കൊച്ചി: വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.സി. തുളസി കേരളത്തിനുവേണ്ടി സ്വര്‍ണ്ണം കഴുത്തിലണിഞ്ഞു. തെലങ്കാനയുടെ ഋതുപര്‍ണ്ണ ദാസിനെ വാശിയേറിയ പോരാട്ടത്തിലാണ് തുളസി അതിജീവിച്ചത് (21-18, 21-18). ടീമിനത്തിലും വിജയവാഡയില്‍ നടന്ന ടൂര്‍ണമെന്റിലും ഋതുപര്‍ണ്ണയോട് തോറ്റ തുളസി കടവന്ത്ര രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലെ ഗാലറിയെ സാക്ഷിയാക്കി മധുര പ്രതികാരം വീട്ടുകയായിരുന്നു.
രണ്ടു ഗെയിമുകളുടെയും ആദ്യ പകുതിയില്‍ പോയിന്റ് നിലയില്‍ പിന്നിലായിരുന്നു തുളസി പതിയെയാണ് കലാശപ്പോരാട്ടത്തിന്റെ നിയന്ത്രണം കൈയിലെടുത്തത്. സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വിജയിച്ചതില്‍ അച്ഛനമ്മമാരോടും പരിശീലകരോടും നന്ദിയും കടപ്പാടുമുണ്ടെന്നും തുളസി പറഞ്ഞു. കാണികളുടെ അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്നെ വിജയത്തിലെത്തിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് സ്വദേശി പ്രശാന്തിന്റെയും ചന്ദ്രികയുടെയും മൂത്തമകളാണ് തുളസി. അക്ഷയാണ് അനുജന്‍. പരിശീലനത്തിനായി കൊച്ചി ചെലവന്നരില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് ഇവര്‍. 2010ലെ സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സിംഗിള്‍സില്‍ വെള്ളിയും ടീം ഇനത്തില്‍ സ്വര്‍ണ്ണവും തുളസി നേടിയിട്ടുണ്ട്. 2014 ദല്‍ഹി അര്‍ബന്‍ കപ്പിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ തെലങ്കാനയുടെ തരുണ്‍ കെ. സിക്കി റെഡ്ഡി സഖ്യത്തെ തോല്‍പ്പിച്ച് കേരളത്തിന്റെ അരുണ്‍ വിഷ്ണു-അപര്‍ണ്ണ ബാലന്‍ കൂട്ടുകെട്ട് കനകനേട്ടക്കാരായി.
















