തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞ് ട്രിപ്പിള്‍ ജംബ് താരം ഒളിമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരിയും ഭാര്യ പോള്‍വാള്‍ട്ട് താരം എസ്.സുരേഖയും. കഴിഞ്ഞ ദിവസം നടന്ന പോള്‍വാള്‍ട്ടില്‍ മീറ്റ് റെക്കോര്‍ഡോടെ സുരേഖ സ്വര്‍ണ്ണം നേടിയപ്പോള്‍ ഇന്നലെ നടന്ന ട്രിപ്പിള്‍ ജംബില്‍ 16.66മീറ്റര്‍ എന്ന മീറ്റ് റെക്കോര്‍ഡോടെ രഞ്ജിത്ത് മഹേശ്വരിയും സ്വര്ണ്ണമണിയുകയായിരുന്നു. രഞ്ജിത്തിന് ഏഷ്യന്ഗയിംസിലെ പങ്കാളിത്തത്തിന് യോഗ്യതയും നേടിക്കൊടുത്തു പുതിയ മീറ്റ് റെക്കോര്‍ഡ്.
2011 ല്‍ പഞ്ചാബിലെ ആര്പിന്ദര് സിംഗ് സ്ഥാപിച്ച 16.62 ആണ്് കേരളതാരം രഞ്ജിത് മഹേശ്വരി ചാടിക്കടന്നത്. ആദ്യ റൗണ്ടുകളില്‍ 15.79 ഉം 16.01 ഉം വരെയെത്തിയ മഹേശ്വരി അവസാന റൗണ്ടില്‍ റെക്കോര്‍ഡ് തിരിത്തിക്കുറിക്കുകയായിരുന്നു.
മുന്‍ റെക്കോര്‍ഡ് നേടിയ ആര്പിന്ദര് സിംഗിന് 16.41 ചാടി വെള്ളി നേടാനേ കഴിഞ്ഞുള്ളൂ. 2008 ലെ ബീജിംഗിലെ ഒളിംപിക്സിലും 2012 ലെ ലണ്ടന്‍ ഒളിംപിക്സിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2007 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും 2013ലെ കോമണ്‍വെല്‍ത്ത് ഗയിംസില് വെങ്കലവും നേടിയ ഈ കോട്ടയത്തുകാരനെ രാജ്യം അര്‍ജ്ജുന അവാര്‍ഡ് നല്കി ആദരിച്ചു.
സുരേഖ പിറന്നത് കേരളത്തിലെങ്കിലും ഉയരങ്ങള്‍ ചാടിക്കടന്ന് മെഡലുകള്‍ നേടിയത് തമിഴ്നാട്ടിനു വേണ്ടിയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പോള്‍വാള്‍ട്ടില്‍ സ്വന്തം റെക്കോര്‍ഡായ 3.85 എന്നത് തിരുത്തിക്കുറിച്ച് 4 മീറ്റര്‍ ചാടിക്കടന്ന് സ്വര്ണ്ണമണിയുകയായിരുന്നു സുരേഖ.
രഞ്ജിത്ത് റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് കാണാന്‍ സുരേഖ ട്രാക്കിന് സമീപം തന്നെ ഉണ്ടായിരുന്നു. ഇരുവരും തങ്ങളുടെ നേട്ടം കേരള ജനതയ്ക്കും മകള്‍ ജിയാ രഞ്ജിത്തിനും വേണ്ടി സമര്‍പ്പിച്ചു. കേരളത്തിന്റെ പിന്തുണയാണ് വിജയത്തിനുപിന്നിലെന്ന് ഇരുവരും പറഞ്ഞു. ജനിച്ചുവളര്‍ന്ന മണ്ണില്‍ വിജയം കൈവരിക്കാനായ സന്തോഷത്തിലാണ് ഇരുവരും.
















