തിരുവനന്തപുരം: വിദ്യാഭ്യാസത്തില്‍ കായിക പഠനത്തിന് പ്രാമുഖ്യം നല്‍കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു. പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം ഇത്തരത്തിലുള്ളതാകുമെന്ന് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെങ്കയ്യ പറഞ്ഞു.
ഭാരതത്തിന്റെ ഭാവി യുവാക്കളിലാണ്. ആരോഗ്യമുള്ള യുവത്വമാണ് ഉണ്ടാകേണ്ടത്. ആരോഗ്യമാണ് മഹാഭാഗ്യം. ആരോഗ്യമില്ലാത്ത സമ്പത്ത് നരകമാണ്.
ഇന്ന് എല്ലാവരും തിരക്കിലാണ്. ആരോഗ്യം നോക്കാതെയുള്ള അധ്വാനത്തിനു കാര്യമില്ല. വ്യായാമം ശാരീരികക്ഷമത മാത്രമല്ല വ്യക്തിത്വവും മികച്ചതാക്കും. ബൗദ്ധിക വികാസത്തിനും ആരോഗ്യം പ്രധാന ഘടകമാണ, വെങ്കയ്യ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം വന്‍ കുതിപ്പിലാണ്. അതിനു കരുത്തുപകരാന്‍ ആരോഗ്യമുള്ള യുവത്വം ഉണ്ടാകണം. അത് സാധ്യമാകുമെന്ന് ഇത്തരം മേഖലകളിലെ പങ്കാളിത്തം തെളിയിക്കുന്നു. ചെറിയ സംസ്ഥാനങ്ങളായ മണിപ്പൂരിനും കേരളത്തിനും കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയുന്നു. മറ്റ് സംസ്ഥാനങ്ങളും ഈ നിലവാരത്തിലെത്തണം അതിന് ദേശീയ ഗെയിംസുപോലുള്ള മത്സരങ്ങള്‍ സഹായകമാകും, അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച രീതിയിലാണ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ അതിന് അഭിനന്ദനം അര്‍ഹിക്കുന്നു.
ചുരുങ്ങിയ സമയം കൊണ്ട് മികച്ച രീതിയില്‍ സ്‌റ്റേഡിയങ്ങള്‍ പണിയാന്‍ സംസ്ഥാനത്തിനായി. മോദി സര്‍ക്കാര്‍ ജനങ്ങളെ വികസനത്തിലേക്ക് നയിക്കുമെന്നും കേരളമുള്‍പ്പെടെയുള്ളവര്‍ ടീം ഇന്ത്യയായി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നു വെങ്കയ്യ കൂട്ടിച്ചേര്‍ത്തു
കേരളത്തിന്റെ കായിക മേഖലയ്‌ക്ക് മുതല്‍കൂട്ടാകുന്ന ദേശീയ ഗെയിംസ് ഭാവിയില്‍ രാജ്യത്തിനാകെ അഭിമാനമുണ്ടാക്കുമെന്ന് കേന്ദ്രകായികമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അഭിപ്രായപ്പെട്ടു.
മെഡല്‍ നേടുന്ന കായികതാരങ്ങള്‍ക്ക് നല്‍കുന്ന പ്രോത്സാഹന സമ്മാനത്തുക ഉയര്‍ത്താന്‍ കായിക മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഏഷ്യന്‍, കോമണ്‍വെല്‍ത്ത്, ഒളിമ്പിക്‌സ് വേദികളില്‍ മികച്ച നേട്ടം കൊയ്യാനുള്ള പ്രേരണകൂടിയാണിത്.
കേരളത്തിന്റെ കായിക വികസനത്തിന് പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രസംഗിച്ചു.
















