തൃശൂര്‍: റിങ്ങിലെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ച് സ്വകാര്യ ചാനലിനോട് സംസാരിച്ച കേരളാ വനിതാ ടീമിന്റെ കോച്ചും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ ഡി. ചന്ദ്രബാലുവിനെ എംഎല്‍എയുടെ നേതൃത്വത്തില്‍ കയ്യേറ്റം ചെയ്തു.
തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് പുറത്തുവെച്ച് ടി.എന്‍. പ്രതാപന് എംഎല്‍എയുടെ നേതൃത്വത്തിലെ ഒരുസംഘം ആളുകളാണ് കേരള കോച്ചിനെ കയ്യേറ്റം ചെയ്തത്. ചാനലില്‍ വാര്‍ത്ത വന്നയുടനെ ഒരു കൂട്ടം ആളുകളോടൊപ്പം കോച്ചിന്റെ അടുത്തെത്തിയ എംഎല്‍എ അദ്ദേഹത്തിന്റെ ഷര്‍ട്ടിന്റെ കോളറില്‍ കയറിപ്പിടിച്ചെന്നാണ് ആരോപണം. സ്റ്റേഡിയം വിട്ടുപോകുന്നതിന് മുന്‍പ് തല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു.
ഇതുസംബന്ധിച്ച് മറ്റു മാധ്യമങ്ങളോട് പറയാന്‍ ഒരുങ്ങവെ കോച്ചിനെ ചിലര്‍ വീണ്ടും ഭീഷണിപ്പെടുത്തിയതായും അദ്ദേഹത്തിനെതിരെയുള്ള വിജിലന്‍സ് കേസ് കൂടുതല്‍ സജീവമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും വിവരമുണ്ട്. സംഭവത്തെക്കുറിച്ച് ആര്‍ക്കും പരാതി നല്കാന് ഉദ്ദേശിക്കുന്നില്ലെന്ന് ചന്ദ്രബാലു പറഞ്ഞു.
ബോക്സിങ്് അസോസിയേഷനുകള്‍ തമ്മിലെ ശീതസമരമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നാണ് സൂചന. കേരള താരങ്ങളെ ഒഴിവാക്കി ഇറക്കുമതിക്കാരെ മത്സരത്തിന് തെരഞ്ഞെടുത്തതില്‍ കോച്ചിന് പങ്കുള്ളതായി ആരോപണമുണ്ട്.
എന്നാല്‍ ഇന്നലെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച മണിപ്പൂരി താരം മീനകുമാരി 2010 മുതല്‍ കേരളത്തിന് മത്സരിക്കുന്നയാളാണെന്ന് കോച്ച് ചന്ദ്രബാലു പറഞ്ഞു.
60 കിലോ വിഭാഗത്തില്‍ മത്സരിച്ച മീനാകുമാരി രണ്ടാംറൗണ്ടില്‍ പ്രവേശിക്കുകയും ചെയ്തു. കൂടാതെ അല്‍ഫോണ്‍സ, പ്രിന്‍സി ജോസഫ് എന്നിവരാണ് കേരളത്തിനുവേണ്ടി ചന്ദ്രബാലുവിന്റെ കീഴില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. എംഎല്‍എയുടേയും കൂട്ടരുടേയും നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഘാടകസമിതി ചെയര്മാന് കൂടിയായ എംഎല്‍എ പ്രശ്നം പരിഹരിക്കേണ്ടതിന് പകരം പ്രകോപനപരമായി പെരുമാറിയതായും ചിലര്‍ കുറ്റപ്പെടുത്തുന്നു.
















