തിരുവന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ജംബോ സംഘം. ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് 744 പേരാണ് കേരളത്തിനായി ഗെയിംസില്‍ മാറ്റുരയ്ക്കാനിറങ്ങുന്നത്.
33 മത്സര ഇനങ്ങളിലും മാറ്റുരയ്ക്കുന്ന കേരള ടീമില്‍ 391 പുരുഷതാരങ്ങളും 353 വനിതാ താരങ്ങളുമുണ്ട്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് പ്രീജാ ശ്രീധരന് ടീമിനെ നയിക്കും.
1987 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍ പട്ടം നേടിയ കേരള ടീം ആ പ്രകടനം വീണ്ടും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് കളത്തിലിറങ്ങുന്നത്.
2011ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ കേരളം ഏഴാം സ്ഥാനത്തായിരുന്നു. 70 സ്വര്‍ണ്ണവും 50 വെള്ളിയും 42 വെങ്കലവുമായി സര്‍വ്വീസസാണ് ആദ്യ ചാമ്പ്യന്മാരായത്. 30 സ്വര്‍ണവും 29 വെള്ളിയും 28 വെങ്കലവുമുള്‍പ്പെടെ 87 മെഡലുകളാണ് കേരളം റാഞ്ചിയില്‍ നേടിയത്. സര്‍വ്വീസസിന്റെയും റെയില്‍വേയുടെയും ഒഎന്‍ജിസിയുടെയും ബിഎസ്എഫിന്റെയും മലയാളി താരങ്ങളായ 39 പേര് കേരളത്തിനുവേണ്ടി അണിനിരക്കുന്നതാണ് കേരളത്തിന്റെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്നത്.
അത്ലറ്റിക്സ്, നീന്തല്‍, കാനോയിംഗ്, കയാക്കിംഗ്, ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ഖോ-ഖോ, ഹാന്‍ഡ്ബോള്‍, സൈക്ലിംഗ് ഇനങ്ങളില്‍ കേരളത്തിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അത്ലറ്റിക്സില് 90 പേരും നീന്തലില്‍ 40താരങ്ങളുമാണ് മത്സരിക്കുന്നത്. പരിശീലകരും മാനേജര്‍മാരും ഉള്‍പ്പെടെ 206 പേര് ടീമീനൊപ്പമുണ്ട്. ദേശീയ ഗെയിംസില്‍ ഇത്തവണ 100 മെഡല്‍ ഉറപ്പായും നേടുമെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും ദേശീയ ഗെയിംസിന്റെ കേരള സംഘത്തിന്റെ ചുമതലയുള്ള വില്‍സണ്‍ ചെറിയാനും പറയുന്നു.
റെയില്‍വേയില്‍ ജോലി ചെയ്യുന്ന പ്രീജ ശ്രീധരന്, മെര്ലിന്. കെ.ജോസഫ്, എം.എ. പ്രജുഷ്, ലിക്സി ജോസഫ്, നിക്സി ജോസഫ്, ബിബിന്‍ മാത്യു, ജോസഫ് ജി എബ്രഹാം, ജിതിന് പോള്‍, എം.രഞ്ജിത്ത്, കെ.പി.ബിമില്‍, പിന്റോ മാത്യു, പഞ്ചാബില്‍ ജോലി ചെയ്യുന്ന ഒ.പി ജയ്ഷ, ഒ.എന്‍.ജി.സി.യിലെ എസ്.സിനി, സര്‍വ്വീസസിലെ എന്‍എ.ഷമീര്‍മോന്‍, സജീഷ് ജോസഫ് എന്നിവര്‍ അത്ലറ്റിക്സില് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകലാണ്.
റെയില്‍വേയുടെ കപില്‍ദേവ്, മനുജോസഫ്, ടെറിന്‍ ആന്റണി, പൗര്‍ണിമ, സൗമ്യ എന്നിവര്‍ വോളി ബോളിലും ഒഎന്‍ജിസിയുടെ അപര്‍ണ ബാലന്, പി.സി.തുളസി, എസ്.എച്ച്. പ്രണോയ്, അരുണ്‍ വിഷ്ണു എന്നിവര്‍ ബാഡ്മിന്റനിലും റെയില്‍വേയുടെ സ്മൃതി ബാസ്ക്കറ്റ് ബോളിലും കേരളത്തിന് ശക്തിപകരും. ബിഎസ്എഫിന്റെ രഞ്ജിത്ത് മോഹന്‍, ബി.വിനു, ജോസഫ് ഫ്രാന്‍സിസ്, ഇന്ത്യന്‍ നേവിയിലെ ജി.മോഹിത, മംഗളം സിംഗ്, സുനില്‍കുമാര്‍, സൈമണ്‍ സിംഗ്, ഹിരണ്‍ കുമാര്‍, ശിവശങ്കരന് എന്നിവര്‍ കനോയിംഗ് കയാക്കിംഗ് ഇനങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി കളത്തിലിറങ്ങും.
സര്‍വ്വീസസിന്റെ ഷിനോജ് ജിംനാസ്റ്റിക്സിലും അന്താരാഷ്ട്രതാരമായ സാജന് പ്രകാശ് നീന്തലിലും സുവര്‍ണ പ്രതീക്ഷകളാണ്. നീന്തലില്‍ അന്താരാഷ്ട്ര താരങ്ങളായ അനൂപ് ആഗസ്റ്റിന്, ശര്‍മ്മ എസ്.പി നായര്‍, പൂജ ആര്.ആല്‍വ എന്നിവരും കേരളത്തിനുവേണ്ടി മത്സരത്തിനിറങ്ങും. 12 സ്വര്‍ണ്ണമാണ് കേരള ടീം നീന്തലില്‍ ഇത്തവണ സ്വപ്നംകാണുന്നത്.
ആതിഥേയ സംസ്ഥാനമെന്ന നിലയില്‍ ഓരോ ഇനങ്ങളിലും മൂന്നുപേര്‍ക്ക് മത്സരിക്കാവുന്നതും സ്വന്തം മണ്ണിലെ വേദികളും കാണികളുടെ പിന്തുണയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്. ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനവുമുണ്ട്. സ്വര്‍ണ്ണം നേടുന്നവര്‍ക്ക് അഞ്ചുലക്ഷവും വെള്ളി നേടുന്നവര്‍ക്ക് മൂന്നുലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് ഒരുലക്ഷവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.
















