കണ്ണൂര്‍: ദേശീയ ഗെയിംസിന്റെ രണ്ടാം ദിവസവും മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഗുസ്തിയില്‍ ഹരിയാനയുടെ മുന്നേറ്റം തുടരുന്നു. ഇന്നലെ നടന്ന ആറ് ഇനങ്ങളില്‍ ഹരിയാന നാല് സ്വര്‍ണ്ണവും ഒരു വെള്ളിയും നേടി. ദല്‍ഹിയും ഝാര്‍ഖണ്ഡും ഓരോ സ്വര്‍ണ്ണംവീതം സ്വന്തമാക്കി. ഇതോടെ ഹരിയാനക്ക് ഗുസ്തിയില്‍ മാത്രം 9 സ്വര്‍ണ്ണവും രണ്ട് വെള്ളി മെഡലുകളുമായി.
71 കി.ഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഹരിയാനയുടെ ശ്രീ ഭഗവന്‍ സ്വര്‍ണ്ണവും ഡല്‍ഹിയുടെ യോഗേഷ് വെള്ളിമെഡലും നേടി. ഉത്തര്‍പ്രദേശിന്റെ റാണാസുനിലും ചത്തീസ്ഘഡിന്റെ വനീതും വെങ്കല മെഡല്‍ നേടി. 75 കി.ഗ്രാം വനിതാവിഭാഗത്തില്‍ ഡല്‍ഹിയുടെ ജ്യോതി സ്വര്‍ണ്ണവും ഹരിയാനയുടെ നിക്കി വെള്ളി മെഡലും നേടി. കേരളത്തിന്റെ അഞ്ജുമോള്‍ ജോസഫും ഉത്തര്‍പ്രദേശിന്റെ ടോമര്‍ അന്‍ഷുവും വങ്കലമെഡലുകള് നേടി. 58 കി.ഗ്രാം വനിതകളുടെ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാനയുടെ സരിത സ്വര്‍ണ്ണ മെഡലും ദല്‍ഹിയുടെ കമലീഷ് വെള്ളി മെഡലും നേടി. മണിപ്പൂരിന്റെ ചാനുവും ഉത്തര്‍പ്രദേശിന്റെ റാണനീതുവും വെങ്കല മെഡല്‍ നേടി.
98 കി.ഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ ഝാര്‍ഖണ്ഡിന്റെ ഹര്ദീപിനാണ് സ്വര്‍ണ്ണം. മഹാരാഷ്ട്രയുടെ മഹേഷ് ധ്യാനേശ്വര്‍ വെള്ളിമെഡല്‍ നേടി. പഞ്ചാബിന്റെ സുനില്‍, സര്‍വ്വീസസിന്റെ ബീന്‍ എന്നിവര്‍ക്കാണ് വെങ്കലം. പുരുഷന്മാരുടെ 86 കി.ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഹരിയാനയുടെ സോംവീര്‍ സ്വര്‍ണ്ണം നേടി. ചത്തീസ്ഗഢിന്റെ അവധേഷ് യാദവിനാണ് വെള്ളി മെഡല്‍. മധ്യപ്രദേശിന്റെ രഹാന്, ഝാര്‍ഖണ്ഡിന്റെ ഗോപാല്‍ യാദവ് എന്നിവര്‍ക്കാണ് വെങ്കലം. 61 കി.ഗ്രാം പുരുഷന്മാരുടെ ഫ്രീസ്റ്റൈലില്‍ ഹരിയാനയുടെ സോനു സ്വര്‍ണ്ണവും സര്‍വ്വീസസിന്റെ ഷറഫുള്‍ വെള്ളി മെഡലുകളും നേടി. പഞ്ചാബിന്റെ ജോബന്ബന്ദ്സിംഗും ഉത്തര്‍പ്രദേശിന്റെ കുമാര്വിനാഷും വെങ്കലം നേടി.
ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 65 കി.ഗ്രാം, 97 കി.ഗ്രാം, ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 75 കി.ഗ്രാം, 130 കി.ഗ്രം, ഫ്രീസ്റ്റൈല്‍ വുമണ്‍ വിഭാഗത്തില്‍ 48 കിഗ്രാം, 60 കി.ഗ്രാം വിഭാഗത്തിലാണ് ഇന്ന് മത്സരങ്ങള്‍ നടക്കുക.
















