തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയഗെയിംസിന്റെ എട്ടാംദിനം കേരളത്തിന് നിരാശ. ഇന്നലെ ഒരു വെള്ളിയും വെങ്കലവും മാത്രമാണ് സംസ്ഥാനത്തിന്റെ നേട്ടം. സൈക്ലിംഗിലായിരുന്നു രണ്ട് മെഡലുകളും. ഇതോടെ കേരളത്തിന്റെ മൊത്തം മെഡല്‍ നേട്ടം 16 സ്വര്‍ണ്ണം 14 വെള്ളി 23 വെങ്കലമടക്കം 53 ആയി. നാലാം സ്ഥാനത്താണ് കേരളം.
28 കിലോമീറ്റര്‍ വനിതകളുടെ വ്യക്തിഗത ടൈം ട്രയല്‍ ഫൈനലില്‍ മഹാരാഷ്‌ട്രയുടെ റിതു ജസ്ത്പുതേ 46.49 മിനിട്ടും 145 സെക്കന്റും കൊണ്ട് സൈക്കിള്‍ റൈഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. 48മിനിറ്റ് 07.961 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്റെ കൃഷ്‌ണേന്ദു വെള്ളിയും 48മിനിറ്റ് 20.357 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കേരളത്തിന്റെ തന്നെ മഹിതാമോഹന്‍ വെങ്കലവും കൈക്കലാക്കി.
പുരുഷന്മാരുടെ 126 കിലോമീറ്റര്‍ ദീര്‍ഘദൂര മാസ് ട്രയല്‍ വിഭാഗത്തില്‍ ഹരിയാനയുടെ പങ്കജ്കുമാര്‍ (3.22 മണിക്കൂര്‍)സ്വര്‍ണവും കര്‍ണ്ണാടകയുടെ എന്‍. ലോകേഷ് (3.22 മണിക്കൂര്‍ 980 സെക്കന്റ്) വെള്ളിയും മഹാരാഷ്‌ട്രയുടെ അഭിനന്ദന്‍ ഭേസലെ (3.22 മണിക്കൂര്‍ 04.100 സെക്കന്റ്) വെങ്കലം നേടി.
ടെന്നീസില്‍ ഗുജറാത്തിന്റെ അങ്കിത റൈനക്ക് ട്രിപ്പില്‍ സ്വര്‍ണ്ണം. ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്ന അങ്കിത റൈന ഇന്നലെ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടി. പുരുഷന്മാരുടെ സിംഗിള്‍സില്‍ തമിഴ്‌നാടിന്റെ രാംകുമാര്‍ രാമനാഥന്‍ തമിഴ്‌നാടിന്റെ തന്നെ ശ്രീറാം ബാലാജിയെ പരാജയപ്പെടുത്തിസ്വര്‍ണം നേടി.
42 സ്വര്‍ണ്ണവും 13 വെള്ളിയും 14 വെങ്കലവുമടക്കം 69 മെഡലകളുമായി സര്‍വ്വീസസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 27 സ്വര്‍ണ്ണും 36 വെള്ളി 27 വെങ്കലവും നേടിയ മഹാരാഷ്‌ട്ര രണ്ടാം സ്ഥാനത്തും 27 സ്വര്‍ണ്ണവും 18 വെള്ളിയും 7 വെങ്കലവുമടക്കം 52 മെഡലുകളുള്ള ഹരിയാന മൂന്നാം സ്ഥാനത്തും തുടരുന്നു.
















