നീന്തല്‍ക്കുളത്തിലെ സുവര്‍ണ്ണരാജകുമാരന്‍ : പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഇന്നലെ സാജന്‍ പ്രകാശ്റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍- വി.വി. അനൂപ്
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ആറാം ദിവസം കേരളത്തിന് ആശ്വസിക്കാന്‍ ഒരു സ്വര്‍ണ്ണവും ഒരു വെങ്കലവും മാത്രം. നീന്തല്‍ക്കുളത്തിലെ സുവര്‍ണ്ണരാജകുമാരന്‍ സാജന്‍ പ്രകാശാണ് ഇന്നലെയും കേരളത്തെ പൊന്നണിയിച്ചത്.
പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈലിലായിരുന്നു ദേശീയ റെക്കോര്‍ഡിന്റെ അകമ്പടിയോടെ സാജന്റെ സുവര്‍ണ്ണ നേട്ടം. ഈയിനത്തില്‍ കേരളത്തിന്റെ കെ.എസ്. ആനന്ദ് വെങ്കലവും നേടി. ഇതോടെ നീന്തല്‍ക്കുളത്തില്‍ നിന്നും കേരളം നേടിയ ആറ് സ്വര്‍ണ്ണങ്ങളും സാജന്റെ പേരിലായി. കൂടാതെ അഞ്ച് വെള്ളിയും ഏഴ് വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലുണ്ട്.
ഇന്നലെ മൂന്ന് മിനിറ്റ് 57.16 സെക്കന്റില്‍ നീന്തിയെത്തിയാണ് സാജന്‍ പുതിയ ദേശീയ റെക്കോര്‍ഡും മീറ്റ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയത്. 2012-ല്‍ കര്‍ണാടകയുടെ സൗരഭ് സാംഗ്‌വേക്കര്‍ ഇന്ത്യന്‍ നാഷണല്‍സില്‍ സ്ഥാപിച്ച മൂന്ന് മിനിറ്റ് 58.62 സെക്കന്റിന്റെ റെക്കോര്‍ഡാണ് സാജന്റെ കുതിപ്പില്‍ തകര്‍ന്നത്.
2011-ല്‍ കര്‍ണാടകയുടെ ഗഗന്‍. എ.പി. സ്ഥാപിച്ച 4 മിനിറ്റ് 04.01 സെക്കന്റിന്റെ റെക്കോര്‍ഡും സാജന്‍ തന്റെ പേരിലാക്കി. മഹാരാഷ്‌ട്രയുടെ സൗരഭ് സാംഗ്‌വേക്കര്‍ മൂന്ന് മിനിറ്റ് 59.70 സെക്കന്റില്‍ വെള്ളിനേടിയപ്പോള്‍ കേരള താരം കെ.എസ്. ആനന്ദ് (നാല് മിനിറ്റ് 03.07 സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.
ലോണ്‍ ബൗള്‍സ് വനിതകളുടെ സിംഗിള്‍സ്, ഫോര്‍സ്, പുരുഷന്മാരുടെ ട്രിപ്പിള്‍സ്, പെയേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ കേരളം ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി. പുരുഷ ടെന്നീസ് സിംഗിള്‍സിലും കേരളം പരാജയപ്പെട്ടു. ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന്റെ ശ്രീരാം ബാലാജിയോടാണ് കേരളത്തിന്റെ ഹാദിന്‍ ബാവ കീഴടങ്ങിയത്.
അതേസമയം സര്‍വ്വീസസ് മെഡല്‍ വേട്ടയില്‍ എതിരാളികളെ ബഹുദൂരം പിന്തള്ളി കുതിപ്പ് തുടരുകയാണ്. 38 സ്വര്‍ണ്ണവും 11 വെള്ളിയും 12 വെങ്കലവുമടക്കം 61 മെഡലുകളാണ് അവര്‍ക്കുള്ളത്. ഹരിയാനയെ പിന്തള്ളി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനത്തേക്ക് കയറി. 25 സ്വര്‍ണ്ണവും 29 വെള്ളിയും 20 വെങ്കലവുമടക്കം 74 മെഡലുകള്‍. 25 സ്വര്‍ണ്ണവും 13 വെള്ളിയും ആറ് വെങ്കലവുമടക്കം 44 മെഡലുകള്‍ ഉള്ള ഹരിയാന മൂന്നാം സ്ഥാനത്തും 14 സ്വര്‍ണ്ണം, 12 വെള്ളി, 18 വെങ്കലമടക്കം 44 മെഡലുകളുമായി കേരളം നാലാം സ്ഥാനത്തും നില്‍ക്കുന്നു.
















