പുരുഷന്മാരുടെ ഹൈജമ്പില്‍ റെക്കോര്‍ഡ് മറികടന്ന് വെള്ളി നേടുന്ന ശ്രീനിത്ത് മോഹന്‍
തിരുവനന്തപുരം: കായികകേരളം അവഗണിച്ച് പ്രതിഭ. ഒരു പരിശീലകന്‍പോലുമില്ലാതെ ആദ്യ ദേശീയ ഗെയിംസിന് ഒരുക്കും. ചിട്ടയായ പരിശീലനമില്ലാത്തതുമൂലം പൈനല്‍ ദിനത്തില്‍ തന്നെ ശ്രീനിത്ത് പരിക്കിന്റെ പിടിയിലായി കടുത്ത പേശി വലിവിനെ അവഗണിച്ച് പൊരുതിയ ശ്രീനിത്തിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പുരുഷന്മാരുടെ ഹൈജമ്പരില്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ സര്‍വ്വീസസിന്റെ ജിതിന്‍ സി. തോമസാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. 2.16 മീറ്റര്‍ തന്റെ രണ്ടാമത്തെ അവസരത്തില്‍ മറികടന്നതാണ് ജിതിന് തുണയായത്. വെസ്റ്റ് ബംഗാളിന്‍രെ ഹരിശങ്കര്‍ റോയിന്‍ 2007ല്‍ സ്ഥാപിച്ച 2.14 മീറ്ററാണ് പഴങ്കഥയായത്. 216 മീറ്റര്‍ ശ്രീനിത്തും മറികടന്നുവെങ്കിലും അത് മൂന്നാമത്ത് അവസരത്തിലായതിനാല്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ട വന്നു.
ഗുരുവായൂര്‍ തേക്കേ ഹൗസില്‍ മോഹനന്റെയും രാധയുടെയും മകനായ ശ്രീനിത്ത് കുട്ടിക്കാലം മുതല്‍ പ്രതിസന്ധികളോട് പടവെട്ടിയാണ് നേട്ടങ്ങള്‍ കരുപിടിപ്പിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായ മോഹനന്റെ രണ്ടു മക്കളും സ്‌പോര്‍ട്‌സില്‍ തല്‍പരരായിരുന്നു. ചേട്ടന്‍ ശ്രീജിത്തിന്റെ ചുവടുപിടിച്ചാണ് ശ്രീനിത്ത് കളിക്കളത്തിലിറങ്ങുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ചേട്ടന്‍ ശ്രീജിത്തിന്റെ കോച്ചായ നെല്‍സന്റെയരികിലേക്ക് ശ്രീനിത്ത് എത്തുന്നത്.
ലോംഗ്ജമ്പിലും 50 മീറ്റര്‍ ഓട്ടത്തിലും തുടക്കം. 2009ലെ ജൂനിയര്‍ നാഷണല്‍ മീറ്റില്‍ നേടിയ വെങ്കലമായിരുന്നു ആദ്യ ദേശീയ മെഡല്‍. 2009ലെ ആദ്യ സ്‌കൂള്‍ മീറ്റില്‍ വെള്ളി നേടിയതിനു പിന്നിലും അവഗണനയുടെ കഥയുണ്ട്. 2009ല്‍ വാറംഗലില്‍ നടന്ന ജൂനിയര്‍ അമച്വര്‍ നാഷണല്‍ മീറ്റില്‍ 1.70 മീറ്റര്‍ മറികടന്ന് വെങ്കലം നേടിയെത്തിയ ശ്രീനിത്തിന് റവന്യൂ മീറ്റില്‍ 1.52 മീറ്റര്‍ ചാടിയ സുഹൃത്ത് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ യോഗ്യത നേടുന്നത് നിറ കണ്ണുകളോടെ കണ്ടു നില്‍ക്കേണ്ടിവന്നു. വാറംഗലില്‍ പോകുന്നതിനാല്‍ സബ് ജില്ലയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ശ്രീനിത്ത് നല്‍കിയ അപേക്ഷ അധികൃതര്‍ പുച്ഛത്തോടെ അവഗണിച്ചു.
