റോവിങ്ങില്‍ വുമണ്‍ കോക്സ്ലെസ് ഫോറില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയ നിത്യ ജോസഫ്, ചിപ്പി കുര്യന്, എം.ടി. നിമ്മി, ഹണി ജോസഫ്. ചിത്രം: മനോജ് കുശാക്കല്‍
ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി വേമ്പനാട്ടുകായലില്‍ നടക്കുന്ന തുഴച്ചില്‍ മത്സരത്തിലും കേരളം ഇന്നലെ സ്വര്‍ണ്ണം സ്വന്തമാക്കി. കൂടാതെ മൂന്ന് വെള്ളിയും കേരളത്തിന്റെ വനിതകള്‍ ഇന്നലെ തുഴഞ്ഞെടുത്തു. വുമണ്‍ കോക്സ്ലെസ് ഫോറിലാണ് കേരളത്തിന്റെ പെണ്‍കുട്ടികളുടെ സുവര്‍ണ പ്രകടനം. നിത്യ ജോസഫ്, ചിപ്പി കുര്യന്, എം.ടി. നിമ്മി, ഹണി ജോസഫ് എന്നിവരടങ്ങുന്ന ടീമാണു സ്വര്‍ണം നേടിയത്. വുമണ്‍സ് സിംഗിള്‍സ് സ്കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗീസ് വെള്ളി നേടി. വുമണ്‍സ് കോക്സ്ലെസ് പെയറില്‍ എം.ടി. നിമ്മിയും ഹണി ജോസഫും, വുമണ്‍സ് ഡബിള്‍സ് സ്കള്ളില്‍ താരാ കുര്യനും ഡിറ്റിമോള്‍ വര്‍ഗീസും വെള്ളിനേടി. 2,000 മീറ്റര്‍ റോവിങ്ങില്‍ വനിതാവിഭാഗത്തില്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും കേരളം മെഡല്‍ സ്വന്തമാക്കി.
അതേസമയം റോവിങ്ങില്‍ സര്‍വ്വീസസിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. 2,000 മീറ്റര്‍ മത്സര ഇനങ്ങളില്‍ പുരുഷ വിഭാഗത്തിലായിരുന്നു സര്‍വ്വീസസിന്റെ പൂര്‍ണ്ണ ആധിപത്യം തെളിഞ്ഞത്. വനിതാ വിഭാഗത്തില്‍ മണിപ്പൂര്‍ രണ്ട് സ്വര്‍ണവും ഒഡീഷ ഒരു സ്വര്‍ണവും കരസ്ഥമാക്കി.
പുരുഷവിഭാഗം മത്സരങ്ങളില്‍ അഞ്ചിനത്തിലും സര്‍വീസസാണ് ഒന്നാമത്. ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ കര്‍ണാടകയും മൂന്നു വെള്ളി നേടിയ തെലങ്കാനയും ഒരു വെള്ളി നേടിയ ഉത്തര്‍പ്രദേശും രണ്ടു വെങ്കലം വീതം നേടിയ ദല്‍ഹിയും മദ്ധ്യപ്രദേശും പഞ്ചാബും ഒരു വെങ്കലം നേടിയ ചണ്ഡീഗഡും തുഴച്ചില്‍ മത്സരത്തിന്റെ മെഡല്‍ പട്ടികയില്‍ ഇടം നേടി. പുരുഷ വിഭാഗത്തില്‍ കേരളത്തിന് ഒരു മെഡല്‍ പോലും നേടാന്‍ കഴിഞ്ഞില്ല.
ആകെ അഞ്ചിനങ്ങളിലാണ് കേരളം ഇന്നലെ ഫൈനലില്‍ മത്സരിച്ചത്. അതില്‍ പുരുഷന്മാരുടെ കോക്സ്ലെസ് ഫോറില്‍ മാത്രമാണ് കേരളത്തിനു മെഡലൊന്നും കിട്ടാതെ പോയത്. അതേസമയം ഈയിനത്തില്‍ വെള്ളി നേടിയ കര്‍ണാടക ടീമില്‍ ചങ്ങനാശേരി സ്വദേശി സോജന് മാത്യുവും കൈനകരി സ്വദേശി ബിന്റോ തോമസും പങ്കാളികളായി. കേരളത്തിന് വേണ്ടി സുവര്‍ണ നേട്ടം നേടിയ ചിപ്പി കുര്യന് ഇടുക്കി സ്വദേശിയും മറ്റു മൂന്നുപേര്‍ ആലപ്പുഴ സ്വദേശികളുമാണ്.
റോവിങ്ങില്‍ 500 മീറ്ററില്‍ ഹീറ്റ്സ് മത്സരങ്ങള്‍ നാളെ തുടങ്ങും. അഞ്ചിനാണ് ഫൈനല്‍. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണം, നാലു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സമ്പാദ്യം. സുവര്‍ണ നേട്ടം നേടിയ ചിപ്പി കുര്യനും വെള്ളി മെഡല്‍ നേടിയ താരാ കുര്യനും സഹോദരിമാരാണ്.
















