തിരുവനന്തപുരം: ജിംനാസ്റ്റിക്‌സില്‍ വിസ്മയം സൃഷ്ടിച്ച് ത്രിപുരയുടെ ദീപ കര്‍മാക്കര്‍. സര്‍ക്കസ് അഭ്യാസിയുടേതിനേക്കാള്‍ മികച്ച മെയ്‌വഴക്കത്തോടെ ജിംനാസ്റ്റിക്‌സില്‍ മത്സരിച്ച അഞ്ച് ഇനങ്ങളിലും പൊന്നണിഞ്ഞാണ് തിരുവനന്തപുരത്തെ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ദീപ കര്‍മാക്കര്‍ ചരിത്രം കുറിച്ചത്.
ഓള്‍റൗണ്ട് ഇനത്തിന് പുറമെ ടേബിള്‍ വോള്‍ട്ട്, അണ്‍ ഇൗവന്‍ ബാര്‍സ്, ഫ്‌ളോര്‍, ബാലന്‍സ് ബീം എന്നീ വിഭാഗങ്ങളില്‍ മത്സരിച്ചാണ് തിരുവനന്തപുരത്ത് ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിലെ സൂപ്പര്‍താരമായ ദീപ കര്‍മാര്‍ക്കര്‍ അഞ്ച് സ്വര്‍ണ്ണം മാറോടുചേര്‍ത്തത്. 2011-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ ഓവറോള്‍ ഈയിനങ്ങളില്‍ സ്വര്‍ണ്ണം ദീപ കര്‍മാക്കറിനായിരുന്നു.
2014-ല്‍ ഗ്ലാസ്‌ഗോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ദീപാ കര്‍മാക്കര്‍ വെങ്കലം നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ദീപയുടെ പേരിലായി. മാത്രമല്ല കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജിംനാസ്റ്റിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ദീപാ കര്‍മാക്കറായി. 2010-ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ വോള്‍ട്ടില്‍ വെള്ളിയും ഫ്‌ളോറില്‍ വെങ്കലവും നേടിയ ആശിഷ് കുമാറാണ് ഈ ബഹുമതി ആദ്യം നേടിയത്.
അതിനുശേഷം നടന്ന ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നേരിയ വ്യത്യാസത്തിലാണ് ദീപ കര്‍മാക്കറിന് വെങ്കലം നഷ്ടമായത്. ത്രിപുരയിലെ അഗര്‍ത്തല സ്വദേശിനിയാണ് 21 കാരിയായ ദീപാ കര്‍മാക്കര്‍.
മേരി കോമിനെപ്പോലെ ജിംനാസ്റ്റിക്‌സില്‍ ഒളിമ്പിക് മെഡല്‍ നേടാനാണ് ആഗ്രഹമെന്ന് ദീപ കര്‍മാക്കര്‍ പറഞ്ഞു. ദേശീയഗെയിംസില്‍ രണ്ടുതവണയും അഞ്ച് സ്വര്‍ണം വീതം നേടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമാണുള്ളത്. ഇനി ലക്ഷ്യം ഒളിമ്പിക്‌സാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനായി കഠിന പരിശ്രമമാണ് നടത്തുന്നത്. തന്റെ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ കോച്ച് ബിശ്വേശ്വര്‍ നന്ദിക്കാണ് നല്‍കുന്നത്.
വാള്‍ട്ടില്‍ മദ്ധ്യപ്രദേശിന്റെ പ്രണതി നായിക് വെള്ളിയും ആന്ധ്രാപ്രദേശിന്റെ ബി. അരുണാറെഡ്ഡി വെങ്കലവും നേടിയപ്പേള്‍ ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ അരുണയ്‌ക്ക് വെള്ളിയും പ്രണതിയ്‌ക്ക് വെങ്കലവും ലഭിച്ചു. ബാലന്‍സിംഗ് ബീമില്‍ മന്ദിരാ ഹസ്രു ചൗദു (വെസ്റ്റ് ബംഗാള്‍)വെള്ളിയും വന്ദിതാ റാവല്‍(മഹാരാഷ്‌ട്ര) വെങ്കലവും നേടി. അണ്‍ ഈവന്‍ ബാര്‍സില്‍ പ്രണതിനായിക് വെള്ളിയും ദ്വിജ കെ. ആഷര്‍ (മഹാരാഷ്‌ട്ര)വെങ്കലവും നേടി.
ജിംനാസ്റ്റിക്‌സിലെ 20 മെഡലുകളില്‍ ത്രിപുര നേടിയ അഞ്ച് സ്വര്‍ണ്ണവും കര്‍മാക്കറിലൂടെയാണ്. 7 സ്വര്‍ണ്ണവും ഒന്നു വീതം വെള്ളിയും വെങ്കലവും നേടിയ സര്‍വ്വീസസാണ് ജിംനാസ്റ്റിക്‌സില്‍ ജേതാക്കളായത്.
















