കൊല്ലം: മുപ്പത്തി അഞ്ചാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി ഇന്നലെ കൊല്ലത്താരംഭിച്ച ഹോക്കിമത്സരത്തില്‍ മുന്‍ ചാമ്പ്യരായ പഞ്ചാബിനെ ഒരു ഗോളിന് തളച്ച് (02-1) സര്‍വ്വീസസ് ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിലെ ആദ്യവിജയം കുറിച്ചു.
രാവിലെ 7.30ന് മത്സരം ആരംഭിച്ച് രണ്ടാം മിനിട്ടില്‍ സര്‍വ്വീസസിന്റെ എട്ടാം നമ്പര്‍ താരം സിറാജാണ് പെനാല്‍ട്ടി കോര്‍ണറിലൂടെ മിന്നുന്ന ഗോള്‍ നേടിയത്. തുടര്‍ന്ന് പഞ്ചാബിന് മൂന്നു പെനാള്ട്ടികോര്ണര് വീണു കിട്ടിയെങ്കിലും ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. മുപ്പത്തി എട്ടാം മിനിട്ടില്‍ പതിനഞ്ചാം നമ്പര്‍ താരം രാജ്പാലാണ് ഫീല്‍ഡ് ഗോളിലൂടെ സര്‍വ്വീസസിന്റെ ഗോള്‍ വല ചലിപ്പിച്ചത്. (01-01)
കളിയില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കാണികളെ ആവേശത്തിലാക്കിയ സര്‍വ്വീസസിന്റെ നീക്കങ്ങളെ പഞ്ചാബ് കരുത്തുറ്റ നീക്കങ്ങളിലൂടെ തടയാന്‍ ശ്രമിച്ചെങ്കിലും 51-ാം മിനിട്ടില്‍ സര്‍വ്വീസസിന്റെ ചന്ദന്‍ എയിന്റ് തൊടുത്തുവിട്ട ഫീല്‍ഡ് ഗോളിലൂടെ എതിരാളികളെ തളച്ചത്.(02-01)
ബി പൂളില്‍ അതേപിച്ചില് രാവിലെ 9.30ന് രണ്ടാം മത്സരത്തില്‍ ഹരിയാനയും കര്‍ണ്ണാടകയും സമനിലയില്‍ (2-2)പിരിഞ്ഞു.
കളിയുടെ അഞ്ചാം മിനിട്ടില്‍ ഫീല്‍ഡ് ഗോളിലൂടെ ഹരിയാനയുടെ യുദ്വീര് സിംഗ് ആദ്യഗോള്‍ നേടി. തുടര്‍ന്ന് മുപ്പത്തിഅഞ്ചാം മിനിട്ടില്‍ മൂന്നാം നമ്പര്‍ താരം അര്ജുന് ആന്റിന് കര്‍ണാടകക്കെതിരെ രണ്ടാം ഗോള്‍ നേടിയതോടെ കടുത്ത പ്രതിരോധത്തിലായ കര്‍ണ്ണാടക ടീം കളിയുടെ ഗതി തിരിച്ചുവിടുകയായിരുന്നു.
രണ്ടുഗോളിന്റെ തിളക്കത്തില്‍ ഹോക്കിസ്റ്റിക്കില് മിന്നുന്ന പ്രകടനം ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിയാനയുടെ പ്രതിരോധവലയത്തെ ഭേദിച്ച് അന്‍പത്തി ഒന്നാം മിനിട്ടിലും അന്‍പത്തിയേഴാം മിനിട്ടിലും കര്‍ണാടകയുടെ രണ്ടും മൂന്നും നമ്പര്‍ താരങ്ങള്‍ ഒരോ ഗോളുകള്‍ മടക്കി മത്സരത്തെ സമനിലയിലെത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നടന്ന അവസാന കളിയില്‍ കേരളം ജാര്‍ഖണ്ഡിനോട് ഒമ്പതു ഗോളിന് ദയനീയമായി പരാജയപ്പെട്ടു. 10-1 എന്നതായിരുന്നു ഗോള്‍നില.
സിന്തറ്റിക് ടര്‍ഫിലെ പരിചയമില്ലായ്മക്ക് പുറമേ പാസ് വാങ്ങാന്‍ ആളില്ലാതിരുന്നതും നിരവധി പാഴായ പാസുകളും കേരളത്തിന് വിനയായി. ഈ സമയങ്ങളിലൊക്കെ ജാര്‍ഖണ്ഡിന്റെ ഗോള്‍മുഖം “വിജനമായിരുന്നു. സുധീഷിന്റെയും ദീപകിന്റെയും ഒറ്റപ്പെട്ട നീക്കങ്ങളും തുടര്‍ച്ചയില്ലാതെ പാതിവഴിയില്‍ പരാജയപ്പെട്ടു. കിട്ടിയ പെനാല്‍റ്റി കോര്‍ണറുകളും ലക്ഷ്യം കണ്ടില്ല. ക്യാപ്റ്റന്‍ പ്രവീണ്‍കുമാറിന്റെ വകയായിരുന്നു കേരളത്തിന്റെ ആശ്വസഗോള്‍. തിങ്കളാഴ്ച വനിതാ വിഭാഗം മത്സരങ്ങളാണ് നടക്കുന്നത്.
















