തൃശൂര്‍: മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്ക് പശ്ചിമ ബംഗാളിനെ തകര്‍ത്ത് നിലവിലെ ജേതാക്കളായ ഒഡീഷ ദേശിയ ഗെയിംസ് വനിതഫുട് ബോളില്‍ പൂള് എയില്‍ നിന്ന് സെമിയില്‍ കടന്നു. കളിയുടെ ഇരുപതാം മിനിറ്റില്‍ പിങ്കി. ആര്. മന്‍സില്‍, 49-ാം മിനിറ്റില്‍ ജബാമണി സോറന്, 83, 87 മിനുട്ടുകളില്‍ പ്യാരി ഖക്ക എന്നിവരാണ് ഒഡീഷക്ക് വേണ്ടി ഗോളുകള്‍ നേടിയത്.
കളിയിലുടനീളം ബംഗാളിനെതിരെ വ്യക്തമായ മേധാവിത്വം പുലര്‍ത്തിയാണ് ഒഡീഷ വിജയം നേടിയത്. ഒരവസരത്തിലും ബംഗാളിന് ഒഡീഷക്കെതിരെ ഭീഷണി ഉയര്‍ത്താന്‍ സാധിച്ചില്ല. ഒഡീഷയുടെ മുന്നേറ്റത്തോടെ ആരംഭിച്ച കളിയുടെ ഇരുപതാം മിനിറ്റില്‍ പിങ്കി. ആര്. മന്‍സിലിന്റെ മനോഹരമായ ഒരു ഫ്രീകിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്.
മൈതാനത്തിന്റെ ഇടതു മൂലയില്‍ വെച്ച് ഒഡീഷ താരത്തെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കാണ് ബംഗാള്‍ ഗോളി ഉഷദാസിനെയും മറികടന്ന് വലയില്‍ പതിച്ചത്. ഗോള്‍ നേടിയതിന് ശേഷവും ബംഗാള്‍ ഗോള്‍ മുഖത്തേക്ക് കൊടുങ്കാറ്റ് പൊലെ ഇരച്ച് കയറിയ ഒഡീഷ മുന്നേറ്റക്കാര്‍ക്ക് മുന്നില്‍ ബംഗാള്‍ താരങ്ങള്‍ പകച്ച് നിന്നു.
മികച്ച പന്തടക്കവും പാസിംഗും കാഴ്ചവെച്ച ഒഡീഷ രണ്ടാം പകുതിയിലാണ് രണ്ടാം ഗോള്‍ നേടിയത്. 49-ാം മിനുട്ടില്‍ സസ്മിത മാലിക് ബോക്സിലുള്ളില് വെച്ച് മറിച്ച് കൊടുത്ത പന്ത് പിഴവ് കൂടാതെ ജബാമണി സോറന് വലയിലെത്തിക്കുകയായിരുന്നു. രണ്ട് ഗോള്‍ വീണതോടെ ക്യാപ്റ്റനും ഗോളിയുമായി ഉഷദാസിനെ ബംഗാള്‍ കോച്ച് പിന്‍വലിച്ച് പകരം രുംബാ മാലികിനെ ഗോള്‍ വലയം കാക്കാന്‍ നിയമിച്ചു. ഇത് ബംഗാളിന് ഏറെ ഗുണം ചെയ്തു.
ഒഡീഷ താരങ്ങളുടെ നിരവധി ഷോട്ടുകള്‍ തടയുന്നതില്‍ രുംബാ മാലിക് വിജയിച്ചു. ഒഡീഷ താരങ്ങളുടെ പല ഷോട്ടുകളും പോസ്റ്റിലുരുമ്മിയും ക്രോസ് ബാറില്‍ തട്ടിയും പുറത്തുപോയി. 83-ാം മിനുട്ടില്‍ ഒഡീഷ വീണ്ടും വംഗനാടിന്റെ വല ചലിപ്പിച്ചു. പ്രിയങ്ക ഖക്ക തന്റെ കളി മികവ്പ്രകടമാക്കി ഗോള്‍ നില മൂന്നാക്കി ഉയര്‍ത്തി. അധികം കഴിയും മുന്നേ ഗോള്‍ പട്ടിക തികച്ച് കൊണ്ട് നാലാം ഗോളും പിറന്നു. മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി പ്രിയങ്ക ഖക്ക പട്ടിക പൂര്‍ത്തിയാക്കി.
















