തൃശൂര്‍: ജൂഡോയില്‍ കേരളം വെങ്കലക്കൊയ്ത്ത് തുടരുന്നു. ഇന്നലെ മൂന്നു മെഡലുകള്‍ കേരളത്തിന്റെ പോക്കറ്റിലെത്തി.
വനിതകളുടെ 70 കിലോഗ്രാം വിഭാഗത്തില്‍ ദല്‍ഹിയുടെ നിഖിത ഗുപ്തയെ മലര്‍ത്തിയടിച്ച് വി.എസ്. ദേവീകൃഷ്ണയാണ് മെഡല്‍ വേട്ടക്ക് ശുഭാരംഭം കുറിച്ചത്. തുടര്‍ന്ന് 63 കിലോ ഗ്രാം വിഭാഗത്തില്‍ മണിപ്പൂരിന്റെ എന്‍. ബിനദേവിയെ തുരത്തിയ നയന ബി.പോളും പുരുഷന്മാരുടെ 100 കിലോഗ്രാം വിഭാഗത്തില്‍ ഉത്തര്‍ പ്രദേശിന്റെ ദീപക് ത്യാഗിയെ മറികടന്ന് മാര്വിന് ജോസഫും രണ്ടു വെങ്കലങ്ങള്‍ കൂടി കേരളത്തിന് സമ്മാനിച്ചു. ഇതോടെ ജൂഡോയില്‍ കേരളത്തിന്റെ വെങ്കലനേട്ടം അഞ്ചായി.
ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളിലൂടെ കേരള താരങ്ങള്‍ മെഡലിലേക്ക് കുതിക്കുകയായിരുന്നു. കരുത്തയായ പഞ്ചാബി താരത്തെയാണ് ആദ്യ റൗണ്ടില്‍ ദേവികൃഷ്ണ നേരിട്ടത്. രണ്ടാം റൗണ്ടില്‍ കര്‍ണാടകയുടെ എന്‍.വിനുതയെ ദേവി വീഴ്ത്തി. തിരുവനന്തപുരം ദേവയാരുകുന്ന് സ്വദേശിനിയായ ദേവീകൃഷ്ണ തൃശൂര്‍ വിമല കോളജിലെ ഒന്നാംവര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനിയാണ്. ആറ്റുമുക്ക് പറണ്ടോട് സനില്‍-ബിജി ദമ്പതികളുടെ മകളാണ്. വെള്ളായണി സ്പോര്‍ട്സ് സ്കൂളില്‍ അഞ്ചാം ക്ലാസ് മുതല്‍ പരിശീലനം നടത്തുന്നു.
ആദ്യ വട്ടത്തില്‍ ദല്‍ഹിയുടെ ഷെല്സ വാട്സിനെ അതീജിവിച്ച നയനയ്ക്കു മുന്നില്‍ ബിനാദേവിയും പിടിച്ചുനിന്നില്ല. ദേശീയ ഗെയിംസില്‍ ആദ്യമായി ഇറങ്ങുന്ന പുരുഷ ടീമിനുവേണ്ടി രണ്ടാം മെഡലാണ് മാര്വിന് നേടിയത്. ഇടുക്കി നെടുകണ്ടം കൊച്ചുകരോട്ട് വീട്ടില്‍ ജോസഫ്-ഷൈനി ദമ്പതികളുടെ മകനായ മാര്വിന് സീനിയര്‍ നാഷണലിലെ വെള്ളിമെഡല്‍ ജേതാവുകൂടിയാണ്.
നെടുംകണ്ടം സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ മാര്വിന് ദേശീയ- സംസ്ഥാന തലങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്. അതേസമയം, പി.ആര്. റെന്‍, കെ.എസ്. ഷിബു, ജെയ്സ് മാത്യു എന്നിവര്‍ക്ക് മെഡല്‍ നേടാനായില്ല. അവസാന ദിനമായ ഇന്ന് കേരളത്തിന് വേണ്ടി ജയദേവന് അങ്കത്തിനിറങ്ങും.
















