തിരുവനന്തപുരം: റെക്കോര്‍ഡ് ഡബിളിന്റെ തിളക്കത്തില്‍ മഹാരാഷ്‌ട്രയുടെ ഹൃതിക ശ്രീറാമം വിവാഹ ജീവിതത്തിലേക്ക്. വനിതകളുടെ 10 മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗിലും മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിംഗിലും റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ഹൃതികയുടെ വിവാഹം ഈ മാസം 26നാണ്. കര്‍ണാടക സ്വദേശിയും മഹാരാഷ്‌ട്രയുടെ ഡൈവിംഗ് താരവും മുംബൈയില്‍ റെയില്‍വേ ഉദ്യോഗസ്ഥനുമായ ഹരിപ്രസാദാണ് വരന്‍.
ഇന്നലെ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിംഗില്‍ തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ഹൃതിക ഗോള്‍ഡന്‍ ഡബിള്‍ തികച്ചത്.
2011-ല്‍ സ്ഥാപിച്ച സ്വന്തം പേരിലുള്ള 205.35 പോയിന്റിന്റെ റെക്കോര്‍ഡ് 214.5 പോയിന്റ് നേടി ഹൃതിക മറികടന്നു. 2007ലെ ഗുവാഹത്തി ദേശീയ ഗെയിംസിലും 2011ലെ റാഞ്ചി ഗെയിംസിലും ഈയിനത്തില്‍ സ്വര്‍ണ്ണം ഹൃതികയ്‌ക്കായിരുന്നു. മറ്റൊരു മഹാരാഷ്‌ട്ര പ്രതിനിധി സിംമ്രാന്‍ രജനി 201.15 പോയിന്റുമായി വെള്ളിയും പശ്ചിമ ബംഗാളിന്റെ തനുക താര (172.45 പോയിന്റ്) വെങ്കലവും സ്വന്തമാക്കി.
തെലങ്കാനയിലെ വാറംഗല്‍ സ്വദേശിയായ പാര്‍വ്വതയ്യ ശ്രീറാമിന്റെയും ജില്ലാതല നീന്തല്‍താരമായ കാഞ്ചനയുടെയും നാല് മക്കളില്‍ മൂന്നാമത്തെയാളാണ് ഹൃതിക. മൂന്ന് സഹോദരങ്ങളും ഡൈവിംഗ് താരങ്ങളാണ്, രശ്മി ശ്രീറാം, രസിക ശ്രീറാം, ഹര്‍ഷവര്‍ദ്ധന്‍ ശ്രീറാം എന്നിവര്‍ വിവിധ ദേശീയ മീറ്റുകളിലെ മെഡല്‍ ജേതാക്കള്‍.
2002 മുതല്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ജേത്രിയായ ചരിത്രമാണ് ഹൃതികയ്‌ക്കുള്ളത്. 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതിയും ഹൃതിക സ്വന്തമാക്കിയിരുന്നു.
2011ലെ റാഞ്ചി ദേശീയ ഗെയിംസില്‍ മൂന്ന് മീറ്റര്‍ സ്പ്രിങ്‌ബോര്‍ഡില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ഹൃതികയുടെ പ്രതിശ്രുത വരനായ ഹരിപ്രസാദ്. ഇത്തവണയും ഹരിപ്രസാദ് മത്സരിക്കാനിറങ്ങുന്നുണ്ട്. 2007 ലെ ഗുവാഹത്തി ഗെയിംസില്‍ വെള്ളി നേടിയ താരമാണ് ഹരിപ്രസാദ്.
















