കണ്ണൂര്‍: ഗുസ്തിയില്‍ ഹരിയാനയുടെ തേരോട്ടം തുടരുന്നു. വിവിധ വിഭാഗങ്ങളിലായി ഇന്നലെ നാല് സ്വര്‍ണവും രണ്ട് വെങ്കലവും ഹരിയാന അക്കൗണ്ടിലെത്തിച്ചു.
ഹരിയാനയ്ക്ക് ആകെ 13 സ്വര്‍ണവും രണ്ട് വെള്ളിയും 2 വെങ്കലവും കൈവന്നു. ഇതോടെ ഹരിയാന ചാമ്പ്യന്‍പട്ടം നിലനിര്‍ത്തുമെന്നുറപ്പായി. പഞ്ചാബും സര്‍വീസസും ഓരോ സ്വര്‍ണം വീതം നേടി.
ഇന്നലെ 65 കിഗ്രാം ഫ്രീസ്റ്റൈലില്‍ മനോജ് കുമാര്‍(ഹരിയാന) സ്വര്‍ണവും മനോജ് കുമാര്‍ (യുപി) വെള്ളിയും നവീന്‍ (പശ്ചിമ ബംഗാള്‍), വികാഷ് മഹാബീര്( ചത്തീസ്ഗഢ്) എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.
97 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ പഞ്ചാബിന്റെ ഗുരുപാല്‍ സിംഗ് സ്വര്‍ണം നേടി. പശ്ചിമ ബംഗാളിന്റെ കുമാര്‍ അരവിന്ദ് വെള്ളിയും യോഗേഷ് (മധ്യപ്രദേശ്) കട്യന്‍ സത്യാവര്‍ട്ട് എന്നിവര്‍ വെങ്കലവും നേടിയെടുത്തു.
75 കിലോഗ്രാം ഗ്രീക്കോ റോമന്‍ ഗുസ്തിയില്‍ ഹരിയാനയുടെ സോനു സ്വര്ണവേട്ടക്കാരന്. മധ്യപ്രദേശിന്റെ അന്നാഷേബ് പ്രകാശ് വെള്ളിയും സോംവീര്‍ രതി(ഛത്തീസ്ഗഡ്), ഗുര്‍പ്രീത് സിംഗ്(പഞ്ചാബ)് എന്നിവര്‍ വെങ്കലവും കൈക്കലാക്കി. ഗ്രീക്കോ റോമന്‍ 130 കിലോഗ്രാമില്‍ സര്‍വീസസിന്റെ നവീനിനാണ് സ്വര്‍ണം.
ഗുരുസേവക് സിംഗ്(പഞ്ചാബ്) വെള്ളിക്ക് ഉടമ. ഹരിയാനയുടെ സോനു, മഹാരാഷ്ട്രയുടെ യോഗേഷ് ധ്യാന്‍ദേവ് എന്നിവര്‍ വെങ്കലവും നേടി.
വനിതകളുടെ 60 കിലോഗ്രാം മത്സരത്തില്‍ ഹരിയാനയുടെ മല്ലിക് സാക്ഷി സ്വര്‍ണം കൈവശപ്പെടുത്തിയപ്പോള്‍ യാദവ് ഗാര്‍ഗി (യുപി) വെള്ളിമെഡലിന് അര്‍ഹ. ഝാര്‍ഖണ്ഡിന്റെ പ്രിയങ്ക കുമാരി, മധ്യപ്രദേശിന്റെ ശര്‍മ ഛായ എന്നിവര്‍ വെങ്കലംകൊണ്ട് തൃപ്തരായി.
വനിതാ വിഭാഗം 40 കിലോ്രഗാമില് ഹരിയാനയുടെ റിതുവിനാണ് സ്വര്‍ണം. മഹാരാഷ്ട്രയുടെ നന്ദിനി ഭാജി റാവു വെള്ളിയും പഞ്ചാബിന്റെ പ്രീതി, യുപിയുടെ ഇന്ദു ചൗധരി എന്നിവര്‍ വെങ്കലവും അവരവരുടെ ടീമുകള്‍ക്ക് സമ്മാനിച്ചു. സമാപന ദിവസമായ ഇന്ന് ഫ്രീസ്റ്റൈലില്‍ 125, 70, 53, 63 കിലോ ഗ്രാം വിഭാഗങ്ങളിലും ഗ്രീക്കോ റോമനില്‍ 59, 80 കിലോഗ്രാം വിഭാഗങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും.
ആതിഥേയരായ കേരളത്തിന് ഇന്നലെ നിരാശയുടെ ദിനമായിരുന്നു, മെഡലൊന്നും സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിന് കേവലം ഒരു വെങ്കല മെഡല്‍ മാത്രമാണ് ഗോദയില്‍ നിന്ന് ലഭിച്ചത്.
75 കിഗ്രാം വനിതാ വിഭാഗത്തില്‍ അഞ്ജുമോള്‍ ജോസഫ് അതിന്റെ അവകാശി. ഹരിയാന താരങ്ങളുടെ സര്‍വ്വാധിപത്യം തന്നെ ദര്‍ശിക്കാനായിരുന്നു കാണികളുടെ യോഗം.
















