തിരുവനന്തപുരം: ”ഈ സ്വര്‍ണ്ണം എനിക്കൊരു വീട് നല്‍കുമോ” വോട്ടര്പോളോയില് ജേതാക്കളായ കേരളാ ടീം അംഗമായ സൗമ്യ മെഡലിനെ നോക്കി ചോദിച്ച ചോദ്യമാണിത.്
സ്വന്തമായി ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത കുടുംബത്തിലെ അംഗമാണ് സൗമ്യ. പി. എന്ന താരം. മൂന്നാം ക്ലാസു മുതല്‍ നീന്തക്കുളത്തില് നിന്ന് സൗമ്യ നേടിയെടുത്തത് നിരവധി സമ്മാനങ്ങളാണ്.എന്നാല്‍ അവയ്ക്കൊന്നും സൗമ്യയുടെ ജീവിതത്തെ നിറം പിടിപ്പിക്കാനായില്ല.
പിരപ്പന്‍കോട് മാണിക്കല്‍ പഞ്ചായത്തിലാണ് സൗമ്യയുടെ വീട്.സ്വന്തമായി ഭൂമിയില്ലാത്തിനാല് ബന്ധു തത്കാലം നല്കിയ രണ്ട് സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് സൗമ്യയുടെ താമസം.
അച്ഛന് മോഹനന് നായര്‍ ചുമട്ടുതൊഴിലാളിയായിരുന്നു. പക്ഷേ, കഴിഞ്ഞ വര്‍ഷം വിധി ഡിസ്ക് തേയ്മാനത്തിന്റെ രൂപത്തില്‍ എത്തിയതോടെ കുടുംബത്തിന്റെ വരുമാനമാര്‍ഗം നിലച്ചു.
കടംവാങ്ങിയും മറ്റും ചികിത്സ നടത്തി. ദിവസവും അഞ്ഞൂറ് രൂപയ്ക്കു മുകളില്‍ വേണം മരുന്നിന് മാത്രം. നാട്ടുകാരുടെ സഹായത്തോടെ നടത്തുന്ന ചായക്കടയാണ് കുടുംബത്തിന്റെ ഏക ആശ്രയം. അതില്‍ നിന്നു കിട്ടുന്ന കാശ് മരുന്നിന് പോലും തികയില്ല എന്നതാണ് സത്യം.
അമ്മ പ്രസന്നകുമാരി തൊഴിലുറപ്പിന് പോയി ലഭിക്കുന്ന തുകയില്‍ നിന്നാണ് അനുജന് വിഷ്ണുവിന്റ പഠനച്ചെലവും വീട്ടുകാര്യങ്ങളും നടക്കുന്നത്. മോഹനന് നായര്‍ക്ക് അസുഖം കൂടിയാല്‍ പിന്നെ തൊഴിലുറപ്പ് പണിക്ക് ഇറങ്ങാനും കഴിയില്ല. അന്ന് കുടുംബം പട്ടിണിയിലാകും.
പഞ്ചായത്തില്‍ ഒരു വീടിനുവേണ്ടിയും ഭൂരഹിതര്‍ക്ക് ഭൂമിനല്കുന്നതിലുമെല്ലാം അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ അവഗണിച്ചു.
ചെമ്പഴന്തി എസ്എന്‍ കോളേജിലെ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സൗമ്യയുടെ ആദ്യ ദേശീയ ഗെയിംസാണെങ്കിലും താരം ദേശീയ ചാമ്പ്യന്‍ഷിപ്പിലെ നിറസാന്നിദ്ധ്യമാണ്. വലിയ വേദികളിലെ മത്സരച്ചെലവ് അടക്കമുള്ള കാര്യങ്ങളില്‍ സഹായത്തിനുള്ളത് സൗമ്യയെ നീന്തല്താരമാക്കിയ പിരപ്പന്‍കോട് ഡോള്‍ഫിന്‍ ക്ലബ്ബിലെ പരിശീലകരും.
അച്ഛന്റെ ചികിത്സക്കും വീട്ടിലെ പട്ടിണി മാറ്റാനും സൗമ്യയ്ക്കൊരു ജോലിവേണം. അതിന് ഇപ്പോഴത്തെ നേട്ടം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സൗമ്യ. ഈ സ്വര്ണ്ണത്തിളക്കത്തിലെങ്കിലും സൗമ്യക്കൊരു വീടൊരുങ്ങും എന്ന പ്രതീക്ഷയിലാണ് കുടുംബം.
















