തിരുവനന്തപുരം: ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടി എലിസബത്ത് സൂസന് കോശി നാഷണല്‍ ഗെയിംസില്‍ മലയാളത്തിന്റെ സുവര്‍ണ്ണതാരമായി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഷൂട്ടിങ്ങിലാണ് ദേശീയ ചാമ്പ്യന്‍ കൂടിയായ എലിസബത്ത് ചരിത്രം കുറിച്ച് സ്വര്‍ണം നേടിയത്. ദേശീയ ഗെയിംസ് ഷൂട്ടിങ്ങില്‍ കേരളം നേടുന്ന ആദ്യ സ്വര്‍ണമാണിത്.
ബോര്‍ഡ് ഡൈവിംഗിലും കേരളത്തിനാണ് സ്വര്‍ണ്ണം. പുരുഷന്മാരുടെ 10 മീറ്റര്‍ ഹൈ ബോര്‍ഡ് ഡൈവിങ്ങില്‍ പി. സിദ്ധാര്‍ഥാണ് റെക്കാര്‍ഡോടെ സ്വര്‍ണം നേടിയത്. മഹാരാഷ്ട്ര സ്വദേശിയായ സിദ്ധാര്‍ഥ് 402.95 പോയിന്റാണ് നേടിയത്. സൈനിക സ്കൂള്‍ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് കേരളത്തിനു വേണ്ടിയാണ് ഇറങ്ങിയത്. 27 വര്‍ഷത്തിനുശേഷമാണ് ഡൈവിംഗില്‍ കേരളം പൊന്നണിയുന്നത്.
ടെന്നീസ് മത്സരത്തില്‍ കേരളം വെങ്കലം നേടി. പുരുഷന്മാരുടെ ടീമിനത്തില്‍ സെമിയില്‍ വിജയിച്ച് റെയ്നോള്‍ഡ് തിമോത്തി-ഹാഡിന് ബാവ സഖ്യം വെങ്കലം കരസ്ഥമാക്കി.
കേരളത്തിന്റെ വനിതകള്‍ ഫുട്ബോളിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പൂള് എയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ചാണ് കേരളം സെമി ബര്‍ത്ത് ഉറപ്പിച്ചത്. രണ്ടാം മത്സരത്തില്‍ ഒഡീഷയെ മടക്കമില്ലാത്ത മൂന്ന് ഗോളിനാണ് കേരളം തോല്പിച്ചത്.
വനിതകളുടെ ടേബിള്‍ ടെന്നീസ് മത്സരത്തില്‍ കേരളം ക്വാര്‍ട്ടറില്‍ കടന്നു. ആന്ധാപ്രദേശിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം ക്വാര്‍ട്ടറില്‍ ഇടം നേടിയത്. കേരളത്തിന്റെ മരിയ റോണി, സെറ ജേക്കബ് കൂട്ടുകെട്ടാണ് ആന്ധാപ്രദേശിന്റെ നിക്കത്ത് ബാനു, നെയ്ന ടീമിനോട് ഏറ്റുമുട്ടിയത്. തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും രണ്ട് ടീമുകള്‍ ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ക്വാര്‍ട്ടറില്‍ കടന്നു.
ഭാരോദ്വഹനത്തില്‍ രണ്ട് പുതിയ ദേശീയ റെക്കോഡുകള്‍ പിറന്നു. പുരുഷന്മാരുടെ 85 കിലോഗ്രാമില്‍ സര്‍വീസസിന്റെ വികാസ് താക്കൂറും വനിതകളടെ 63 കിലോഗ്രാം വിഭാഗത്തില്‍ പഞ്ചാബിന്റെ ജസ്വീര് കൗറുമാണ് പുതിയ റെക്കോഡിട്ടത്. വികാസ് സ്വന്തം റെക്കോഡാണ് തിരുത്തിയത്.
നീന്തല്‍ക്കുളത്തില്‍ ഇന്നലെ മാത്രം ഏഴ് റെക്കോര്‍ഡുകളും സ്ഥാപിക്കപ്പെട്ടു.
ഗെയിംസ് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ 16 സ്വര്‍ണ്ണവുമായി സര്‍വീസസ് അണ് മെഡല്‍ നിലയില്‍ മുന്നില്‍. 15 സ്വര്‍ണ്ണമുള്ള ഹരിയാന രണ്ടാമതും 13 സ്വര്‍ണ്ണവുമായി മഹാരാഷ്ട്ര മൂന്നാമതുമാണ്. 6 സ്വര്‍ണ്ണമുള്ള കേരളം നാലാമതാണ്.
















