തിരുവനന്തപുരം: ദേശീയ ഗെയിംസ് സമാപിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കേ കേരളത്തിന്റെ സ്വര്‍ണ്ണം 37 ആയി. ഇന്നലെ രാത്രി പുരുഷന്മാരുടെയും വനിതകളുടെയും 100 ത 4 മീറ്റര്‍ റിലേയില്‍ കേരള ടീമുകള്‍ സ്വര്‍ണ്ണം നേടി. ഇന്നലെ അത്‌ലറ്റിക്‌സില്‍ മൂന്നും സൈക്ലിംഗിലും ഫെന്‍സിംഗിലും രണ്ട് വീതവും തായ്‌ക്വാണ്ടോയിലും ഓരോന്നുവീതവും സ്വര്‍ണ്ണം നേടി.
കൂടാതെ 37 വെള്ളിയും 49 വെങ്കലവുമടക്കം 121 മെഡലുകളുമായി കേരളം പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇന്നലെ മീറ്റ് റെക്കോര്‍ഡോടെ 10000 മീറ്ററിലും സ്വര്‍ണ്ണം തികച്ച ഒ.പി. ജെയ്ഷ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി. കേരള ടീം ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ 10000 മീറ്ററില്‍ വെള്ളിനേടി ട്രാക്കിനോട് വിടപറയുന്നതിനും ഇന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് സാക്ഷ്യം വഹിച്ചു.
സൈക്ലിങ്ങില്‍ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും വെങ്കലവും കൂടി. വനിതകളുടെ നാല് കിലോമീറ്റര്‍ ടീം പെര്‍സ്യൂട്ടിലും പോയിന്റ് റേസിലുമാണ് ഇന്നലെ പൊന്നുതൊട്ടത്. ഫെന്‍സിങ് സാബറെയിലും കേരളം സ്വര്‍ണം പിടിച്ചെടുത്തു; കേരള ടീം പഞ്ചാബിനെ തോല്‍പിച്ചു.
വേമ്പനാട്ടുകായലില്‍നിന്ന് കനോയിങ്ങിലും കയാക്കിങ്ങിലും കേരളം ഇന്നലെ ഒരു സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും കൈക്കലാക്കി. വനിതകളുടെ 500 മീറ്റര്‍ കയാക്കിങ് കെ ഫോറിലാണ് കേരളത്തിന്റെ സ്വര്‍ണ്ണനേട്ടം. പുരുഷവിഭാഗത്തിന് കയാക്കിങ് ഫോറില്‍ കേരളം വെള്ളി. വനിതകളുടെ കനോയിങ് ഡെബിള്‍സ് 200 മീറ്റര്‍, കനോയിങ് ഫോര്‍ 200 മീറ്റര്‍ വനിതാ വിഭാഗം എന്നിവയിലാണ് രജത മെഡല്‍.
തായ്‌ക്വാണ്ടോയില്‍ കേരളം ഇന്നലെ സ്വര്‍ണ്ണവും വെള്ളിയും വെങ്കലവും നേടി. വനിതകളുടെ 73 കി.ഗ്രാം വിഭാഗത്തില്‍ മാര്‍ഗരറ്റ് മരിയ പൊന്നണിഞ്ഞപ്പോള്‍ പുരുഷന്‍മാരുടെ 74 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ മനു ജോര്‍ജിന് വെള്ളിയും പുരുഷന്മാരുടെ 80 കി.ഗ്രാം വിഭാഗത്തില്‍ അക്ഷയ് വെങ്കലം നേടി.
വനിതാ വിഭാഗം വോളിയിലും ബാസ്റ്റക്കറ്റ് ബോളിലും ബാഡ്മിന്റണ്‍ വനിതാ ഫൈനലില്‍ പി.സി. തുളസിയും ഫൈനലില്‍ പ്രവേശിച്ച് മെഡല്‍ ഉറപ്പിച്ചു.
അത്‌ലറ്റിക് മീറ്റിന്റെ നാലാം ദിവസമായ ഇന്നലെ ഒരു ദേശീയ റെക്കോര്‍ഡടക്കം അഞ്ച് പുതിയ റെക്കോര്‍ഡുകളാണ് പിറവിയെടുത്തത്. പുരുഷന്മാരുടെ ജാവലിന്‍ ഹരിയാനയുടെ രജീന്ദര്‍സിംഗാണ് 82.23 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് പുതിയ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും സ്ഥാപിച്ചത്. പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ രഞ്ജിത്ത് മഹേശ്വരി, ഹൈജമ്പില്‍ ജിതിന്‍ സി. തോമസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സിദ്ധാന്ത് തിങ്കാലിയ, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജി. ഗായത്രി എന്നിവരാണ് ഇന്നലെ പിറവിയെടുത്ത മീറ്റ് റെക്കോര്‍ഡുകള്‍ക്ക് അവകാശികളായത്.
















