നെടുമ്പാശേരി: ദേശീയ ഗെയിംസിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സില്‍ നടക്കുന്ന ലോണ്‍ ബോള്‍സ് മല്‍സരം ഇന്ന് രാവിലെ 8.30ന് ഫിഷറീസ്മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. വി.ഡി സതീശന്‍ എം.എല്‍. എ അദ്ധ്യക്ഷത വഹിക്കും.
ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം പ്രസംഗിക്കും. മല്‍സര സംവിധായകന്‍ ഗോപീറാം ശര്‍മ, കോംപറ്റീഷന്‍ മാനേജര്‍ മധുകാന്ത് പഥക്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്റ് പി.വൈ. വര്‍ഗീസ് തുടങ്ങിയവര്‍ ഉദ്ഘാടനം സമ്മേളനത്തില്‍ പങ്കെടുക്കും.
രാവിലെ 9.30ന് ആരംഭിക്കുന്ന മത്‌സരത്തില്‍ മണിപ്പൂര്‍, ഡല്‍ഹി, ജാര്‍ഖണ്ഡ്, ബീഹാര്‍, രാജസ്ഥാന്‍, കേരളം, ബംഗാള്‍, ആസ്സാം എന്നീ എട്ട് സംസ്ഥാനങ്ങളാണ് പങ്കെടുക്കുന്നത്. ആദ്യ മത്സരത്തില്‍ ഡല്‍ഹി ആസാമിനെ നേരിടും. പൂള്‍ എ വിഭാഗത്തില്‍ പശ്ചിമ ബംഗാള്‍, ആസാം, മണിപ്പൂര്‍, ഡല്‍ഹി എന്നീ ടൂമുകളും പൂള്‍ ബിയില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍, കേരളം, രാജസ്ഥാന്‍ എന്നീ ടീമുകളുമാണുള്ളത്. ലോണ്‍ ബോള്‍സില്‍ വനിത വിഭാഗത്തില്‍ ഝാര്‍ഖണ്ഡും പുരുഷ വിഭാഗത്തില്‍ പശ്ചിമ ബംഗാളുമായിരുന്നു കഴിഞ്ഞ ദേശീയ ഗെയിംസ് ജേതാക്കള്‍. കേരളത്തിന് രണ്ട് വെങ്കല മെഡലുകളാണ് ലഭിച്ചിരുന്നത്.
പുരുഷ വനിത വിഭാഗത്തില്‍ മത്സരാര്‍ത്ഥികളായി ആറുപേര്‍ വീതം 12 പേരും ഓരോ ടീമിലും ഒരു കോച്ച്, ഒരു മാനേജര്‍ എന്നിങ്ങനെ മൊത്തം പതിനാറ് പേരടങ്ങുന്നതാണ് ഓരോ ടിമും. ആകെ എട്ട് ടീമുകളാണുള്ളത്. വന്‍ സുരക്ഷാക്രമീകരണങ്ങളാണ് വേദിയില്‍ ഒരുക്കിയിരിക്കുന്നത്. 75 ഓളം പോലീസ് സേനയെ പ്രത്യേകമായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമെങ്കില്‍ ലോക്കല്‍ പോലീസിന്റെ സേവനവും ഉപയോഗപ്പെടുത്തുമെന്ന് ദേശീയ ഗെയിംസ് വെന്യൂ അഡ്മിനിസ്‌ട്രേറ്റര്‍ കെ. കണ്ണന്‍ അറിയിച്ചു. ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ആംബുലന്‍സുകള്‍ തുടങ്ങിയവയും വേദിയുടെ പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. വേദിയും പരിസരവും സിസിടിവി ക്യാമറയുടെ കര്‍ശന നിരീക്ഷണത്തിലാണ്. ബോംബ് സ്‌ക്വാഡ് നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.
വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ക്യാഷ്വാലിറ്റി, പ്രഥമ ശുശ്രൂഷ, മരുന്നുകള്‍ എന്നിവയ്‌ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ആലുവ താലൂക്ക്, ആശുപത്രി, മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളിലേക്ക് രോഗികളെ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ: പി. എന്‍. ശ്രീനിവാസന്റെ നേതൃത്വത്തില്‍ എല്ലാ വേദികളിലും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.എം. സക്കീര്‍ അറിയിച്ചു.
