പല വാതിലുകളും മുട്ടിനോക്കിയ ശ്രീനിത്ത് ഒടുവില്‍ നിയമപോരാട്ടത്തിലൂടെ ഹൈക്കോടതി ഉത്തരവുമായെത്തിയാണ് വെള്ളി സ്വന്തമാക്കിയത്. 2010ല്‍ തിരുവനന്തപുരത്ത് നടന്ന സ്‌കൂള്‍ മീറ്റില്‍ 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കി റെക്കോര്‍ഡ് വേട്ടയ്‌ക്ക് തുടക്കമിട്ട ശ്രീനിത്തിന്റെ പേരിലാണ് ജൂനിയര്‍ തലത്തിലെ എല്ലാ ദേശീയ റെക്കോര്‍ഡുകളും. കഴിഞ്ഞ ദേശീയ ജൂനിയര്‍ മീറ്റില്‍ 2.20 മീറ്റര്‍ ശ്രീനിത്ത് പിന്നിട്ടിരുന്നു. സൗത്ത് ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ശ്രീനിത്ത് സാഫ് ഗെയിംസില്‍ സ്വര്‍ണവും ലുസോഫോണിയ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു.
സ്‌കൂള്‍ തലം കഴിഞ്ഞ് കെസിഎയുടെ അക്കാദമിയുടെ കീഴില്‍ പരിശീലനം തേടിയെങ്കിലും അവിടെയും ശ്രീനിത്ത് അവഗണിക്കപ്പെട്ടു. 2013ലെ സ്‌കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയപ്പോള്‍ കെസിഎ ശ്രീനിത്തിന് വാഗ്ദാനം ചെയ്ത 50,0000 രൂപ പാഴ്‌വാക്കായി. ദേശീയ മത്സരത്തിനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന് ശ്രീനിത്തിന് നല്‍കാമെന്ന 8000 രൂപപോലും കെസിഎ നല്‍കിയില്ല. കെസിഎയിലെ മറ്റ് താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കിയപ്പോഴും ശ്രീനിത്തിനെ അവര്‍ അവഗണിച്ചു.
പരിശീലനം പോലും വഴിമുട്ടി നില്‍ക്കയാണ് കര്‍ണാടകയിലെ മൂഡബിദ്രിയിലുള്ള ആല്‍വാസ് കോളേജ് ശ്രീനിത്തിന്റെ സഹായത്തിനെത്തുന്നത്. അന്തര്‍ സര്‍വ്വകലാശാല മീറ്റില്‍ കോളേജിനുവേണ്ടി മത്സരിക്കണം. പ്രതിമാസം സ്റ്റൈപ്പെന്റായി ചെറിയ തുകയും ലഭിക്കും. ഇതോടെ ശ്രീനിത്ത് കര്‍ണാടകയിലേക്ക് വണ്ടി കയറി. ബാംഗ്ലൂരുവിലെ ഇന്ത്യന്‍ ക്യാമ്പില്‍ എത്തിയ ഉക്രൈയിന്‍ പരിശീലകന്‍ എവ്ജിന്‍ നികിതിന്‍ ശ്രീനിത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കിയതോടെ ശ്രീനിത്ത് സ്ഥിരമായി 2.20 മീറ്റര്‍ മറികടക്കാന്‍ തുടങ്ങി. എന്നാല്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴേക്കും ഇന്ത്യന്‍ ടീം വിദേശ കോച്ചിനെ മടക്കി അയച്ചിരുന്നു.
ഇതോടെ ഒരു പരിശീലകന്‍ പോലുമില്ലാതെ ഗെയിംസിനെത്തേണ്ട അവസ്ഥയായി. ഒരു പരിശീലകനില്ലാതെ ചാടിയതുതന്നെയാണ് ശ്രീനിത്തിനെ പരിക്കിന്റെ പിടിയിലാഴ്‌ത്തിയതും.
19 വയസ്സില്‍ 2.20 മീറ്റര്‍ മറികടക്കുന്ന ശ്രീനിത്ത് ഹൈജമ്പില്‍ ഇന്ത്യയുടെ വാഗ്ദാനമാണ്. ഹൈജമ്പില്‍ ഒളിമ്പിക്‌സ് മെഡല്‍ കൊണ്ടുവരാന്‍ പ്രതിഭയുള്ള ശ്രീനിത്തിന് അര്‍ഹമായ പരിഗണന നല്‍കാനോ പരിശീലനം നല്‍കാനോ കായികകേരളം ഇനിയും തയ്യാറായിട്ടില്ല. ഗുരുവായൂരിലെ, നേരെ നിവര്‍ന്നൊന്നു കിടക്കാന്‍ പോലും കഴിയാത്ത കൊച്ചുകൂരയുടെ മൂലയില്‍ സൂക്ഷിച്ചിരിക്കുന്ന മരപ്പെട്ടിയില്‍ ശ്രീനിത്ത് വാരിക്കൂട്ടിയിരിക്കുന്ന മെഡലുകള്‍ക്ക് കണ്ണീരിന്റെ കൂടെ തിളക്കമുണ്ട്.
















