തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിലെ ഏറ്റവും വേഗതയേറിയ താരങ്ങളായി ഹരിയാനയുടെ ധരംബീറും ഒറീസയുടെ ദ്യൂതി ചന്ദും മാറി. ഇരുവരും പൊന്നണിഞ്ഞത് മീറ്റ് റെക്കോര്‍ഡിലും.
ഇന്നലെ സായംസന്ധ്യയില്‍ ട്രാക്കിനെ തീപിടിപ്പിച്ച പോരാട്ടത്തില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് ധരംബീര്‍ ഇന്ത്യയിലെ വേഗതയുടെ ചക്രവര്‍ത്തിയായത്. സ്റ്റാര്‍ട്ടറുടെ തോക്കില്‍ നിന്ന് വെടിയൊച്ച മുഴങ്ങിയപ്പോള്‍ പന്തയക്കുതിരക്കണക്കെ കുതിച്ച ധരംബീര്‍ 10.46 സെക്കന്റില്‍ ഫിനിഷ്ലൈന്‍ കടന്നപ്പോള്‍ വഴിമാറിയത് 13 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍വ്വീസസിന്റെ അനില്‍കുമാറിന്റെ പേരിലുള്ള 10.52 സെക്കന്റിന്റെ റെക്കോര്‍ഡ്. 10.64 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഒഡിഷയുടെ അമിയകുമാര്‍ മല്ലിക് വെള്ളിയും മഹാരാഷ്ട്രയുടെ കൃഷ്ണകുമാര്‍ റാണെ (10.65 സെക്കന്റ്) വെങ്കലവും നേടി. കേരളത്തിന് വേണ്ടി ഇറങ്ങിയ ജിജിന് വിജയന് 10.95 സെക്കന്റില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ വി. ശാന്തിനിയുടെയും മഹാരാഷ്ട്രയുടെ രേഷ്മ ഷെരാഖറിന്റെയും കനത്ത വെല്ലുവിളി മറികടന്നാണ് ഒറീസയുടെ ദ്യൂതി ചന്ദ് സ്വര്‍ണ്ണം നേടിയത്. 11.76 സെക്കന്റില്‍ പറന്നെത്തി ദ്യൂതി ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ 2011-ലെ റാഞ്ചി ഗെയിംസില്‍ എച്ച്.എം. ജ്യോതി സ്ഥാപിച്ച 11.84 സെക്കന്റിന്റെ റെക്കോര്‍ഡ് വഴിമാറി. 2013-ല്‍ പൂനെയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ദ്യൂതി 200 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. നിലവിലെ റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനത്തോടെ കേരളത്തിന്റെ വി. ശാന്തിനി വെള്ളി നേടിയപ്പോള്‍ മഹാരാഷ്ട്രയുടെ സ്കൂള്‍ താരം രേഷ്മ ഷെരാഖര് 11.87 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി.
മത്സരത്തിന്റെ അവസാന അഞ്ച് മീറ്റര്‍ വരെയും മൂന്നാമതായിരുന്ന ശാന്തിനി അവസാന നിമിഷത്തെ കുതിപ്പിലാണ് വെള്ളിയണിഞ്ഞത്. കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ രേഷ്മ ഷെരാഖര് സ്പ്രിന്റ് ഡബിള്‍ നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലില്‍ രശ്മി ഷെരാഖറായിരുന്നു ഏറ്റവും മികച്ച സമയം കുറിച്ചിരുന്നത്.
11.70സെക്കന്റിലായിരുന്നു രശ്മിയുടെ സെമിഫൈനലില്‍ കുറിച്ച സമയം. ആദ്യമായി ദേശീയ ഗെയിംസില്‍ പങ്കെടുത്തതിന്റെ സമ്മര്‍ദ്ദവും വന്‍ മത്സരങ്ങളില്‍ പങ്കെടുത്തതിന്റെ അനുഭവസമ്പത്തില്ലാത്തതുമാണ് രശ്മിക്ക് തിരിച്ചടിയായത്.
കേരളത്തിന് വേണ്ടി ഇറങ്ങിയ മറ്റ് വനിതകളായ മെര്ലിന് കെ. ജോസഫ് നാലാമതും സിനി. എസ് ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
















