ന്യൂദല്‍ഹി: ലോകകപ്പ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് മുന്‍ കോച്ചും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാനുമായ ഗാരി കിര്‍സ്റ്റണ്‍.
2011-ല്‍ ലോകകപ്പ് കിരീടം ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയുടെ കോച്ചായിരുന്നു കിര്‍സ്റ്റണ്‍. ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയുമെന്നും ടീം ഇന്ത്യയെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണെന്നും ഗാരി കിര്‍സ്റ്റണ്‍ മറ്റ് ടീമുകള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. നോക്ക് ഔട്ട് മത്സരങ്ങള്‍ എങ്ങിനെ കളിക്കണമെന്ന് ഇന്ത്യന്‍ ടീമിന് നന്നായി അറിയാമെന്നും കിര്‍സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.
ബാറ്റിംഗാണ് ഇന്ത്യയുടെ ശക്തി. കോഹ്‌ലി, റെയ്‌ന, ധോണി തുടങ്ങിയവര്‍ കഴിഞ്ഞ ലോകകപ്പില്‍ കളിച്ചവരാണെന്നും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ എങ്ങിനെ കളിക്കണമെന്ന് വ്യക്തമായി അറിയാവുന്നവരുമാണ്. ഇവര്‍ക്ക് പുറമെ മികച്ച കഴിവുള്ള താരങ്ങളും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ടീം ഇന്ത്യയെ എഴുതിത്തള്ളാന്‍ കഴിയില്ലെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.
ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്റ് എന്നീ ടീമുകള്‍ക്കാണ് കിരീടം നേടാന്‍ സാധ്യതയുള്ളതെന്നും കിര്‍സ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു.
















