തിരുവനന്തപുരം : തന്റെ ആദ്യദേശീയ ഗെയിംസില്‍ ഏറ്റവും മികച്ച പ്രകടനത്തോടെ നീന ലോംഗ്ജമ്പില്‍ കേരളത്തിന്റെ പ്രതീക്ഷ കാത്തു. കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവ് പ്രജുഷയെ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് നീന ദേശീയ ഗെയിംസിലെ തന്റെ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 6.39 മീറ്റര്‍ കണ്ടെത്തിയാണ് നീന ഒന്നാമതെത്തിയത്. 6.25 ദൂരം ചാടികടന്ന പ്രജുഷ എംഎ വെള്ളി നേടിയപ്പോള്‍ 6.23 ദൂരം കണ്ടെത്തിയ പഞ്ചാബിന്റെ ഭൂമിക താക്കൂറിനാണ് വെങ്കലം.
തന്റെ ആദ്യ ചാട്ടത്തില്‍ തന്നെ നീന 6.39 മീറ്റര്‍ പിന്നിട്ടു. രണ്ടാമത്തെ ചാട്ടത്തില്‍ പിഴവ് വരുത്തിയ നീന മറ്റ് മൂന്ന് അവസരങ്ങളില്‍ 6 മീറ്ററിനുമുകളില്‍ ദൂരം കണ്ടെത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് നീന ഇന്നലെ പിന്നിട്ടത്.
ദാരിദ്ര്യത്തോട് പടവെട്ടി ഫീല്‍ഡിലിറങ്ങിയ നീന കോഴിക്കോട് മേപ്പയൂര്‍ വാരകില്‍ വീട്ടില്‍ നാരായണന്റെയും പ്രസന്നയുടെയും മൂത്ത മകളാണ്. കൂലി പണിക്കാരനായ നാരായണന്റെ തുച്ഛമായ വരുമാനത്തിന്റെ പിന്‍ബലത്തിലാണ് നീന കായിക രംഗത്തേയ്ക്കു ചുവടുവച്ചത്. തലശ്ശേരി സായിയിലായിരുന്നു തുടക്കം. ഹൈജമ്പ് താരമായിരുന്ന നീന പിന്നീട് ലോംഗ്ജമ്പില്‍ ചുവടുറപ്പിക്കുകയായിരന്നു.
2011 മുതല്‍ എം.എ ജോര്‍ജിന്റെ കീഴില്‍ പരിശീലനം നടത്തുന്ന നീന 2014ല്‍ ഗോവയില്‍ നടന്ന ലുസോഫോണിയ ഗെയിംസില്‍ വെള്ളി നേടിയിരുന്നു. നീനയുടെ ആദ്യ ദേശീയ മെഡല്‍ നേട്ടം 2010ല്‍ ബാംഗ്ലൂരില്‍ നടന്ന ജൂനിയര്‍ സൗത്ത് സോണ്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പായിരുന്നു. 2010ല്‍ ജൂനിയര്‍ നാഷണല്‍ ചാമ്പ്യനായ നീന 2013 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014ല്‍ ലക്നൗവില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് മീറ്റില്‍ ലോംഗ് ജമ്പില്‍ വെള്ളിയും ട്രിപ്പിളില്‍ വെങ്കലവും നേടിയ നീന ഇപ്പോള്‍ ഗുജറാത്തില്‍ റയില്‍വേയുടെ ക്ലര്‍ക്കാണ്.
ആദ്യ രണ്ട് ചാട്ടങ്ങളും പിഴച്ച പ്രജുഷ അവസാന ചാട്ടത്തിലാണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്. 2007 ല്‍ ഗുവാഹത്തിയില്‍ നടന്ന ദേശീയ ഗെയിംസില്‍ ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലും വെങ്കലം നേടിയ പ്രജുഷ 2011ലെ റാഞ്ചി ഗെയിംസില്‍ ട്രിപ്പിള്‍ ജമ്പില്‍ വെള്ളി നേടിയിരുന്നു. 2004 ല്‍ ജംഷഡ്പൂരില്‍ നടന്ന അണ്ടര്‍ 18 നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടി ദേശീയതലത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ച പ്രജുഷ 20ല്‍പരം അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
2006ല്‍ ഇന്റര്‍യൂണിവേഴ്സിറ്റി ചാമ്പ്യനായ പ്രജുഷ 2005 മുതലുള്ള എല്ലാ സീനിയര്‍ നാഷണല്‍സിലും ലോംഗ്ജമ്പിലും ട്രിപ്പിള്‍ ജമ്പിലും മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. 2011ലെയും 2014 ലെയും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പ്രജുഷ 2014 ലെ നാഷണല്‍ ഫെഡറേഷന് കപ്പിലും രണ്ടിനങ്ങളിലും മെഡല്‍ നേടി. പ്രജുഷയുടെ മികച്ച ദൂരം 2010 ല്‍ ബാംഗ്ലൂരില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് അത്ലറ്റിക്സ് മീറ്റില്‍ കണ്ടെത്തിയ 6.55 മീറ്ററാണ്.
2002 ല്‍ എം.എ. ജോര്‍ജ്ജിന്റെ കീഴില്‍ പരിശീലനത്തിനു വന്നതോടെയാണ് പ്രജുഷയും ഹൈജമ്പില്‍ നിന്ന് ലോംഗ് ജമ്പിലേക്ക് ചുവടുമാറ്റിയത്. ചാലക്കുടി, അമ്പഴക്കാട് മാളിയേക്കല്‍ ഹൗസില്‍ ആന്റണിയുടെയും ആനിയുടെയും ഇളയമകളാണ് പ്രജുഷ.
















