മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് കളത്തിലിറങ്ങും. ജര്‍മ്മന്‍ ടീമായ ഷാല്‍ക്കെയാണ് സ്വന്തം മൈതാനത്ത് ഇന്ന് റയലിനെ വെല്ലുവിളിക്കുന്നത്.
കഴിഞ്ഞ സീസണിന്റെ തനിയാവര്‍ത്തനമാണ് ഇത്തവണത്തെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍.കഴിഞ്ഞ സീസണില്‍ ആദ്യ പാദത്തില്‍ 6-1നും രണ്ടാം പാദത്തില്‍ 3-1നും ജയിച്ച റയല്‍ ആകെ ഇരുപാദങ്ങളിലുമായി 9-2ന്റെ കൂറ്റന്‍ വിജയവുമാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇത്തവണയും അത്തരത്തിലൊരു വിജയമാണ് റയല്‍ ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിയിലും തോല്‍ക്കാതെ ആറ് മത്സരങ്ങളും വിജയിച്ചാണ് റയല്‍ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചത്. അതേസമയം ഗ്രൂപ്പ് ജിയില്‍ നിന്ന് ചെല്‍സിക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഷാല്‍ക്കെ അവസാന 16-ല്‍ എത്തിയത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയും റോഡ്രിഗസും ഗരെത്ത് ബെയ്‌ലും കരിം ബെന്‍സേമയും ഉള്‍പ്പെടുന്ന റയലിന് തന്നെയാണ് ഇന്ന് മുന്‍തൂക്കം. സ്പാനിഷ് ലീഗില്‍ അവസാന അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് റയല്‍ പരാജയപ്പെട്ടത്. അതും അത്‌ലറ്റികോ മാഡ്രിഡിനെതിരെ. മറ്റ് നാല് മത്സരങ്ങളിലും മികച്ച വിജയം റയലിനൊപ്പമായിരുന്നു. അതേസമയം ഷാല്‍ക്കെക്ക് അവസാന അഞ്ച് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഒരെണ്ണം പരാജയപ്പെട്ടപ്പോള്‍ രണ്ടെണ്ണം സമനിലയില്‍ കലാശിക്കുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ എഫ്‌സി ബാസലും എഫ്‌സി പോര്‍ട്ടോയും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ചില്‍ നിന്ന് ചാമ്പ്യന്മാരായാണ് പോര്‍ട്ടോ നോക്കൗണ്ട് റൗണ്ടില്‍ പ്രവേശിച്ചതെങ്കില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് റയല്‍ മാഡ്രിഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ബാസല്‍ അവസാന 16-ല്‍ ഇടംപിടിച്ചത്.
















