തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ റെറ്റ് ബോളില്‍ കേരള പുരുഷന്മാര്‍ വെങ്കലം നേടി. പ്ലേ ഓഫില്‍ കര്‍ണാടകയെ 43-38ന് പരാജയപ്പെടുത്തിയാണ് കേരള പുരുഷന്മാര്‍ വെങ്കലമണിഞ്ഞത്. നാല് ക്വാര്‍ട്ടറുകളായി നടന്ന മത്സരത്തില്‍ ആദ്യ ക്വാര്‍ട്ടറില്‍ കേരളം 11-9ന് മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ കര്‍ണാടക 11-12ന് ലീഡ് നേടി.
മൂന്നാം ക്വാര്‍ട്ടറില്‍ 10-8നും നാലാം ക്വാര്‍ട്ടറില്‍ 11-9നും ലീഡ് നേടി ഉജ്ജ്വല തിരിച്ചുവരവ് നടത്തിയാണ് കേരളം വെങ്കലം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ കേരളം പഞ്ചാബിനോടും കര്‍ണാകം ഹരിയാനയോടും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഇരുടീമുകള്‍ക്കും വെങ്കലത്തിനായി പ്ലേ ഓഫ് കൡക്കേണ്ടിവന്നത്.
പുരുഷന്മാരുടെ ഫൈനലില്‍ ഹരിയാന സ്വര്‍ണ്ണം നേടി. ഇന്നലെ നടന്ന ഫൈനലില്‍ പഞ്ചാബിനെ 58-53 തോല്‍പ്പിച്ചാണ് ഹരിയാന ഈയിനത്തില്‍ പൊന്നണിഞ്ഞത്. ആദ്യ ക്വാര്‍ട്ടര്‍ 13-13ന് സമനിലയില്‍ കലാശിച്ചു. രണ്ടും മൂന്നും ക്വാര്‍ട്ടറുകളില്‍ 14-11, 17-14 എന്ന നിലയില്‍ ഹരിയാന ലീഡ് സ്വന്തമാക്കിയതാണ് അവര്‍ക്ക് ഗുണകരമായത്.
നാലാം ക്വാര്‍ട്ടറില്‍ 14-15ന് പഞ്ചാബായിരുന്നു മുന്നില്‍. പഞ്ചാബ് വെള്ളി നേടി. വനിതകളുടെ വിഭാഗത്തില്‍ പഞ്ചാബ് വെങ്കലം നേടി. പ്ലേ ഓഫില്‍ ദല്‍ഹിയെ 42-21നാണ് പഞ്ചാബ് കീഴടക്കിയത്.
















