തൃശൂര്‍: കളിയില്‍ ആതിഥ്യമര്യാദയ്‌ക്ക് വലിയ സ്ഥാനമില്ല. കേരളത്തിന്റെ വനിതാ ഫുട്‌ബോള്‍ ടീം അതടിവരയിട്ടു. മറുപടിയില്ലാത്ത മുന്നു ഗോളുകള്‍ക്ക് ജയിച്ച കേരളം ദേശിയ ഗെയിംസ് ഫുട്‌ബോളില്‍ ദല്‍ഹിക്ക് പുറത്തേക്കുള്ള വഴിതുറന്നുകൊടുത്തു.
ആദ്യപകുതിയില്‍ സൂപ്പര്‍ താരം ടി. നിഖില പെനാല്‍റ്റിയലൂടെയടക്കം നേടിയ രണ്ട് ഗോളുകളുടെയും രണ്ടാം പകുതിയില്‍ എ.വി. അശ്വതിയുടെ സ്‌ട്രൈക്കന്റെയും മികവിലാണ് ദല്‍ഹിയെ തുരത്തി കേരളം സെമിയിലേക്ക് കുതിച്ചത്.
കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ കേരളം ദല്‍ഹിയുടെ വല കുലുക്കി. പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയ നിഖിലയെ ബോക്‌സിലുള്ളില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് അതിന്റെ പിറവി. നിഖില തന്നെ കിക്കെടുത്തെങ്കിലും പന്ത് പുറത്തേക്കു പറന്നു. പക്ഷേ, ഭാഗ്യം കേരളത്തിനൊപ്പം നിന്നു. കിക്കെടുക്കുന്നതിന് മുന്‍പ് ദല്‍ഹി കളിക്കാര്‍ ബോക്‌സിനുള്ളിലേക്ക് പ്രവേശിച്ചതോടെ റഫറി ഒരവസരംകൂടി കേരളത്തിനു നല്‍കി. ഇക്കുറി നിഖിലയ്‌ക്കു പിഴച്ചില്ല പന്ത് പക്ഷേ ദല്‍ഹി ഗോളിയെ മറികടന്ന് വരതാണ്ടി (1-0).
ഗോള്‍ നേടിയതോടെ കൂടുതല്‍ ആവേശത്തിലായ കേരളത്തിന്റെ പെണ്‍പട ദല്‍ഹി ഗോള്‍ മുഖത്തേക്ക് നിരന്തരംആക്രമണം അഴിച്ചുവിട്ടു. നിഖില-എ.വി.അശ്വതി-കെ.ധന്യ കൂട്ടുകെട്ട് മികച്ച നീക്കങ്ങളിലുടെ കാണികളുടെ കയ്യടി നേടി.
കഴിഞ്ഞ കളിയില്‍ കേരളത്തിന് വേണ്ടി വിജയ ഗോള്‍ നേടിയ നിഖില നടത്തിയ നീക്കങ്ങള്‍ മനോഹരങ്ങളായിരുന്നു. ആദ്യ പകുതിയുടെ 13-ാം മിനുട്ടില്‍ കേരളത്തിന് ഒരു തുറന്ന അവസരം ലഭിച്ചെങ്കിലും അശ്വതിക്ക് മുതലാക്കാനായില്ല. ഇതിനിടെ പതിനാറാം മിനിറ്റില്‍ ലഭിച്ച കോര്‍ണറും തൊട്ടടുത്ത നിമിഷം ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്തിക്കാന്‍ ദല്‍ഹിക്കും സാധിച്ചില്ല.
മധ്യനിരയില്‍ കേരളത്തിന്റെ ഷമിനാസും പ്രതിരോധ നിരയില്‍ ക്യാപ്റ്റന്‍ ജിബിഷയും ജംഷീനയും മിന്നിത്തിളങ്ങിയതോടെ ദല്‍ഹി വട്ടം കറങ്ങി. കേരള പോസ്റ്റിലേക്ക് ഉയര്‍ന്നുവന്ന പന്തുകള്‍ ജിബിഷയുടെ ഹെഡ്ഡറിലൂടെ അകറ്റിയപ്പോള്‍ ഇടതു വിങ്ങില്‍ ജംഷിന തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. 44-ാം മിനിറ്റില്‍ സ്റ്റേഡിയത്തെ ഇളക്കിമറിച്ച് കേരളത്തിന് വേണ്ടി നിഖില തന്റെ രണ്ടാം ഗോള്‍ കുറിച്ചു (2-0). തൊട്ടുപിന്നാലെ ദല്‍ഹിക്ക് ഒരു അവസരം ലഭിച്ചെങ്കിലും പാഴാക്കിക്കളഞ്ഞു.
രണ്ടാം പകുതിയില്‍ ദല്‍ഹിയുടെ മുന്നേറ്റമാണ് തുടക്കത്തില്‍ കണ്ടത്. പല തവണ ലോങ് റേഞ്ചിലുടെ കേരള ഗോളിയെ പരീക്ഷിച്ചു. എങ്കിലും അവസരോചിതമായ പ്രകടനത്തിലുടെ ഗോളി രമ്യ കേരളത്തിന്റെ ഗോള്‍ വല കുലുങ്ങാതെ കാത്തു.
കേരളത്തിന്റെ ഒരോ നീക്കങ്ങള്‍ക്കും കാണികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ മുഴുവന്‍ കളിക്കാരും ഉണര്‍ന്ന് പന്തുതട്ടി. 73-ാം മിനുട്ടില്‍ കേരളം തങ്ങളുടെ മൂന്നാം ഗോള്‍ നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്‌ച്ചവെച്ച എ.വി.അശ്വതി ഗോളിലൂടെ മാറ്റുകൂട്ടി (3-0).
മൂന്നാം ഗോള്‍ നേടി സുരക്ഷിതരായതോടെ കോച്ച് സതീശന്‍ ബാലന്‍ അശ്വതിയടക്കമുള്ളവരെ പിന്‍വലിച്ച് മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കി.
ഇതിനിടെ ആശ്വാസ ഗോള്‍ നേടാന്‍ ദല്‍ഹി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കേരള പ്രതിരോധത്തില്‍ തട്ടി മടങ്ങി.
നാളെ പൂള്‍ എയിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്നതിനുള്ള പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ ഒഢീഷയെ കേരളം നേരിടും.
ഇന്നലെ നടന്ന പൂള്‍ എ യിലെ മറ്റൊരു മത്സരത്തില്‍ ഒഡീഷ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് പശ്ചിമ ബംഗാളിനെ തകര്‍ത്ത് അവസാന നാലിലേക്ക് ഗമിച്ചു. കളിയുടെ ഇരുപതാം മിനുട്ടില്‍ പിങ്കി.ആര്‍. മന്‍സില്‍, 49-ാം മിനുട്ടില്‍ ജബാമണി സോറന്‍, 83, 87 മിനുട്ടുകളില്‍ പ്യാരികക്ക എന്നിവരാണ് ഒഡീഷയ്‌ക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
















