തിരുവനന്തപുരം: നീന്തല്‍ കുളത്തില്‍ വീണ്ടും സ്വര്‍ണത്തിളക്കവുമായി കേരളത്തിന്റെ സാജന് പ്രകാശ്. പുരുഷന്മാരുടെ 1,500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഗെയിംസ് റെക്കോര്‍ഡോടെ (15.55.78 മിനിറ്റ്) സാജന് മൂന്നാം സ്വര്‍ണം നേടി. രണ്ടാമതെത്തിയ മഹാരാഷ്ട്രയുടെ സൗരഭ് സാങ്വേക്കറും നിലവിലെ റെക്കോര്‍ഡ് തകര്‍ത്തു. പുരുഷന്മാരുടെ 4-100 ഫ്രീസ്റ്റൈല്‍ റിലേയിലും 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും സാജന് സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും നേടിയിട്ടുണ്ട്.
റോവിങ്ങില്‍ വനിതകളുടെ കരുത്തില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയുമാണ് കേരളം നേടിയത്. വനിതകളുടെ കോക്സ് ലെസ്ഫോറിലാണ് കേരളം സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം നാലായി.
11 സ്വര്‍ണ്ണവുമായി ഹരിയാനയാണ് മുന്നില്‍. സര്‍വീസസ് (8) മഹാഷ്ട്ര(6) മധ്യപ്രകാശ്( 5) എന്നീ സംസ്ഥാനങ്ങള്‍ക്ക് നിന്നില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.
വനിതകളുടെ കോക്സ്ലെസ് ഫോറില്‍ ചിപ്പി കുര്യന്, ഹണി ജോസഫ്, നിമ്മി തോമസ്, നിത്യ ജോസഫ് എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ഡിറ്റിയും താര കുര്യനും അടങ്ങുന്ന ടീം വനിതകളുടെ ഡബിസ് സ്കള്ളി വെള്ളി സ്വന്തമാക്കി. വനിതകളുടെ സിംഗിള്‍ സ്കള് വിഭാഗത്തില്‍ വെള്ളി നേടി ഡിറ്റി മെഡല്‍ ഡബിള്‍ തികച്ചു.ഹണി ജോസഫും നിമ്മി തോമസും അണിനിരന്ന വനിതകളുടെ ടീം ഡബിള്‍സ് സ്കള്ളില്‍ വെള്ളി നേടി.
ലോണ്‍ ബോളില്‍ കേരളം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ ഫോര്‍സ് വിഭാഗത്തിലാണ് കേരളത്തിന്റെ ഡോ: ജോസ് ടി.പി., അഡ്രിന്‍ മാത്യു ലൂവിസ്, ഗോപിനാഥ് പൈ, ഡോ: വിനീത് കുമാര്‍ എന്നിവരടങ്ങുന്ന ടീം രാജസ്ഥാനെ 1715 ന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടില്‍ കടന്നത്.
ഹരിയാണക്കാര്‍ അടക്കിവാണ ഗുസ്തിയില്‍ നിന്ന് അഞ്ജുമോള്‍ ജോസഫാണ് കേരളത്തിനുവേണ്ടി ഒരു വെങ്കലം പൊരുതി നേടിയത്. വനിതകളുടെ 75 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് അഞ്ജുമോള്‍ വെങ്കലം നേടിയത്. കേരളം മഹാരാഷ്ട്രയെ 2-1നു തോല്പിച്ചു ദേശീയ ഗെയിംസ് ഫുട്ബോളിലെ പൂള് എയില്‍ ആദ്യ ജയം നേടി. ഗോവ 6-1ന് തമിഴ്നാടിനെ മുക്കി.
















