തിരുവനന്തപുരം: ഇന്ത്യന്‍ നീന്തല്‍ രംഗത്തെ സൂപ്പര്‍താരമായ റിച്ച മിശ്ര ഇത്തവണയും നീന്തല്‍ക്കുളത്തിലെ താരമായി. പത്തുതവണ ദേശീയചാമ്പ്യനായ റിച്ച മിശ്ര ഇത്തവണ നാലുസ്വര്‍ണ്ണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമുള്‍പ്പെടെ എട്ട് മെഡലുകളാണ് സ്വന്തമാക്കിയത്. 100, 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും 200, 100 മീറ്റര്‍ മെഡ്‌ലേയിലും സ്വര്‍ണ്ണം നേടിയ റിച്ച 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഒഴികെ മൂന്നിനങ്ങളിലും റെക്കോര്‍ഡും സ്വന്തമാക്കി. 2011ലെ ദേശീയ ഗെയിംസില്‍ 11 സ്വര്‍ണ്ണമായിരുന്നു റിച്ച മുങ്ങിയെടുത്തിരുന്നത്.
യുപി വേരുകളുള്ള വി.കെ. മിശ്രയുടെയും സ്‌കൂള്‍ അധ്യാപികയായ ലളിത മിശ്രയുടെയും മകളായ റിച്ച ചേച്ചിയുടെ പാത പിന്തുടര്‍ന്നാണ് നീന്തലിലെത്തിയത്. വെയ്റ്റ് ലിഫ്റ്ററായ മിശ്ര മൂത്തമകളായ ചാരു മിശ്രയെ ദല്‍ഹിയിലെ വീടിനു സമീപത്തെ കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ വിട്ടു. ചേച്ചിയുടെ നീന്തല്‍ കാണാനെത്തിയ അനുജത്തി പിന്നീട് ചേച്ചിയെക്കാള്‍ വലിയ നീന്തല്‍ താരമായി മാറുകയായിരുന്നു.
ഒരാളുടെ വരുമാനം കൊണ്ടുമാത്രം മക്കള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ കഴിയില്ലെന്നറിയാമായിരുന്നിട്ടും മിശ്ര മക്കളുടെ നീന്തല്‍ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടില്ല. ദല്‍ഹിയിലെ എം.എം. ശര്‍മ്മയുടെ കീഴില്‍ നീന്തല്‍ പരിശീലനമാരംഭിച്ച സഹോദരിമാര്‍ ദേശീയതലത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കി. റിച്ചയുടെ ചേച്ചി ചാരുമിശ്ര 2006ലെ സീനിയര്‍ നാഷണലില്‍ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്. 1997ലെ ബാംഗ്ലൂര്‍ ദേശീയ ഗെയിംസില്‍ റിലേയില്‍ വെങ്കലത്തോടെ അരങ്ങേറ്റം കുറിച്ച റിച്ച 2002 ഹൈദ്രാബാദ് ദേശീയ ഗെയിംസില്‍ 6 സ്വര്‍ണ്ണവും 2007ല്‍ ഗുവാഹത്തി ദേശീയ ഗെയിംസില്‍ എട്ട് സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. 1998-2000 വരെയും 2006 മുതല്‍ 2012 വരെയും ദേശീയ ചാമ്പ്യന്‍പട്ടത്തിന് റിച്ചയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല.
ഏഷ്യന്‍ ഏജ് ഗ്രൂപ്പ്, ഡാഫ്,ആഫോ, ഏഷ്യാഗെയിംസ്, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ്, മൂന്നുതവണ വേള്‍ഡ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ ഇന്ത്യയെ പ്രതിനിധികരിച്ച റിച്ചയ്‌ക്ക് നേട്ടം നിലനിര്‍ത്താന്‍ പിന്തുണയായത് സിആര്‍പിഎഫില്‍ ലഭിച്ച ജോലിയാണ്.
ദാരിദ്ര്യം പ്രതിസന്ധിയായപ്പോഴാണ് അര്‍ജ്ജുന അവാര്‍ഡ് ജേതാവും സിആര്‍പിഎഫില്‍ ഡിഐജിയുമായ കട്ജന്‍സിംഗ് ടോക്കസ് റിച്ചക്കും ചാരുവിനും ജോലി നല്കുന്നത്. മധ്യപ്രദേശിലെ നിമഞ്ജയില്‍ സിആര്‍പിഎഫ് ഇന്‍സ്‌പെക്ടറാണ് റിച്ച ഇപ്പോള്‍. സിആര്‍പിഎഫ് വിട്ട് സ്വന്തമായി നീന്തല്‍ പരിശീലന കേന്ദ്രം നടത്തുന്ന ചേച്ചി ചാരുവാണിപ്പോള്‍ റിച്ചയുടെ പരിശീലക.
















