ്തു. രണ്ടാം പാദമത്സരം മാര്‍ച്ച് 11ന് ചെല്‍സിയുടെ സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കും.
റിബറിയും മുള്ളറും റോബനും സാബി അലോണ്‍സോയും മരിയോ ഗോട്സെയും ഷ്വയ്ന്‍സ്റ്റീഗറും ഉള്‍പ്പെട്ട ബയേണ്‍ മ്യുണിക്ക് നിരയെ വീറോടെ പിടിച്ചുകെട്ടിയാണ് ഉക്രെയിന് ടീമായ ഷക്തര്‍ സ്വന്തം മൈതാനത്ത് തകര്‍പ്പന്‍ സമനില നേടിയത്. കളിയില്‍ ആധിപത്യം ബയേണിനായിരുന്നു. കൂടുതല്‍ ഷോട്ടുകള്‍ പായിച്ചതും അവരായിരുന്നു. സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മയാണ് ബയേണിന് തിരിച്ചടിയായത്. കളിയുടെ 65-ാം മിനിറ്റില്‍ ബയേണിന്റെ മധ്യനിരതാരം സാബി അലോണ്‍സോ രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയതും ജര്‍മ്മന്‍ ക്ലബ്ബിന് തിരിച്ചടിയായി. തന്റെ നൂറാം ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലായിരുന്നു അലോണ്‍സോയുടെ പുറത്താകല്‍. രണ്ടാം പാദമത്സരം മാര്‍ച്ച് 11ന് ബയേണിലെ അലയന്‍സ് അരീനയില്‍ നടക്കും.
















