ആലപ്പുഴ: വള്ളംകളിയുടെ നാട്ടില്‍ ഓളപ്പരപ്പിലെ കേരളത്തിന്റെ മെഡല്‍ക്കൊയ്ത്ത് തുടരുന്നു. കനോയിങ് കയാക്കിങ് മത്സരങ്ങള്‍ ഇന്ന് സമാപിക്കാനിരിക്കെ ആതിഥേയരുടെ മെഡല്‍ നേട്ടം പതിനെട്ടായി ഉയര്‍ന്നു. വേമ്പനാട്ട് കായലില്‍ ഇന്നലെ കേരളതാരങ്ങള്‍ താരങ്ങള്‍ ഒരുസ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി. 10 ഇനങ്ങളിലായിരുന്നു പോരാട്ടം.
ആദ്യഅങ്കം വനിതകളുടെ കയാക്കിങ് 500 മീറ്ററിലായിരുന്നു. അതില്‍ കേരളത്തിനുവേണ്ടി അനുഷാ ബിജു, കെ. മിനിമോള്‍, ജെസ്റ്റിമോള്‍, ജെ. ട്രീസ എന്നിവര്‍ സ്വര്‍ണം നേടി.
വനിതാ വിഭാഗം കനോയിങ് ഡബിള്‍ 200 മീറ്ററില്‍ ആതിര ഷൈലപ്പന്‍, ബെറ്റി ജോസഫ് എന്നിവര്‍ വെള്ളി സ്വന്തമാക്കി.
പുരുഷ കയാക്കിങ് ഫോര്‍ 200 മീറ്ററില്‍ വിഷ്ണു രഘുനാഥ്, ഇ.ബി. സാജു, എം. രഞ്ജിത്, എസ്. സബീഷ് സഖ്യവും വനിതാ കനോയിങ് ഫോര്‍ 200 മീറ്ററില്‍ സസുബി അലക്സാണ്ടര്‍, ആതിരാ ഷൈലപ്പന്‍, നിത്യ കുര്യാക്കോസ്, ബെറ്റി ജോസഫ് എന്നിവരും രജതപ്പതക്കങ്ങള്ക്ക് ഉടമകളായി.
വനിതാ വിഭാഗം കയാക്കിങ് ഡബിള്‍ 200 മീറ്ററില്‍ ശില്‍പ്പ മോള് ശിശുപാലനും അനുഷാ ബിജുവും വെങ്കലം പിടിച്ചെടുത്തു. പുരുഷന്മാരുടെ കനോയിങ് സിംഗിള്‍സ് 200 മീറ്ററില്‍ മോഹിത് ഗെലാട്ടും ആതിഥേയരുടെ കൂടാരത്തില്‍ വെങ്കലത്തിരി കൊളുത്തി.
അതേസമയം, ഒരു വെങ്കലം കൈമോശം വന്നത് കേരളത്തെ നിരാശയിലാഴ്ത്തി. പുരുഷവിഭാഗം കയാക്കിങ് സിംഗിള്‍ 200 മീറ്റര്‍ ഇനത്തില്‍ കേരളത്തിന് വേണ്ടി തുഴഞ്ഞ നേവിയുടെ മനഗ്ലം സിംഗിന്റെ മെഡലാണ് വള്ളത്തിന്റെ ഭാരവ്യത്യാസത്തെ തുടര്‍ന്ന് തിരിച്ചുവാങ്ങിയത്. നാലാമതെത്തിയ ദല്‍ഹിക്ക് വെങ്കലം കൈമാറുകയായിരുന്നു.
















