ചെറായി: കാണികളെ ആവേശം കൊള്ളിച്ച് ചെറായി ബീച്ചില്‍ പായ്‌വഞ്ചിയോട്ട മത്സരം. പ്രതികൂല സാഹചര്യം നിലനിന്നിട്ടും മത്സരാര്‍ത്ഥികളുടെ ആവേശം കാണികളെയും ഹരംകൊള്ളിച്ചു. 17 പായ്‌വഞ്ചികള്‍ തിരയേയും കാറ്റിനേയും വകവെയ്‌ക്കാതെ ലക്ഷ്യം കണ്ടപ്പോള്‍ 35ാമത് ദേശീയ ഗെയിംസില്‍ പായ്‌വഞ്ചിയോട്ടം ദൃശ്യപ്പൊലിമയായി. മൊത്തം 15 റൗണ്ടുകളാണ് മത്സരത്തിനുള്ളത്. അതിലെ ആദ്യ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ എട്ടു പോയിന്റോടെ രാജസ്ഥാനിലെ മുസാഹിദ് ഖാന്‍ മുന്നിലാണ്. 13 പോയിന്റോടെ മണിപ്പൂരിലെ വി.കെ. റൗട്ടും പഞ്ചാബിലെ ജസ്‌വീര്‍ സിംഗും തൊട്ട് പിന്നിലുണ്ട്.
ഉത്തര്‍പ്രദേശ്, ഛണ്ഡിഗഡ്, മധ്യപ്രദേശ്, ഹരിയാന, തമിഴ്‌നാട്, ഒഡീഷ, മഹാരാഷ്‌ട്ര, ഡെല്‍ഹി, ബീഹാര്‍, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള 19 മത്സരാര്‍ത്ഥികളാണ് പായ്‌വഞ്ചിയോട്ടത്തില്‍ പങ്കെടുത്തത്. 45 മിനിട്ടുകൊണ്ട് ഒരു മണിക്കൂര്‍ സമയമാണ് ഒരു റൗണ്ട് പൂര്‍ത്തിയാവുന്നതിന് അനുവദിച്ചിട്ടുള്ളത്. ഇവ പിഴവുകൂടാതെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വരുന്ന ഓരോ ദിവസങ്ങളിലായി മൂന്ന് റൗണ്ട് മത്സരങ്ങള്‍ നടക്കും വ്യാഴാഴചയാണ് അവസാന റൗണ്ട് മല്‍സരങ്ങള്‍ നടക്കുക.
മല്‍സരം രാവിലെ എസ്. ശര്‍മ്മ എം.എല്‍.എ ഫഌഗ് ഓഫ് ചെയ്തു. റേസ് ഓഫീസര്‍ കേണല്‍ ശേഖര്‍, ജൂറിയംഗ് ബ്രിഗേഡിയല്‍ ജഗദീഷ് സിംഗ്, ചെസ്റ്റിംഗ് ഓഫീസര്‍ ഹില്‍മല്‍ വി. ഷാ, ക്യാപ്റ്റന്‍ ജെയ്‌സ്വാള്‍ ബാലചന്ദ്ര, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ചിന്നമ്മ ധര്‍മ്മന്‍, വൈസ് പ്രസിഡന്റ് സി.എച്ച്. അലി, പഞ്ചായത്തംഗങ്ങളായ ബാബു കുഞ്ഞന്‍, ദിന്‍രാജ്, സി.എഫ്. വില്‍സണ്‍, വിജയലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.
















