ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ആഴ്സനലിന്റെ വിജയ താണ്ഡവം. എമിറേറ്റ്സ് സ്റ്റേഡിയത്തിന്റെ ഗ്യാലറിയെ ത്രസിപ്പിച്ച് അവര്‍ ആസ്റ്റണ്‍ വില്ലയെ എതിരില്ലാത്ത അഞ്ച് ഗാളുകള്ക്ക് നിഷ്പ്രഭമാക്കി.
എട്ടാം മിനിറ്റില്‍ ഒളിവര്‍ ജിറോഡ് വഴി സ്കോറിങ്ങിന് തുടക്കമിട്ട ഗണ്ണേഴ്സ് മെസൂട്ട് ഒസില്‍ (56-ാം മിനിറ്റ്), തിയോ വാല്‍ക്കോട്ട് (63), സാന്റി കാസറോള (75), ബെല്ലെറിന്‍ (90+) എന്നിവരുടെ ഗോളുകളിലൂടെ ജയം അതിസുന്ദരമാക്കി. ഒരിടവേളയ്ക്കുശേഷം തിരിച്ചുവന്ന ഒസിലാണ് ആഴ്സനലിനുവേണ്ടി ഏറെ തിളങ്ങിയത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്ന ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും സമനിലയില്‍ പിരിഞ്ഞു.
ലോയിക് റെമിസ (41-ാം മിനിറ്റ്) ചെല്‍സിയെ മുന്നിലെത്തിച്ചപ്പോള്‍ ഡേവിഡ് സില്‍വ (45) സിറ്റിക്ക് സമനില ഒരുക്കി. എവര്ട്ടന് ക്രിസ്റ്റല്‍ പാലസിനെയും (1-0) ന്യൂകാസില്‍ ഹള്‍ സിറ്റിയെയും (3-0) ലിവര്‍പൂള്‍ വെസ്റ്റ് ഹാമിനെയും (2-0) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെയ്സെസ്റ്ററിനെയും (3-1) സ്റ്റോക്ക് ക്യൂപിആറിനെയും (3-1) സണ്ടര്‍ലാന്റ് ബേണ്‍ലിയെയും (2-0) ടോട്ടനം വെസ്റ്റ് ബ്രോമിനെയും പരാജയപ്പെടുത്തി (3-0).
വെസ്റ്റ് ഹാമിനെതിരെ ലിവര്‍പൂളിനുവേണ്ടി റഹീം സ്റ്റെര്‍ലിങ്ങും ഡാനിയേല്‍ സ്റ്റര്‍ഡിജും ഗോള്‍ നേടി. ലെയ്സെസ്റ്ററുമായുള്ള മുഖാമുഖത്തില്‍ റോബിന് വാന്‍ പെഴ്സിയും റദമേല്‍ ഫല്‍ക്കാവോയും മാന്‍.യുവിന്റെ സ്കോര്‍ ഷീറ്റില്‍ ഇടംനേടിയെടുത്തു. 53 പോയിന്റുള്ള ചെല്‍സി ഒന്നാം സ്ഥാനത്ത്. മാഞ്ചസ്റ്റര്‍ സിറ്റി (48) തൊട്ടുപിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: