240. മഹാസത്വാ: – മഹത്തായ സത്വമുള്ളവള്‍. സത്വം എന്ന പദം ത്രിഗുണങ്ങളില്‍ മുഖ്യമായ സത്വഗുണത്തെ കുറിക്കുന്നു എന്ന് ഒരു വ്യാഖ്യാനം. ലോകത്തിന്റെ സൃഷ്ടിക്കും സംഹാരത്തിനും വേണ്ടി രജോഗുണവും തമോഗുണവും സ്വീകരിക്കുമെങ്കിലും ദേവി സത്വഗുണം മൂര്‍ത്തീഭവിച്ചവളാണ്.
സത്വം എന്ന പദത്തില്‍ രൂപം, ആകൃതി, ഉണ്മ, വസ്തു, ജീവന്‍, ചൈതന്യം, പിശാച്, ബലം, ധൈര്യം, സമ്പത്ത്, ബുദ്ധി എന്നീ അര്‍ത്ഥങ്ങളുമുണ്ട്. ഇവയില്‍ ഏതു സ്വീകരിച്ചാലും അതിന്റെ മഹത്തായ ഭാവം ദേവിയില്‍ മാത്രമേ ഉള്ളൂ. അതിന്റെ അല്പമാത്ര സ്ഫുരണങ്ങളാണ് മറ്റു ദേവന്മാരിലും മനുഷ്യരിലും അന്യജീവികളിലും പ്രതിഫലിച്ചു കാണുന്നത്.
241. മഹാതാപവിനാശിനീ: – എല്ലാ താപങ്ങളെയും പൂര്‍ണമായി നശിപ്പക്കുന്നവള്‍. താപം ദുഃഖമാണ്. ആദ്ധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്നു താപങ്ങളെ മൂന്നു വകയായി പറയാറുണ്ട്. സ്വന്തം കര്‍മ്മദോഷംകൊണ്ട് വിളിച്ചു വരുത്തുന്നവ ആദ്ധ്യാത്മികതാപങ്ങള്‍. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലമുണ്ടെന്നത് മാറ്റമില്ലാത്ത സനാതനനിയമം തെറ്റുചെയ്താല്‍ ശിക്ഷ അനുഭവിച്ചേ തീരൂ. പാപം ചെയ്താല്‍ ദുരിതം അനുഭവിക്കുന്നു. ശരീരം പഞ്ചഭൂതാത്മകമാണ്.
അഞ്ചുഭൂതങ്ങളും സമതുലിതാവസ്ഥയില്‍ വര്‍ത്തിക്കുന്നത് ആരോഗ്യം. ഭൂതങ്ങളില്‍ ഒന്നോ ചിലതോ ക്ഷോഭിക്കുമ്പോള്‍ ശരീരം രോഗഗ്രസ്തമാകും. അതുമൂലമുണ്ടാകുന്ന താപം ആധിഭൗതികം. ശരീരംപോലെ പ്രപഞ്ചവും പഞ്ചഭൂതാത്മകമാണ്. പ്രപഞ്ചഘടകങ്ങളായ പഞ്ചഭൂതങ്ങളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, അഗ്നിബാധ, ഭൂകമ്പം തുടങ്ങിയവ ഉണ്ടാകും. അപ്പോള്‍ ജീവികള്‍ക്കും ഭൂപ്രകൃതിക്കുപോലും നാശമുണ്ടാകും. ജീവികള്‍ക്കു പലതരത്തിലുള്ള ദുഃഖം അനുഭവിക്കേണ്ടിവരും. ഇത് ആധിദൈവികമായ താപം.
താപം ഏതുതരമായാലും അതു തീവ്രമാകുമ്പോള്‍ മഹാതാപം എന്നുപറയാം. താപം എത്ര തീവ്രമായാലും ഏതുകാരണം കൊണ്ടുണ്ടായതായാലും മൂകാംബികാദേവിയുടെ കാരുണ്യം അതിനെ പൂര്‍ണ്ണമായി നശിപ്പിക്കും. അതിനാല്‍ ദേവിക്ക് മഹാതാപവിനാശിനി എന്നുനാമം.
…. തുടരും
















