തിരുവനന്തപുരം: പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സിലെ നീന്തല്‍ക്കുളത്തില്‍ കൊള്ളിമീനായി കുതിച്ച സാജന് പ്രകാശിന് വീണ്ടും സ്വര്‍ണ്ണം. ഇന്നലെ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലാണ് ദേശീയ റെക്കോര്‍ഡുമായി സാജന് വീണ്ടും പൊന്നണിഞ്ഞത്. നീന്തല്‍ക്കുളത്തില്‍ നിന്ന് ഗെയിംസിലെ സാജന്റെ നാലാമത്തെ സ്വര്‍ണ്ണമാണിത്.
അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രണ്ട് മിനിറ്റ് 0.69 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സാജന് നാലാം സ്വര്‍ണം നേടിയത്. രോഹന് പോഞ്ച 2009-ല്‍ ടോക്യോയില്‍ കുറിച്ച 2:00.70 സെക്കന്റിന്റെ റെക്കോര്‍ഡാണ് സാജന് പഴക്കഥയാക്കിയത്. കേരളത്തിന്റെ കെ. സുരേഷ്കുമാര്‍ 1997ല്‍ സൃഷ്ടിച്ച 2:06.88 സെക്കന്റിന്റെ മീറ്റ് റെക്കോഡും സാജന് തിരുത്തി.
2:00.80 സെക്കന്റില്‍ ഫിനിഷ് ചെയ്ത സുപ്രിയ മൊണ്ടല്‍ വെള്ളി നേടിയപ്പോള്‍ മധ്യപ്രദേശിന്റെ ആരോണ്‍ ഡിസൂസ 2:03.89 സെക്കന്റില്‍ നീന്തിയെത്തി വെങ്കലം സ്വന്തമാക്കി. ഇരുവരും നിലവിലെ മീറ്റ് റെക്കോര്‍ഡ് മറികടന്നു. നേരത്തെ ഹീറ്റ്സില്‍ 2 മിനിറ്റ് 4.85 സെക്കന്റില്‍ നീന്തിയെത്തി സുപ്രിയ മൊണ്ടല്‍ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചെങ്കിലും മണിക്കൂറുകള്‍ക്കകമാണ് ഫൈനലില്‍ സാജന് ദേശീയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞത്.
200 മീറ്റര്‍ ബട്ടര്‍ഫ്ളൈക്ക് പുറമെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ വ്യക്തിഗത സ്വര്‍ണം നേടിയ സാജന് 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു. ഇതിന് പുറമെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4-100 മീറ്റര്‍ മെഡ്ലെ റിലേയിലും 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സാജന് വെള്ളി നേടി.
അതേസമയം 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ കേരളത്തിന് വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആനന്ദ്. എ.എസ്, അനൂപ് അഗസ്റ്റിന്, ശര്‍മ്മ എസ്.പി. നായര്‍, സാജന് പ്രകാശ് എന്നിവരടങ്ങിയ ടീമാണ് നിലവിലെ റെക്കോര്‍ഡ് മറികടന്നിട്ടും വെള്ളികൊണ്ട് തൃപ്തരായത്. സമയം: 7 മിനിറ്റ് 48.02 സെക്കന്റ്. മഹാരാഷ്ട്രക്കാണ് സ്വര്‍ണ്ണം. 7 മിനിറ്റ് 44. 24 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സൗരവ് സാംഗ്വേക്കര്, ഇഷാന്ത് ജാഫര്‍, രോഹിത് ഹവല്‍ദാര്‍, വീര്‍ധവാല്‍ ഘാഡെ എന്നിവരടങ്ങിയ ടീം പുതിയ റെക്കോര്‍ഡുമായി പൊന്നണിഞ്ഞത്. 2011-ല്‍ കര്‍ണാടക സ്ഥാപിച്ച 8 മിനിറ്റ് 01.77 സെക്കന്റിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 7 മിനിറ്റ് 54.48 സെക്കന്റില്‍ വെങ്കലം നേടിയ ഗുജറാത്തും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
















