തൃശൂര്‍: ദേശീയ ഗെയിംസ് വനിതാ വിഭാഗം 58 കിലോ ഭാരോദ്വഹനത്തില്‍ ഒറീസ്സയിലെ മീനാട്ടി സേത്തി സ്വര്‍ണം നേടി.
സ്‌നാച്ച്, ജര്‍ക്ക് വിഭാഗങ്ങളിലായി 192 കിലോ ഉയര്‍ത്തിയാണ് മീനാട്ടി പൊന്നണിഞ്ഞത്. ഹരിയാനയുടെ ഹര്‍ജിത് കൗര്‍ വെള്ളി നേടിയപ്പോള്‍ മണിപ്പൂരിലെ എന്‍. സുമബാല ദേവി വെങ്കലം കരസ്ഥമാക്കി.
സ്വര്‍ണം നേടിയ മീനാട്ടി സേത്തി ജര്‍ക്ക് വിഭാഗത്തില്‍ 114 കിലോയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സ്‌നാച്ച് വിഭാഗത്തില്‍ 82 കിലോയും ജര്‍ക്ക് വിഭാഗത്തില്‍ 110 കിലോയുമാണ് മീനാട്ടി സേത്തി ഉയര്‍ത്തിയത്.
വെള്ളി നേടിയ ഹര്‍ജിത് കൗര്‍ ഈ വിഭാഗങ്ങളില്‍ 84ഉം 107ഉം കിലോ വീതം ഉയര്‍ത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
സുമബാലദേവി ഇരുവിഭാഗങ്ങളിലുമായി 184 കിലോയാണ് ഉയര്‍ത്തിയത്. കേരളത്തിനുവേണ്ടി മത്സരിച്ച എം.എസ്. സ്‌നേഹയ്‌ക്ക് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. സ്‌നാച്ച് വിഭാഗത്തില്‍ 57 കിലോയും ജര്‍ക്ക് വിഭാഗത്തില്‍ 73 കിലോയും ഉയര്‍ത്തിയ സ്‌നേഹ ഏറ്റവും പിന്നിലായി.
പുരുഷന്മാരുടെ 62 കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ചത്തീസ്ഗഢിന്റെ സാരംഗ് സ്വര്‍ണം നേടി. സ്‌നാച്ചില്‍ 114 ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 146 ഉം കിലോ ഗ്രാം ഉയര്‍ത്തിയാണ് രുസ്തം നേടിയത്. സര്‍വീസസിന്റെ സ്വപ്‌നില്‍ ബാബ്‌സോ വെള്ളി നേടി.
സ്വപ്‌നില്‍ ബാബ്‌സോ സ്‌നാച്ചില്‍ 115ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 143ഉം കിലോ ഗ്രാം ഉയര്‍ത്തി. സ്‌നാച്ചില്‍ 114ഉം ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 143 ഉം കിലോ ഗ്രാം ഭാരമുയര്‍ത്തി ഒഡീഷയുടെ സുശാന്ത് സാഹുവിനാണ് വെങ്കലം. ഏഴ് സംസ്ഥാനങ്ങളില്‍ നിന്നായി 7 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്.
















