ആന്റിഗ്വ: ലോകകപ്പിന് തയ്യാറെടുക്കുന്ന വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടീമിന് തിരിച്ചടിയേകി സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്ന്റെ പിന്മാറ്റം.
ബൗളിംഗ് ആക്ഷനില്‍ പൂര്ണതൃപ്തനല്ലാത്ത സാഹചര്യത്തില്‍ ലോകകപ്പ് കളിക്കേണ്ടെന്ന് നരെയ്ന് തീരുമാനിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ കൂടുതല്‍ സമയംവേണമെന്നാണ് നരെയ്ന്റെ നിലപാടെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
സെപ്തംബറില്‍ ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി കളിക്കവെയാണ് നരെയ്ന്റെ ആക്ഷന്‍ സംബന്ധിച്ച് സംശയമുയര്‍ന്നത്. നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ താരത്തെ ഐസിസി വിലക്കി. തുടര്‍ന്ന് ആക്ഷനിലെ പ്രശ്നം പരിഹരിക്കാന്‍ വിന്‍ഡീസ് ബോര്‍ഡ് സഹായം വാഗ്ദാനം ചെയ്തെങ്കിലും അതു നിരസിച്ച നരെയ്ന് സ്വന്തംനിലയില്‍ മുന്നോട്ടുപോയി.
പരിഷ്കരിച്ച ആക്ഷനുമായി ട്രിനിനാഡ് ആന്‍ഡ് ടുബാഗോയ്ക്കായി നാഗിക്കോ സൂപ്പര്‍ ഫിഫ്റ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത നരെയ്ന് പന്ത്രണ്ടു വിക്കറ്റുകള്‍ പിഴുത് തിളങ്ങുകയും ചെയ്തു. എന്നാല്‍ ലോകകപ്പ് പോലുള്ളൊരു വലിയ വേദിയില്‍ പന്തെറിയാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പറ്റില്ലെന്ന ചിന്ത നരെയ്നെ പിന്മാറാന് പ്രേരിപ്പിക്കുകയായിരുന്നു. ഡെയ്ന്‍ ബ്രാവോയ്ക്കും കെയ്റോണ്‍ പൊള്ളാര്‍ഡിനുമൊപ്പം നരെയ്നുംകൂടി കളിക്കാത്തത് വിന്‍ഡീസിന്റെ ലോകകപ്പ് പ്രതീക്ഷകളെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
















