തിരുവനന്തപുരം: നിലവാരമില്ലാത്ത സൈക്കിളുകള്‍ വാങ്ങി നല്കി വെലോഡ്രാം ട്രാക്കില്‍ മത്സരത്തിനിറക്കിയ മലയാളി താരങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്.
കഴിഞ്ഞ ദിവസം യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നതിനിടെ കേരളതാരം വിനായകിന് സൈക്കിളിന്റെ ചെയിന്പൊട്ടിത്തെറിച്ചുവീണ് പരിക്കേറ്റിരുന്നു. ഇന്നലെ രാവിലെ നടന്ന ടൈം ട്രയല്‍ മത്സരത്തിനിടെ കേരളത്തിന്റെ സൈക്ലിംഗ് താരം പി.സയോണ്‍ ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് സൈക്കിളില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു.
കേരളത്തിന് പ്രതീക്ഷയുണ്ടായിരുന്ന സയോണ്‍ പരിക്കിനെ തുടര്‍ന്ന് മത്സരിക്കാനാവാതെ പുറത്തായി. ഇന്നലെ രാവിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനായുള്ള യോഗ്യതാ റൗണ്ടിന് കേരളത്തിന്റെ വിനായക് സൈക്കിള്‍ പായിക്കവെ വീണ്ടും ചെയിനും വീലിലെ ട്യൂബും പൊട്ടിച്ചിതറി തെറിച്ചുവീണ് അപകടത്തില്‍പ്പെട്ടു.
വിനായകിന്റെ കൈക്കും കാലിനും ഇടുപ്പിനും മുറിവുണ്ട്. ഇന്നു നടക്കുന്ന സൈക്ലിംഗ് മത്സരത്തില്‍ പങ്കെടുക്കാനാവുമോ എന്നറിയാതെ ചികിത്സയിലാണ് വിനായക്.
അക്സര്‍ കൊണ്ട് ഉറപ്പിക്കേണ്ട റഫ് വീലിലെ റബര്‍ ട്യൂബ് ഫെവിബോണ്ട് കൊണ്ട് മുട്ടിച്ചതാണ് ഇന്നലെ സൈക്കിള്‍ അപകടത്തില്‍ പെടാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു.
സൈക്കിളിന്റെ നിലവാരമില്ലായ്മയും അറ്റകുറ്റപ്പണികള്‍ക്ക് സാങ്കേതിക വിദഗ്ധരില്ലാത്തതുമാണ് സൈക്കിളുകള്‍ ട്രാക്കില്‍ നിലംപതിക്കുവാന്‍ കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്. മത്സരത്തിനെത്തിയ രണ്ട് സൈക്ലിസ്റ്റുകളെയാണ് സ്പോര്‍ട്സ് കൗണ്‍സില്‍ സൈക്കിളുകളുടെ അറ്റകുറ്റപ്പണിക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ താരങ്ങള്‍ ഗുണനിലവാരമുള്ള സൈക്കിളുകളില്‍ വിജയകുതിപ്പ് നടത്തുമ്പോള്‍ നമ്മുടെ താരങ്ങള്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ നടുവൊടിക്കുന്ന പഴഞ്ചന്‍ സൈക്കിളുകള്‍ നല്‍കിയാണ് ട്രാക്കിലിറക്കുന്നത്. പെണ്‍കുട്ടികളില്‍ മെഡല്‍ നേടിയവരിലധികവും സ്വന്തമായി വാങ്ങിയ സൈക്കിളുകളാണ് ഉപയോഗിക്കുന്നത്.
മത്സരത്തിന് ട്രാക്കിലിറങ്ങും മുമ്പ് താരങ്ങള്‍ ഉപയോഗിക്കുന്ന സൈക്കിളുകള്‍ അറ്റകുറ്റപ്പണി തീര്‍ത്ത് അപകടരഹിതമെന്നുറപ്പുവരുത്താനെങ്കിലും കായിക മന്ത്രാലയങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍…!
















