തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടാന്‍ പാലക്കാട് നിന്ന് ഒമ്പത്താരങ്ങളാണ് വരുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ അത്ലറ്റിക് മത്സരങ്ങള്‍ക്കായി ട്രാക്കുണരുമ്പോള്‍ കേരളത്തിന്റെ സുവര്‍ണ്ണ പ്രതീക്ഷകളും പേറിക്കൊണ്ടാണ് സ്കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായിരുന്ന പാലക്കാടിന്റെ ഒമ്പത് കൗമാരതാരങ്ങള്‍ ട്രാക്കിലിറങ്ങുന്നത്. പാലക്കാട് പറളി സ്കൂളിലെ എം.വി. രമേശ്വരി, എം.ഡി. താര, മുഹമ്മദ് അഫ്സല്, വി.വി. ശോഭ, എം.വി. ധനേഷ്, സതീഷ്. ജെ, ജിഷ. വി.വി, കെ.ടി. നീന തുടങ്ങി എട്ടു പേരും മുണ്ടൂര്‍ സ്കൂളിലെ പി.യു ചിത്രയും കൂടിയാണ് ഇക്കുറി ദേശീയ ഗെയിംസില്‍ തങ്ങളുടേതായ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.
രാമേശ്വരി തന്റെ രണ്ടാം ദേശീയ ഗെയിംസിനാണ് ഇറങ്ങുന്നതെങ്കില്‍ മറ്റുള്ളവരെല്ലാം നവാഗതരാണ്. 2003ല്‍ നടന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ എം.വി. രമേശ്വരി നേടിയ റെക്കോഡ് നേട്ടത്തിലൂടെയാണ് കായിക ഭൂപടത്തില്‍ പാലക്കാട് തങ്ങളുടെ വരവറിയിച്ചത്. രമേശ്വരിയിലൂടെ അന്ന് വീശിയ പാലക്കാടന്‍ കാറ്റ് രമേശ്വരിയുടെ സഹോദരന് എം.വി. ധനേഷിനെയുള്പ്പെടെ ഒരുപാട് പേരെ സംഭാവന ചെയ്തു. കായിക പ്രേമികളുടെ മനസ്സില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വരവ് എന്നത് ഏറെ ശ്രദ്ധേയമാണ്.
ഇവരില്‍ സൂപ്പര്‍താരങ്ങള്‍ പി.യു. ചിത്രയും മുഹമ്മദ് അഫ്സലുമാണ്. സീനിയര്തലത്തിലേക്കുള്ള ചുവടുവയ്പാണ് ഇവര്‍ക്കിത്.
പാലക്കാട് പറളി സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്സല് 800, 1500 മീറ്ററുകളിലാണ് ഓടുന്നത്. കഴിഞ്ഞ ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ രണ്ടു സ്വര്‍ണം നേടിയ അഫ്സല് പിന്നീട് ബ്രസീലില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ പങ്കെടുത്ത താരവുമാണ്. കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റിലും പൊന്നണിഞ്ഞ് വ്യക്തിഗത ചാമ്പ്യനുമായാണ് അഫ്സലിന്റെ വരവ്.
അന്തര്‍ സര്‍വകലാശാല മീറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ അകമ്പടിയുമായാണ് പി.യു. ചിത്ര എന്ന സുവര്‍ണ്ണ രാജകുമാരി തന്റെ ആദ്യ ദേശീയ മീറ്റിനിറങ്ങുന്നത്. 1500, 5000 മീറ്ററുകളിലാണ് ഈ മിടുക്കി മെഡല്‍ പ്രതീക്ഷയുമായി കേരളത്തിന് വേണ്ടി ട്രാക്കിലിറങ്ങുന്നത്. 1500ല്‍ കേരളത്തിന്റെ ഒ.പി. ജെയ്ഷയും 5000ല്‍ പ്രീജ ശ്രീധരനുമൊപ്പമാണ് ചിത്ര മത്സരിക്കാനിറങ്ങുക. പതിനായിരം മീറ്ററില്‍ എം.ഡി. താരയിറങ്ങും. യൂത്ത് കോമണ്‍വെല്‍ത്ത്, ലോക യൂണിവേഴ്സിറ്റി മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് പറളി സ്കൂളിലെ ഈ മുന്‍ താരം വരുന്നത്. പതിനായിരത്തില്‍ പ്രീജ ശ്രീധരനൊപ്പമാണ് താര മത്സരിക്കുക.
വി.വി. ശോഭ 3000 മീറ്ററില്‍ പറളിയുടെ സൂപ്പര്‍താരമായിരുന്ന എം.വി. രമേശ്വരിക്കൊപ്പം മത്സരിക്കും. കെ.ടി. നീന ഉെക്രയ്നില്‍ നടന്ന ലോക യൂത്ത് മീറ്റില്‍ പങ്കെടുത്ത ഏക മലയാളി താരമാണ്. 20 കിലോ മീറ്റര്‍ നടത്തത്തിലാണ് നീന മെഡല്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുന്നത്. ഇക്കഴിഞ്ഞ റാഞ്ചി സ്കൂള്‍ ഗെയിംസിലും നീന പൊന്നണിഞ്ഞിരുന്നു.
സ്കൂള്‍ മീറ്റിലെ മറ്റൊരു സൂപ്പര്‍താരമായ വി.വി. ജിഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇറങ്ങും. ഏഷ്യന്‍ സ്കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണം ഈ പതിനാറുകാരി നേടിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന ലോക ജൂനിയര്‍ മീറ്റിലും മത്സരിച്ചു. ഏഷ്യന്‍ ജൂനിയര്‍ മീറ്റില്‍ 4400 റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗം. പുരുഷ ടീമിലെ പറളിയുടെ ഓട്ടക്കാരന് എം.ഡി. ധനേഷും കേരളത്തിനായി ട്രാക്കിലിറങ്ങുന്നുണ്ട്.
പരിചയസമ്പത്തുള്ള അനേകം താരങ്ങള്‍ക്കൊപ്പം മത്സരിക്കാനിറങ്ങുമ്പോഴും ഈ യുവപ്രതിഭകളുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവു വന്നിട്ടില്ല. എന്തായാലും കുട്ടികളുടെ കഠിനപ്രയത്നത്തിന്റെ ഫലം മെഡലുകളായി പിറവിയെടുക്കുമെന്നും അത് കേരളത്തിന് സമ്മാനിക്കാന്‍ കഴിയുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് പറളിയുടെയും മുണ്ടൂരിന്റെയും പരിശീലകരായ മനോജും ഷിജിത്തും.
















