തൃശൂര്‍: വനിതാ വിഭാഗം ബോക്സിംങ് റിംഗില്‍ കേരളത്തിന്റെ എം.മീനാകുമാരി ഒരിക്കല്‍ കൂടി ചീറ്റപ്പുലിയായി. രണ്ടാം റൗണ്ടില്‍ എതിരാളിക്ക് ഒരു പഴുതും അനുവദിക്കാതെയാണു മീനാകുമാരി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. മധ്യപ്രദേശിന്റെ അംഗിത ഗെയ്ര്തയെയാണ് അത്യുഗ്രന്‍ പ്രകടനത്തോടെ മീനാകുമാരി പരാജയപ്പെടുത്തിയത്.
സ്കോര്‍ 17-7. മത്സരത്തിലെ നാലു റൗണ്ടുകളിലും വ്യക്തമായ മേല്‍ക്കൈ പുലര്‍ത്തിയാണ് കേരളത്തിന്റെ മണിപ്പൂരി താരം തന്റെ വിജയം ഗംഭീരമാക്കിയത്. 57-60 കിലോ വിഭാഗത്തിലായിരുന്നു ഈ മിന്നും പ്രകടനം. പ്രാഥമിക റൗണ്ടില്‍ പുറത്തെടുത്ത മത്സരവീര്യവും കാണികളുടെ അകമഴിഞ്ഞ പിന്തുണയും കൂടി ചേര്‍ന്നപ്പോള്‍ രണ്ടാം മത്സരത്തിലും മീനാകുമാരി ഇടിക്കൂട്ടിലെ റാണിയായി മാറി.
അംഗിതയെ ബുദ്ധിപരമായ നീക്കങ്ങള്‍ക്കൊടുവിലാണു മീനാകുമാരി ഓരോ റൗണ്ടിലും തറപറ്റിച്ചത്. ഒന്നാം റൗണ്ടില്‍ 5-3 എന്ന സ്കോറിന് മീനാകുമാരി മുന്നിട്ടു നിന്നു. തന്നെക്കാള്‍ ഉയരക്കൂടുതലുള്ള എതിരാളിയെ രണ്ടാമത്തെ റൗണ്ടില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച മീനാകുമാരി എതിരാളിക്ക് പഴുതൊന്നും നല്‍കിയില്ല. ആ റൗണ്ടിലും വ്യക്തമായ മേല്‍ക്കൈ നേടി. സ്കോര്‍ നില 5-1. മൂന്നാം റൗണ്ടില്‍ 4-1, നാലാം റൗണ്ടില്‍ 3-2 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍.
ദേശീയ ഗെയിംസിലെ ആദ്യ മത്സരത്തില്‍ മിസോറാമിന്റെ ക്രോസ്സ് ഹരംഗായ് സാംഗിയെയും മീനാകുമാരി വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചിരുന്നു. നാളെ മീനകുമാരിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഗോവയുടെ സുനിത യാദവുമായിട്ടാണ്. 48-51 കിലോ വിഭാഗം മത്സരങ്ങളില്‍ അരുണാചല്‍ പ്രദേശിന്റെ തോണിബാല ചാനു പഞ്ചാബിന്റെ ഗുര്ഹര് കിരാത് കൗറിനെ 24-6ന് തോല്‍പ്പിച്ചു. ഇതേ വിഭാഗത്തില്‍ പശ്ചിമ ബംഗാളിന്റെ ഡോളി സിങ്ങ് 4-0 ന് ഗുജറാത്തിന്റെ ബദൗരിയ്യ ജ്യോതിയെ പരാജയപ്പെടുത്തി. 57-60 കിലോ വിഭാഗത്തില്‍ ഗോവയുടെ സുനിത യാദവ് ആന്ധ്രാപ്രദേശിന്റെ അന്നപൂര്ണയ്ക്കെതിരെ വന്‍ വിജയം നേടി. സ്കോര്‍ 18-4. ഇതേവിഭാഗത്തില് ഡല്‍ഹിയുടെ ഗീത പഞ്ചാബിന്റെ പ്രിയങ്കാ താക്കൂറിനെ 12-8ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടി.
തുടര്‍ന്ന് ഇതേവിഭാഗത്തില് അരങ്ങേറിയ വാശിയേറിയ മത്സരത്തില്‍ അരുണാചല്‍ പ്രദേശിന്റെ അന്ജേമ കാഖലാരി ഉത്തരാഖണ്ഢിന്റെ കമല ബിസ്തിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലെത്തി. സ്കോര്‍ നില തുല്യമായെങ്കിലും (17-17) വ്യക്തിഗത മികവില്‍ അന്ജേമയെ ഭാഗ്യം തുണച്ചു. 69-75 കിലോ വിഭാഗത്തില്‍ ഒഡീഷയുടെ സ്വര്‍ണ ശിഖ വാക്കോവറില്‍ വിജയിച്ച് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തി. ഇതേ വിഭാഗത്തില്‍ ആന്ധ്രാപ്രദേശിന്റെ സാതിവാപ മാര്‍ത്തമ്മ മധ്യപ്രദേശിന്റെ രേഖയെ തോല്‍പ്പിച്ചു ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍ 19-10.
തൃപ്രയാറില്‍ നടക്കുന്ന ബോക്സിംഗ് വനിതാ മത്സരത്തില്‍ കേരളത്തിന്റെ മീനാ കുമാരിയുടെ പ്രകടനം
















