തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ വീണ്ടും റെക്കോര്‍ഡുകളുടെ പ്രളയം. ഇന്നലെ നടന്ന ആറ് ഫൈനലുകളിലും പുതിയ റെക്കോര്‍ഡുകള്‍ പിറന്നു. പുരുഷന്മാരുടെ 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ സര്‍വ്വീസസിന് വേണ്ടിയിറങ്ങിയ മലയാളി താരം പി.എസ്. മധു പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചപ്പോള്‍ മറ്റ് ഫൈനലുകളില്‍ മീറ്റ് റെക്കോര്‍ഡുകളാണ് തിരുത്തപ്പെട്ടത്.
വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ ആകാംക്ഷ വോറ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞു. 17 മിനിറ്റ് 42.44 സെക്കന്റില്‍ നീന്തിയെത്തിയാണ് ആകാംക്ഷ റിച്ച മിശ്ര 2011-ല്‍ സ്ഥാപിച്ച 18 മിനിറ്റ് 14.79 സെക്കന്റിന്റെ റെക്കോര്‍ഡ് മറികടന്നത്. 17 മിനിറ്റ് 55.26 സെക്കന്റില്‍ നീന്തിയെത്തിയ മധ്യപ്രദേശിന്റെ റിച്ച മിശ്ര വെള്ളിയും 18 മിനിറ്റ് 00.03 സെക്കന്റില്‍ ഫിനിഷ് ചെയ്ത മഹാരാഷ്‌ട്രയുടെ മോണിക്ക് ഗാന്ധി വെങ്കലവും നേടി.
നീന്തല്‍ക്കുളത്തില്‍ നിന്ന് നാല് സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം ആകാംക്ഷയുടെ അഞ്ചാം മെഡലാണിത്. നേരത്തെ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലിലും 4-100മീറ്റര്‍, 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും ആകാംക്ഷ റെക്കോര്‍ഡോടെ ആകാംക്ഷ പൊന്നണിഞ്ഞിരുന്നു. 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിലാണ് വെള്ളി മെഡല്‍ ലഭിച്ചത്.
100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഗുജറാത്തിന്റെ മന്ന പട്ടേല്‍ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. ഒരുമിനിറ്റ് 05.32 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് മന്ന പട്ടേല്‍ സ്വര്‍ണ്ണം നേടിയത്. 2002-ല്‍ ശിഖ ഠണ്ടന്‍ സ്ഥാപിച്ച 1 മിനിറ്റ് 07.08 സെക്കന്റിന്റെ റെക്കോര്‍ഡാണ് മന്നയുടെ കുതിപ്പില്‍ പഴങ്കഥയായത്.
കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും മന്ന റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞിരുന്നു. ഇതോടെ മന്ന റെക്കോര്‍ഡ് ഡബിള്‍ തികയ്‌ക്കുകയും ചെയ്തു. ഒരു മിനിറ്റ് 06.09 സെക്കന്റില്‍ ഫിനിഷ് ചെയ്ത മഹാരാഷ്‌ട്രയുടെ ജ്യോത്‌സന പന്‍സാരേ വെള്ളിയും 1 മിനിറ്റ് 06.54 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കര്‍ണാടകയുടെ വാനിയ കപൂര്‍ വെങ്കലവും നേടി.
പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ഗെയിംസിലെ ഏറ്റവും വേഗതയേറിയ നീന്തല്‍താരമായ മഹാരാഷ്‌ട്രയുടെ വീര്‍ ധവാല്‍ ഘാഡെ റെക്കോര്‍ഡോ സ്വര്‍ണ്ണം നേടി. 24.73 സെക്കന്റിലാണ് ഘാഡെ സ്വര്‍ണ്ണം നേടിയത്. ഘാഡെയുടെ പേരിലുള്ള 25.16 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ തിരുത്തിക്കുറിച്ചത്.
നേരത്തെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലും 4-200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലും സ്വര്‍ണ്ണം നേടിയ വീര്‍ ധവാല്‍ ഘാഡെ ട്രിപ്പിള്‍ സ്വര്‍ണ്ണത്തിന് അര്‍ഹനായി. കൂടാതെ 4-200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയിലും സ്വര്‍ണ്ണം നേടിയ ഘാഡെ 4-100 മീറ്റര്‍ റിലേയില്‍ വെള്ളിയും നേടി. ഈയിനത്തില്‍ കേരളത്തിന്റെ ഉറച്ച പ്രതീക്ഷയായ സാജന്‍ പ്രകാശ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മറ്റൊരു മലയാളിയായ ശര്‍മ്മ എസ്.പി. നായര്‍ 25.17 സെക്കന്റില്‍ വെള്ളി നേടി. 25.37 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ബംഗാൡന്റെ സുപ്രിയ മൊണ്ടലിനാണ് വെങ്കലം.
വനിതകളുടെ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ മഹാരാഷ്‌ട്രയുടെ ജ്യോത്സന പന്‍സാരെ 29.12 സെക്കന്റില്‍ ഫിനിഷ് ചെയ്ത് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 2007-ല്‍ മഹാരാഷ്‌ട്രയുടെ ലേഖ കാമത്ത് സ്ഥാപിച്ച 29.65 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജ്യോത്സന ഇന്നലെ തിരുത്തിയത്. വെള്ളി നേടിയ മഹാരാഷ്‌ട്രയുടെ തന്നെ അവന്തിക ചവാന്‍ (29.14സെക്കന്റ്) വെങ്കലം സ്വന്തമാക്കിയ തമിഴ്‌നാടിന്റെ ഷെര്‍ലിന്‍ ദേവദാസനും (29.61 സെക്കന്റ്) നിലവിലെ റെക്കോര്‍ഡ് മറികടന്നു.
















