ഭാരതത്തിലെ ആദ്ധ്യാത്മികാചാര്യന്‍മാരില്‍ ഏറ്റവും പ്രമുഖനായ ശ്രീരാമകൃഷ്ണ പരമഹംസന്റെ ജനനം കൊല്‍ക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാര്‍പുക്കൂര്‍ ഗ്രാമത്തില്‍ ഒരു ദരിദ്രബ്രാഹ്മണ കുടുംബത്തില്‍ 1836 ഫെബ്രുവരി 20ന് ആയിരുന്നു. വൈഷ്ണവരായ ഖുദീറാം ചാറ്റര്‍ജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കള്‍. പൂര്‍വ്വാശ്രമത്തിലെ നാമം ഗദാധരന്‍ എന്നായിരുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ ലൗകിക ജീവിതത്തില്‍ വിരക്തി കാണിച്ച ഗദാധരന് ആദ്ധ്യാത്മിക ചിന്തകളില്‍ മുഴുകിക്കഴിയാനായിരുന്നു കൂടുതല്‍ താല്‍പ്പര്യം. പതിനേഴാം വയസ്സില്‍ പിതാവ് മരിച്ചതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ വിവിധക്ഷേത്രങ്ങളില്‍ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി 24-ാം വയസ്സില്‍ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച് വിവാഹം ചെയ്തു. 1866ല്‍ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തില്‍ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരില്‍ നിന്ന് ഹിന്ദുമതത്തെകുറിച്ച് കൂടുതല്‍ പഠിച്ചു. താന്‍ പഠിച്ചകാര്യങ്ങള്‍ പ്രായോഗികാനുഭവത്തില്‍ പരീക്ഷിച്ചറിയാനും മറ്റുള്ളവര്‍ക്ക് ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.
കാളീ ദേവിയെ സ്വന്തം മാതാവായി കണ്ട് പൂജിച്ച അദ്ദേഹത്തിന് തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881ല്‍ തന്നെ കാണാനെത്തിയ നരേന്ദ്രന്‍ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട് സ്വാമി വിവേകാനന്ദനായി മാറിയത്.
ഈശ്വരസാക്ഷാത്കാരത്തിന് മതങ്ങളല്ല, കര്‍മ്മമാണ് പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണന്‍ സൂഫി മതത്തിന്റെയും, ക്രിസ്ത്യന്‍, ഇസ്ലാം മതത്തിന്റെയും ഒക്കെ സാരാംശങ്ങളെ ആഴത്തില്‍ പഠിച്ചിട്ടുണ്ട്.
അദ്ദേഹം ഒരിക്കല്‍ പറഞ്ഞു ”വിശ്വാസല്‍പ്രമാണങ്ങളെയോ മതവിഭാഗങ്ങളെയോ ക്രൈസ്തവ ദേവാലയങ്ങളെയോ മതവിഭാഗങ്ങളെയോ ഒന്നും വകവയ്‌ക്കേണ്ടതില്ല; ഓരോ വ്യക്തിയിലുമുള്ള സത്ത അതദ്ധ്യാത്മമാണ്. അതുമായി തുലനം ചെയ്യുമ്പോള്‍ അവയെല്ലാം നിസ്സാരം. ഒരുവനില്‍ ഇതെത്രമാത്രം വികാസംകൊള്ളുന്നുവോ അവനത്രയ്‌ക്കും ശ്രേയസ്സരുളുവാന്‍ സമര്‍ത്ഥനാകും. ആദ്യമതു നേടുക, അതു സമ്പാദിക്കുക, ആരെയും നിന്ദിക്കരുത്; ഓരോ വിശ്വാസത്തിലും വിഭാഗത്തിലുമുണ്ട് ചില നന്മകള്‍. മതമെന്നാല്‍ വാക്കല്ല, നാമമല്ല, സംഘടനയല്ല; പിന്നെയോ, മതം ആത്മസാക്ഷാത്കാരമാണ് എന്ന് സ്വജീവിതംകൊണ്ടു തെളിയിച്ചുകാണിച്ചുകൊടുക്കുക. അനുഭവിച്ചവര്‍ക്കേ അതറിയാന്‍ കഴിയൂ. ആത്മദര്‍ശനം സാധിച്ചവര്‍ക്കേ അതന്യര്‍ക്കു പ്രദാനം ചെയ്യാന്‍ കഴിയൂ. മനുഷ്യലോകത്തിന്റെ മഹാചാര്യന്മാരാവാന്‍ സാധിക്കൂ. അങ്ങനെയുള്ളവര്‍മാത്രമാണ് പ്രകാശമരുളുന്ന പ്രഭാപുഞ്ജങ്ങള്‍.”
















