തിരുവനന്തപുരം: ഡൈവിംഗില്‍ കേരളത്തിന്റെ ഭാവി പ്രതിസന്ധിയിലേക്ക്. ദേശീയ തലത്തില്‍ സംസ്ഥാനത്തിനുവേണ്ടി മത്സരിക്കാന്‍ ആളില്ലാത്ത സ്ഥിതി സംജാതമാകുന്നു.
കഴിഞ്ഞദിവസം ഡൈവിംഗില്‍ സ്വര്‍ണ്ണം നേടിയ സിദ്ധാര്‍ത്ഥ് പരദേശി ഇനി കേരളത്തെ പ്രതിനിധീകരിക്കാന്‍ ഉണ്ടാവില്ല.
മഹാരാഷ്‌ട്രാ സ്വദേശിയായ സിദ്ധാര്‍ത്ഥിന് സര്‍വീസസിലേക്ക് ക്ഷണം വന്നുകഴിഞ്ഞു. ഡൈവിംഗ് ബോര്‍ഡില്‍ കയറാന്‍ പുതിയ താരങ്ങളെ കേരളത്തിന് കണ്ടെത്തേണ്ടിവരുമെന്ന് സാരം. കുറഞ്ഞത് അഞ്ചുവര്‍ഷത്തെ പരിശീലനമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ മെഡല്‍ പ്രതീക്ഷയുള്ള ഒരു താരത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളുവെന്ന് ദേശീയ ഡൈവിംഗ് കോച്ച് ബി.എസ്. രവിശേഖര്‍ പറയുന്നു.
1987ല്‍ കേരളം ആതിഥ്യംവഹിച്ച ദേശീയ ഗെയിംസില്‍ ഡൈവിംഗില്‍ സ്വര്‍ണ്ണം നേടിയ താരമാണ് രവിശേഖര്‍. 6 വര്‍ഷമായി ഇന്ത്യന്‍ ടീമിന്റെ കോച്ചാണ്. പക്ഷേ, കേരളത്തിനുവേണ്ടി ഇവിടെ നിന്നൊരു താരത്തെ വാര്‍ത്തെടുക്കാന്‍ കഴിയാത്തതിന്റെ നിരാശയുണ്ട് അദ്ദേഹത്തിന്.
പരിശീലന സൗകര്യമില്ലാത്തതാണ് പ്രധാനമായും കേരളത്തിന് തിരിച്ചടിയാകുന്നത്. ഇന്ത്യന്‍ കോച്ച് കേരളത്തില്‍ വന്ന് പരിശീലനം നല്‍കാന്‍ തയ്യാറായിട്ടും അതിനുള്ള സാഹചര്യമൊരുക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ മുതിര്‍ന്നില്ല.
പിരപ്പന്‍കോടുള്ള ഡൈവിംഗ് പൂള്‍ മാത്രമാണ് പരിശീലനത്തിനുള്ളത്. അതുമാത്രം പോര ഡൈവിംഗിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാന്‍. ഡൈവിംഗ് ജിംനാസ്റ്റിക്‌സ് ഉപകരണമായ ട്രംപ്ലിംഗ്, ഫോം പിറ്റ്‌സ്, ഡൈവിംഗ് ബാര്‍ എന്നിവ ഒരുക്കണം.
അന്താരാഷ്‌ട്ര നിലവാരമുള്ള പിരപ്പന്‍കോട് നീന്തല്‍ സമുച്ഛയത്തില്‍ അതിനുവേണ്ട സ്ഥലവും അവസരവുമുണ്ടെന്നാണ് നിരവധി ഡൈവേഴ്‌സിനെ വാര്‍ത്തെടുത്ത രവിശേഖര്‍ പറയുന്നത്.
ഇനിയും കേരളം പുതിയ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും അന്യസംസ്ഥാനക്കാരെ കടമെടുത്ത് മത്സരിപ്പിക്കേണ്ടിവരും.
അങ്ങനെ വന്നാല്‍ കേരളത്തിലെ പുതു തലമുറക്ക് രവിശങ്കറിനെ പോലുള്ളവരുടെ പിന്‍ഗാമികളാകാന്‍ സാധിക്കില്ല. നിരവധി താരങ്ങളുടെ സ്വപ്‌നങ്ങളാവും അതിലൂടെ ചവിട്ടിയരയ്‌ക്കപ്പെടുന്നത് .
















